20 September Friday

ചെയർമാൻ പദവിയെച്ചൊല്ലി തർക്കം : കേരള കോൺഗ്രസ‌് ഇരുവഴിക്ക‌്

പ്രത്യേക ലേഖകൻUpdated: Saturday Jun 15, 2019


തിരുവനന്തപുരം
ചെയർമാൻ പദവിയെച്ചൊല്ലി തർക്കം രൂക്ഷമായി തുടരുന്നതിനിടെ കേരള കോൺഗ്രസിൽ പി ജെ ജോസഫ‌്, ജോസ‌് കെ മാണി വിഭാഗങ്ങൾ ശക്തിസമാഹരണ നീക്കം സജീവമാക്കി. സമവായത്തിന്റെ ഭാഗമായി സി എഫ‌് തോമസിനെ ചെയർമാനായി നിർദേശിച്ച ജോസഫിന്റെ ഫോർമുല ജോസ‌് കെ മാണി തള്ളി. ജോസഫ‌് വിഭാഗം തലസ്ഥാനത്ത‌് രഹസ്യ യോഗം ചേർന്ന‌് നിലപാടുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചു. ഇതറിഞ്ഞ‌് ഞായറാഴ‌്ച ജോസ‌് കെ മാണി കോട്ടയത്ത‌് യോഗം വിളിച്ചിട്ടുണ്ട‌്. 

ചെയർമാനെ തെരഞ്ഞെടുക്കാനുള്ള അധികാരം സംസ്ഥാന കമ്മിറ്റിക്കാണെന്ന‌ും പൊതുവേദിയിൽ ചർച്ചയ‌്ക്കില്ലെന്ന‌ും ജോസ‌് കെ മാണി ആവർത്തിച്ചു. എല്ലാ  മധ്യസ്ഥ ശ്രമങ്ങളും വഴിമുട്ടിയതോടെ ഏത‌് നിമിഷവും പിളർപ്പിന‌് കളമൊരുങ്ങി. കെ എം മാണിയുടെ വിശ്വസ‌്തനായിരുന്ന സി എഫ‌് തോമസിനെ മുന്നിൽനിർത്തി പാർടി പിടിക്കാനുള്ള കരുനീക്കമാണ‌് ജോസഫ‌് നടത്തുന്നത‌്. പഴയ മാണി ഗ്രൂപ്പുകാരായ മുൻ ചീഫ‌് വിപ്പ‌് തോമസ‌് ഉണ്ണിയാടൻ, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ജോയി എബ്രഹാം തുടങ്ങിയവർ ജോസഫിന്റെ യോഗത്തിൽ പങ്കെടുത്തു.  സമവായനീക്കവുമായി മുന്നോട്ട് പോകുമെന്ന് യോഗ ശേഷം മാധ്യമങ്ങളെ കണ്ട പി ജെ ജോസഫ് അറിയിച്ചു. സമവായ ശ്രമങ്ങളെ ജോസഫ‌് കളങ്കപ്പെടുത്തുകയാണെന്ന‌് റോഷി അഗസ്റ്റിൻ ആരോപിച്ചു.

സി എഫ‌് തോമസ‌് ചെയർമാനും ജോസ‌് കെ മാണി വൈസ‌് ചെയർമാനും താൻ നിയമസഭാ കക്ഷി ലീഡറുമായ നിർദേശമാണ‌് ജോസഫിന്റേത‌്. ഇത‌് അംഗീകരിച്ചാൽ തോമസ‌ിൽനിന്ന‌് ക്രമേണ ചെയർമാൻ പദവി ജോസഫിൽ എത്തിച്ചേരുമെന്ന‌് ജോസ‌് ഭയക്കുന്നു.


പ്രധാന വാർത്തകൾ
 Top