29 May Friday

പ്രചാരണം അവസാന ലാപ്പിൽ

കെ ശ്രീകണ‌്ഠൻUpdated: Monday Apr 15, 2019തെരഞ്ഞെടുപ്പ‌ുപ്രചാരണം അവസാനലാപ്പിലേക്ക‌് കടന്നപ്പോൾ കേരളം തിളച്ചുമറിയുകയാണ‌്. ശബരിമലയുടെ പേരിൽ നുണക്കഥകളുമായി രംഗത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക‌് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ ചുട്ടമറുപടി പ്രചാരണരംഗത്ത‌് ആവേശക്കാറ്റായി. ബൂത്തിലേക്ക‌്  എത്താൻ ശേഷിക്കുന്ന ഏഴു നാൾ പ്രചാരണം കത്തിക്കാളും.

പ്രചാരണം അന്തിമഘട്ടത്തിലേക്ക‌് കടക്കുമ്പോൾ യുഡിഎഫിന്റെയും ബിജെപിയുടെയും ആത്മവിശ്വാസം ചോർന്നു തുടങ്ങിയിരിക്കുകയാണ‌്. ശബരിമല തെരഞ്ഞെടുപ്പ‌് വിഷയമായി ഉയർത്തിക്കൊണ്ടുവരാനുള്ള കരുനീക്കം ഈ വേവലാതിയിൽനിന്നാണ‌്.

പ്രചാരണത്തിന്റെയും പ്രവർത്തനങ്ങളുടെയും ചിട്ടയിലൂടെ ആദ്യഘട്ടംമുതൽ എൽഡിഎഫ‌് കൈവരിച്ച മേൽക്കൈ അവസാന നാളുകളിലും അതേപടി മുന്നേറുകയാണ‌്. സംസ്ഥാന സർക്കാരിനെതിരെ ഒരു മേഖലയിലും ഭരണവിരുദ്ധവികാരം ദൃശ്യമല്ലാത്തതും വികസനപ്രവർത്തനങ്ങളും ഭരണ നേട്ടങ്ങളും നല്ലനിലയിൽ ചർച്ച ചെയ്യാൻ വഴിയൊരുക്കിയതും അനുകൂല ഘടകമായി മാറും. ദേശീയ രാഷ‌്ട്രീയവും കോൺഗ്രസിന്റെ വിശ്വാസ്യതയില്ലായ‌്മയും ബിജെപിയുടെ വിഷലിപ‌്തമായ വർഗീയതയും വോട്ടർമാർക്കിടയിൽ ചർച്ച ചെയ്യപ്പെട്ടു.

രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വം വഴി പ്രതീക്ഷിച്ച തോതിൽ മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞില്ലെന്ന‌് കോൺഗ്രസ‌് നേതൃത്വത്തിന‌് ബോധ്യമായി. വയനാട്ടിൽ രാഹുൽ എത്തിയ ദിവസം അരങ്ങേറിയ റോഡ‌്ഷോ കോൺഗ്രസ‌് നേതൃത്വത്തിന‌് പകർന്ന ആവേശത്തിന്റെ തീവ്രത ചോർന്നിരിക്കുകയാണ‌്. രാഹുലിന്റെ ഷോയെ വെല്ലുന്ന പ്രകടനം എൽഡിഎഫ‌് വയനാട്ടിൽ കാഴ‌്ചവച്ചത‌് കോൺഗ്രസ‌് നേതൃത്വത്തെ ഞെട്ടിച്ചു. കർഷകരുടെ ലോങ് മാർച്ചും വീട‌് കയറിയുള്ള പ്രചാരണവും എൽഡിഎഫിന്റെ മിന്നുന്ന പ്രകടനമായി മാറി. കേരളത്തിലെ 20 മണ്ഡലങ്ങളിലെ സ്ഥാനാർഥികളിൽ ഒരാളായി മാത്രം രാഹുൽ മാറിയെന്നതാണ‌് ശ്രദ്ധേയം. രാഹുൽ തരംഗം മോഹിച്ച കോൺഗ്രസ‌് നേതൃത്വത്തിന്റെ മുഖത്ത‌് ഇപ്പോൾ നിരാശയുടെ നിഴലാട്ടം തെളിഞ്ഞുതുടങ്ങി.

