22 June Tuesday

കനത്ത മഴ: വ്യാപക നാശം

വെബ് ഡെസ്‌ക്‌Updated: Saturday May 15, 2021

കാറ്റിലും മഴയിലും കടപുഴകിയ തൃക്കാക്കര അമ്പലത്തിലെ ആൽമരം


കൊച്ചി
ശക്തമായ കാറ്റും മഴയും ഉണ്ടായതിനെ തുടർന്ന്‌ ജില്ലയിൽ നാലു ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കൊച്ചി താലൂക്കിൽ മൂന്നും കണയന്നൂർ താലൂക്കിൽ ഒരു ക്യാമ്പുമാണ് തുറന്നത്. നാല് ക്യാമ്പുകളിലുമായി എട്ട്‌ കുടുംബങ്ങളിൽനിന്നായി ആറ്‌ പുരുഷന്മാരും 16 സ്ത്രീകളും 14  കുട്ടികളുമുൾപ്പെടെ 36 അന്തേവാസികളാണുള്ളത്. ചെല്ലാനം സെന്റ് മേരീസ് ഹൈസ്കൂളിൽ പ്രവർത്തനം ആരംഭിച്ച ക്യാമ്പിൽ എട്ടുപേരും കണ്ടക്കടവ് സെന്റ് സേവ്യേഴ്‌സിൽ അഞ്ചുപേരും നായരമ്പലം ദേവിവിലാസം ഹൈസ്കൂളിൽ 15 പേരും കണയന്നൂർ താലൂക്കിൽ കടവന്ത്ര കേന്ദ്രീയ വിദ്യാലയത്തിൽ എട്ടുപേരുമാണുള്ളത്.
അടിയന്തര സാഹചര്യം നേരിടാൻ ജില്ലാ മെഡിക്കൽ ഓഫീസറുടെ അധ്യക്ഷതയിൽ ജില്ലാ പ്രോഗ്രാം ഓഫീസർമാരുടെയും  ദ്രുതകർമ സേനയുടെയും, സർവെയ്‌ലൻസ് യൂണിറ്റിന്റെയും ആരോഗ്യസ്ഥാപനങ്ങളിലെ സൂപ്രണ്ട്/മെഡിക്കൽ ഓഫീസർമാരുടെയും അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതി വിലയിരുത്തി നിർദേശങ്ങൾ നൽകി.

വെള്ളപ്പൊക്ക സാധ്യതയും കടലാക്രമണവും കിഴക്കൻ മേഖലകളിൽ മലയിടിച്ചിൽ സാധ്യതയും കണക്കിലെടുത്ത് ഏത് അടിയന്തര സാഹചര്യവും നേരിടാൻ ആശുപത്രികൾ സജ്ജമാക്കി. എല്ലാ ആരോഗ്യസ്ഥാപനങ്ങളും അതാത് പ്രദേശത്തെ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ദ്രുതകർമസേനയുടെ യോഗം ചേർന്ന് അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്‌. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കോവിഡ് ചികിത്സാകേന്ദ്രങ്ങളിൽ ആംബുലൻസ് സൗകര്യം ഉറപ്പുവരുത്തും.

ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിക്കുന്നവരിൽ പനി തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവരെ നിരീക്ഷിക്കുകയും പരിശോധിക്കുകയും മറ്റുള്ളവരുമായി സമ്പർക്കം വരാതെ കഴിയുന്നതിനുള്ള സ്വകര്യം ഒരുക്കുകയും ചെയ്യും. കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ്‌ ക്യാമ്പുകൾ പ്രവർത്തിക്കുക. ക്യാമ്പുകളിലേക്ക് മാറേണ്ടിവന്നാൽ ജീവിതശൈലീ രോഗങ്ങൾക്ക്  മരുന്നുകഴിക്കുന്നവരും സ്ഥിരമായി മരുന്നുകഴിക്കേണ്ടിവരുന്നവരും മരുന്നുകളും മരുന്നിന്റെ കുറിപ്പടിയും കൈയിൽ സൂക്ഷിക്കണം.

മരങ്ങൾ വീണു
കനത്തമഴയിലും കാറ്റിലും തൃക്കാക്കര വാമനമൂർത്തി അമ്പലത്തിലെ 100 വർഷത്തിനുമേൽ പഴക്കമുള്ള ആൽമരം കടപുഴകി. നിയുക്ത എംഎൽഎ പി രാജീവ് സ്ഥലം സന്ദർശിച്ചു.  തൃപ്പൂണിത്തുറ റോഡിൽ വൈറ്റിലയിൽ കെഎസ്ഇബി സബ്സ്റ്റേഷനുസമീപത്ത് റോഡരികിൽനിന്ന വൻമരം കടപുഴകി വീണു. വെള്ളിയാഴ്‌ച രാവിലെ 10.30ഓടെയാണ് റോഡിന് കുറുകെ മരം വീണത്. എറണാകുളം ഗാന്ധിനഗർ ഫയർ‌സ്റ്റേഷനിൽനിന്ന്‌ ഒരു യൂണിറ്റ് അഗ്നിരക്ഷാസേനാംഗങ്ങൾ മൂന്ന് മണിക്കൂർ പരിശ്രമിച്ചാണ് മരം മുറിച്ചുനീക്കിയത്. സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ എൻ അരുൺകുമാറിന്റെ നേതൃത്വത്തിലായിരുന്നു പ്രവർത്തനം. കലൂർ അശോക റോഡ്‌, ചളിക്കവട്ടം, ഇടപ്പള്ളി, നോർത്ത്‌ റെയിൽവേ സ്‌റ്റേഷൻ, ‌മറൈൻ ഡ്രൈവ്‌, ജഡ്‌ജസ്‌ അവന്യു എന്നിവിടങ്ങളിലും മരം വീണു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top