24 June Monday

കഞ്ചാവുമായി ലിഫ‌്റ്റ‌് ചോദിച്ചത‌് എക‌്സൈസ‌് സ‌്ക്വാഡ‌് അംഗത്തിന്റെ ബൈക്കിൽ: യുവാവ‌് പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Apr 15, 2019


കൊച്ചി
അപരിചിതരായ ഇരുചക്ര വാഹനയാത്രികരെ കരുവാക്കി കഞ്ചാവ് കടത്തുന്ന യുവാവ‌് പിടിയിൽ. ആലപ്പുഴ കഞ്ഞിക്കുഴി സ്വദേശി മൻസീൽ വീട്ടിൽ മാഹിൻ (19) ആണ‌് ഒന്നേകാൽ കിലോ കഞ്ചാവുമായി പിടിയിലായത‌്. എക‌്സൈസ‌് സ‌്പെഷ്യൽ സ‌്ക്വാഡ‌് അംഗത്തിന്റെ ബൈക്കിൽ ലിഫ‌്റ്റ‌് ചോദിച്ച‌് കഞ്ചാവ‌് കടത്താൻ ശ്രമിക്കവെയാണ‌് ഇയാൾ പിടിയിലായത‌്.

ഇരുചക്ര വാഹനങ്ങൾക്ക് കൈകാണിച്ച് അതിൽ യാത്രചെയ്യുമ്പോൾ പരിശോധനയുണ്ടായാൽ വാഹനങ്ങളുടെ കരിയറിൽ കൈവശമുള്ള കഞ്ചാവ് ബാഗ് തൂക്കിയിടാനും പിടിക്കപ്പെട്ടാൽ വാഹന ഉടമയുടെ തലയിൽ കുറ്റംചാരാനുമാണ‌് ഇയാൾ ലക്ഷ്യമിട്ടത‌്. എന്നാൽ, കണക്കുകൂട്ടലുകൾ തെറ്റിച്ച് പ്രതി ലിഫ്റ്റ് ആവിശ്യപ്പെട്ടത് പ്രത്യേക നിരീക്ഷണങ്ങൾക്കായി നിയോഗിച്ച എക്സൈസ് ഷാഡോ സംഘാംഗത്തിന്റെ ബൈക്കിലായിരുന്നു. പ്രതി വാഹനത്തിൽ കയറിയതും കഞ്ചാവിന്റെ രൂക്ഷഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന‌് വാഹനം നിർത്തി പ്രതിയെ തടഞ്ഞുവച്ചു. തുടർന്ന‌് എക‌്സൈസ‌് പട്രോളിങ‌് സംഘത്തിനെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

നഗരത്തിലെ സ്വകാര്യ ഹോട്ടലിൽ കുക്കായി ജോലി ചെയ്യുന്ന പ്രതി ശനിയാഴ്ച നാട്ടിലേക്ക് പോകുമ്പോൾ അവിടെയുള്ള ചെറുകിട കച്ചവടക്കാർക്ക് കഞ്ചാവ‌്  വിതരണം നടത്തിവരികയായിരുന്നു. നിരവധി തവണ ഇപ്രകാരം കഞ്ചാവു കടത്തിയതായി പ്രതി എക്സൈസിനോട് സമ്മതിച്ചു.

എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ‌് ആന്റി നാർക്കോട്ടിക‌് സ്പെഷ്യൽ സ്ക്വാഡ്  ഇൻസ്പെക‌്ടർ പി ശ്രീരാജിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ രാംപ്രസാദ്, ജയൻ, സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺ, റൂബൻ, സിദ്ധാർഥകുമാർ എന്നിവർ പങ്കെടുത്തു.


പ്രധാന വാർത്തകൾ
 Top