20 July Saturday

മാവേലിക്കര സംഭവം ദാരുണം; ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Saturday Jun 15, 2019

തിരുവനന്തപുരം > മാവേലിക്കരയില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ തീവെച്ചുകൊന്ന സംഭവം ദാരുണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊല്ലപ്പെട്ട വള്ളികുന്നം സ്റ്റേഷനിലെ സിപിഒ സൗമ്യ പുഷ്‌കരന്റെ കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കു ചേരുന്നുവെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സമൂഹം നിതാന്ത ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഇന്ന് വൈകുന്നേരം മൂന്നരയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ആലുവ ട്രാഫിക് പൊലീസിലെ ഉദ്യോഗസ്ഥനായ അജാസാണ് കൊല നടത്തിയത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകവെ സൗമ്യയെ കാറിലെത്തിയ അജാസ് വാഹനമിടിപ്പിച്ചശേഷം വെട്ടിപ്പരിക്കേല്‍പ്പിച്ചു. ആക്രമിക്കുമെന്നു കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ കഴുത്തിനു വെട്ടി താഴെയിട്ടു. എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പെട്രോളൊഴിച്ചു കത്തിക്കുകയായിരുന്നു.

അജാസിന്റെ ശരീരത്തിലേക്കും തീ പടര്‍ന്നു. സൗമ്യയെ വെട്ടുന്നതിനിടയിലും ഇയാള്‍ക്കു പരുക്കേറ്റു.അക്രമത്തിന് ശേഷം ഓടി രക്ഷപെടാന്‍ ശ്രമിച്ച അജാസിനെ നാട്ടുകാര്‍ പിടികൂടുകയായിരുന്നു. വ്യക്തിവൈരാഗ്യമാകാം കൊലയ്ക്ക് പിന്നിലെന്നാണ് സൂചന.

മൂന്ന് കുട്ടികളുടെ അമ്മയാണ് സൗമ്യ. ഭര്‍ത്താവ് വിദേശത്ത് ജോലി ചെയ്യുകയാണ്. അക്രമിയെ പൊള്ളലേറ്റതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top