22 May Wednesday

ജോസഫിനെ ഇന്ന‌് ചെയർമാനായി പ്രഖ്യാപിച്ചേക്കും

എസ‌് മനോജ‌്Updated: Wednesday May 15, 2019

കേരള കോൺഗ്രസ‌് ചെയർമാനായിരുന്ന കെ എം മാണിയുടെ അനുസ‌്മരണ സമ്മേളനത്തിന്റെ പേരിൽ സംസ്ഥാന കമ്മിറ്റിയും ചേരാൻ പി ജെ ജോസഫ‌് വിഭാഗത്തിന്റെ ആലോചന. തിരുവനന്തപുരത്ത‌് ബുധനാഴ‌്ച വൈകിട്ട‌് നാലിന‌് മന്നം ഹാളിലാണ‌് അനുസ‌്മരണ സമ്മേളനം. അനുബന്ധമായി സംസ്ഥാന കമ്മിറ്റിയും ചേർന്ന‌് ജോസഫിനെ ചെയർമാനായി  തെരഞ്ഞെടുക്കാൻ  കരുനീക്കുന്നതായാണ‌് മറുവിഭാഗം പറയുന്നത‌്. ജോസ‌് കെ മാണിയുമായി കാര്യമായ കൂടിയാലോചനയില്ലാതെയാണ‌് യോഗം നിശ്ചയിച്ചത‌്. വിവിധ കക്ഷിനേതാക്കളെ അനുസ‌്മരണത്തിലേക്ക‌് ക്ഷണിച്ചിട്ടുണ്ട‌്. ജോസഫാണ‌് അനുസ‌്മരണ സമ്മേളനത്തിൽ അധ്യക്ഷൻ. ജോസ‌് കെ മാണി സമ്മേളനത്തിൽ എത്താനിടയില്ല.

ചൊവ്വാഴ‌്ച തന്നെ ജോസഫ‌് വിഭാഗം സംസ്ഥാന നേതാക്കളും സംസ്ഥാന കമ്മിറ്റി അംഗങ്ങളും കൂട്ടത്തോടെ തലസ്ഥാനത്തെത്തി. കേരള കോൺഗ്രസുകളുടെ അധികാര കൈയ്യടക്കലുകൾക്കും പിളർപ്പുകൾക്കും പിന്നിൽ ഇത്തരം നാടകങ്ങൾ സാധാരണമാണ‌്. ചെയർമാന്റെ അഭാവത്തിൽ, ആ ചുമതല വർക്കിങ‌് ചെയർമാനിൽ എത്തിച്ചേരുമെന്ന ഭരണഘടനാ വ്യവസ്ഥയുടെ ബലത്തിലാണ‌് ജോസഫ‌് ചെയർമാന്റെ ചുമതലയിൽ എത്തുന്നതായി ജനറൽ സെക്രട്ടറി ജോയി ഏബ്രാഹം സർക്കുലർ ഇറക്കിയത‌്.

ഈ താൽകാലിക അധികാരം സ്ഥിരം ചെയർമാൻ എന്നതിലേക്ക‌് എത്താൻ സംസ്ഥാന കമ്മിറ്റി ചേർന്നുള്ള തെരഞ്ഞെടുപ്പ‌് വേണം. തെരഞ്ഞെടുപ്പ‌് കമീഷൻ അംഗീകരിക്കുകയും വേണം. ഈ കടമ്പ കടക്കാനുള്ള രേഖയൊരുക്കുകയാണ‌് ജോസ‌് കെ മാണി വിരുദ്ധരുടെ നീക്കമെന്നാണ‌് എതിർവിഭാഗത്തിന്റെ സംശയം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top