കോൺഗ്രസ‌് പരമ്പരാഗതമായി അവകാശപ്പെട്ടു വരുന്ന ന്യൂനപക്ഷ പിന്തുണ ഇത്തവണ അവരുടെ പ്രതീക്ഷ ഇടിച്ചിട്ടുണ്ട‌്. കോൺഗ്രസുകാർ നിരനിരയായി ബിജെപിയിലേക്ക‌് ചേക്കേറിയതും ബിജെപിയുടേതിന‌് സമാനമായി വർഗീയതയെ വാരിപ്പുണരുന്നതും ന്യൂനപക്ഷ വിഭാഗക്കാർക്ക‌് മാറി ചിന്തിക്കാൻ പ്രേരണയായിട്ടുണ്ട‌്. ദേശീയാടിസ്ഥാനത്തിൽ ബിജെപിക്കെതിരെ ശക്തമായ എതിർപ്പ‌് ഉയർത്താൻ കോൺഗ്രസിന‌് കഴിയില്ലെന്ന‌് ന്യൂനപക്ഷങ്ങളെ ബോധ്യപ്പെടുത്തുന്നതിൽ എൽഡിഎഫിന‌് വലിയതോതിൽ മുന്നോട്ടുപോകാനും കഴിഞ്ഞു.

മുസ്ലിംലീഗിനെതിരെ ബിജെപി ഉയർത്തിയ പാക‌്പതാക, വൈറസ‌് വിമർശനങ്ങളെ പ്രതിരോധിക്കുന്നതിൽ കോൺഗ്രസ‌് തണുപ്പൻ സമീപനമാണ‌് സ്വീകരിച്ചത‌്. എന്നാൽ, ബിജെപി നേതാക്കളുടെ പരാമർശങ്ങൾക്കെതിരെ കടുത്ത നിലപാട‌് എൽഡിഎഫ‌് സ്വീകരിച്ചത‌് ന്യൂനപക്ഷങ്ങൾക്കിടയിൽ മതിപ്പ‌് ഉളവാക്കിയിട്ടുണ്ട‌്.
പ്രചാരണത്തിന്റെ ആദ്യഘട്ടത്തിൽ കരുതിയ പോലെ ശബരിമല വിഷയം വോട്ടാക്കി മാറ്റാമെന്ന കണക്ക‌്കൂട്ടൽ തെറ്റിയെന്ന‌് ഇരുകൂട്ടർക്കും ബോധ്യമായി.
ബിജെപിയുടെ ഈ തിരിച്ചറിവാണ‌് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വ്യാജ പ്രചാരണങ്ങൾക്ക‌് പ്രചോദനം. അയ്യപ്പന്റെ പേര‌് പറഞ്ഞാൽ കേരളത്തിൽ പൊലീസ‌് അറസ‌്റ്റ‌് ചെയ്യുമെന്ന പ്രചാരണമാണ‌് മോഡി അഴിച്ചുവിട്ടത‌്.

എന്നാൽ പ്രധാനമന്ത്രി പച്ചക്കള്ളം പറയുകയാണെന്നും രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചടിച്ചു. ആചാരലംഘനത്തിെന്റെ പേരിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ നോക്കിയ ബിജെപിയും കോൺഗ്രസും ഇപ്പോൾ വെട്ടിലായിരിക്കുകയാണ‌്. ഇതാണ‌് പ്രധാനമന്ത്രിയെ നുണപ്രചരണത്തിന്‌ പ്രേരിപ്പിക്കുന്നത്‌.

പല മണ്ഡലങ്ങളിലും ബിജെപിയും കോൺഗ്രസും രഹസ്യമായി ഉണ്ടാക്കിയ ധാരണ വെളിച്ചത്തായതും പ്രതീക്ഷ തെറ്റിച്ചു. തിരുവനന്തപുരത്ത‌് ശശി തരൂരിന്റെ പ്രചാരണം മന്ദഗതിയിലാണെന്ന‌് അദ്ദേഹത്തിന‌്  തന്നെ എഐസിസിക്ക‌് പരാതി നൽകേണ്ടിവന്നു. അഞ്ച‌് മണ്ഡലങ്ങളിലെ കോൺഗ്രസ‌് സ്ഥാനാർഥികൾ കുതികാൽവെട്ടിന‌് സാധ്യതയുണ്ടെന്ന‌് പരാതി നൽകിയിട്ടുണ്ട‌്.

ഈ ആഴ‌്ച കേരളത്തിലെ പ്രചാരണ രംഗത്ത‌് ദേശീയ നേതാക്കളുടെ വൻനിര  അണിനിരക്കും. സീതാറാം യെച്ചൂരി, പ്രകാശ‌്കാരാട്ട‌്, സുഭാഷിണി അലി, മുഖ്യമന്ത്രി പിണറായി വിജയൻ, കോടിയേരി ബാലകൃഷ‌്ണൻ തുടങ്ങിയവർ എൽഡിഎഫിന‌് ആവേശം പകരും. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവർ യുഡിഎഫിനായി പ്രചാരണത്തിനെത്തും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top