19 October Saturday

സമൃദ്ധിയുടെ നാളുകൾക്കായി വിഷുക്കണിയൊരുങ്ങി

ജിബിന എ എസ‌്Updated: Monday Apr 15, 2019


കൊച്ചി
കണിയും കൈനീട്ടവും കൊന്നപ്പൂക്കളും പുത്തൻ പ്രതീക്ഷകളുമായി ഇതാ ഒരു വിഷുകൂടി. ഓട്ടുരുളിയിൽ വാൽക്കണ്ണാടിയും വെള്ളരിയും കൊന്നയും ഫലവർഗങ്ങളും പണവും സ്വർണവും ചേർത്തൊരുക്കിയ വിഷുക്കണിയോടെ പതിവുപോലെ വിഷുദിനത്തെ മലയാളികൾ വരവേറ്റു. സംസ്ഥാനത്തിന്റെ പ്രധാന വിളവെടുപ്പുത്സവമാണ് വിഷുവും വിഷുക്കാലവും. കൃഷിയിടങ്ങളിലെ ജീവിതവും കാർഷികനന്മയുമെല്ലാം ഓർമയായെങ്കിലും വിഷുക്കണിയും കൈനീട്ടവും സദ്യവട്ടങ്ങളും പുത്തൻ ഉടുപ്പുകളും പടക്കം പൊട്ടിക്കലുമായി മലയാളികളെല്ലാം ആഘോഷത്തിന്റെ നിറവിലാണ്.

ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം വിഷുദിനത്തിൽ വിഷുക്കണി ഒരുക്കിയിരുന്നു. കൃഷ്ണക്ഷേത്രങ്ങളിൽ പ്രത്യേക വഴിപാടുകളും പൂജകളും വിഷുവിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രം, ചോറ്റാനിക്കര ഭഗവതി ക്ഷേത്രം, എറണാകുളത്തപ്പൻ ക്ഷേത്രം തുടങ്ങിയ പ്രധാന ക്ഷേത്രങ്ങളിലെല്ലാം വിഷുക്കാഴ്ചകൾ ഒരുക്കി.

എറണാകുളം മാർക്കറ്റ്, ബ്രോഡ് വേ എന്നിവിടങ്ങളിലെല്ലാം ഞായറാഴ്ച വൈകിട്ട് കനത്ത തിരക്കാണ് അനുഭവപ്പെട്ടത്. കണിവയ്ക്കാനായി കണിവെള്ളരിയും ചക്കയും കൊന്നപ്പൂവും വാങ്ങാനെത്തിയവരായിരുന്നു കൂടുതലും. സാധാരണ ഞായറാഴ്ചകളിൽ വിജനമാകാറുള്ള മാർക്കറ്റും പരിസരവും വിഷുവരവേൽപ്പിനുള്ള തിരക്കിലായിരുന്നു. വിഷു പ്രമാണിച്ച് നഗരത്തിലെ പ്രധാന വസ്ത്രസ്ഥാപനങ്ങളെല്ലാം ഞായറാഴ്ച തുറന്ന് പ്രവർത്തിച്ചു.

പ്രളയം ഏറെ നാശംവിതച്ച ആലുവ, പറവൂർ, വൈപ്പിൻ മേഖലകളിലും ആഘോഷങ്ങൾക്ക് മങ്ങലേറ്റില്ല. തിരിച്ചുവരവിന്റെ പാതയിലുള്ള ചേന്ദമംഗലം കൈത്തറിസംഘങ്ങളും ഇക്കുറി വിഷു ആഘോഷമാക്കുന്നുണ്ട്. ഞായറാഴ്ച വൈകിട്ടോടെ വീടുകളിൽ പടക്കംപൊട്ടിക്കലിന് തുടക്കമായി. പൂത്തിരിയും കമ്പിത്തിരിയും ആഘോഷത്തെ വർണാഭമാക്കി.

എറണാകുളം കെഎസ്ആർടിസി ഡിപ്പോയിൽനിന്ന് വിഷുദിനത്തിലും പതിവുപോലെ സർവീസുകളുണ്ടാകുമെന്ന് കെഎസ്ആർടിസി അറിയിച്ചു. പതിവ് ഷെഡ്യൂളുകളിലെല്ലാം ബസുകൾ സർവീസ് നടത്തും. വിഷു റെഡിമെയ്ഡ് സദ്യകൾ പല ഹോട്ടലുകളും തയ്യാറാക്കിയിട്ടുണ്ട്. ദിവസങ്ങൾക്കുമുമ്പേ ഇ–--ലോകത്ത് വിഷു ആഘോഷം തുടങ്ങിയിരുന്നു. ആശംസകൈമാറ്റവും തകൃതിയിൽ നടക്കുന്നുണ്ട്. ഫെയ്‌സ്ബുക്കിൽ ജിഫ് വിഷു ആശംസകളും വാട്‌സാപ്പിലും ടെലിഗ്രാമിലും സ്റ്റിക്കറുകളുമാണ് ഇക്കുറി ഇ–--ലോകത്തെ താരങ്ങള്‍.


പ്രധാന വാർത്തകൾ
 Top