03 June Wednesday

സൗദി വിമാനങ്ങൾ കാലിയായി പറന്നു; പ്രതിഷേധവുമായി യാത്രക്കാർ

വെബ് ഡെസ്‌ക്‌Updated: Monday Mar 16, 2020

കരിപ്പൂർ

കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് സൗദി എയർലൈൻസ് വിമാനങ്ങൾ യാത്രക്കാരില്ലാതെ പറന്നു. ഞായറാഴ്ച രാവിലെ 9.15നും പകൽ 11.25 നുമുള്ള രണ്ട് വിമാനങ്ങളാണ് യാത്രക്കാരില്ലാതെ (ഫെറി സർവീസ്) സൗദിയിലേക്ക് പറന്നത്. യാത്രചെയ്യാൻ കഴിയുമെന്ന് കരുതി കരിപ്പൂരിലെത്തിയവർ  വിമാനത്താവളത്തിന് പുറത്ത് ബഹളംവച്ചു. സൗദി എയർ ജീവനക്കാരനെ കൈയ്യേറ്റംചെയ്യാൻ ശ്രമിക്കുകയും ചെയ്തു. സൗദിക്ക് പുറത്തുള്ള അവരുടെ പൗരൻമാർക്കും സൗദി റസിഡന്റ് വിസയുള്ള മറ്റ് രാജ്യങ്ങളിലെ പൗരൻമാർക്കും രാജ്യത്തേക്ക് മടങ്ങാൻ സൗദി സർക്കാർ അനുവദിച്ച സമയപരിധി തീർന്നതിനാലാണ്‌ സൗദി വിമാനങ്ങൾ യാത്രക്കാരില്ലാതെ പറന്നത്.

റിയാദിലേക്കുള്ള സൗദി എയർ വിമാനം എസ് വി 893ൽ 296 യാത്രക്കാരാണ് ടിക്കറ്റ് ബുക്ക് ചെയ്തത്. 11.25നുള്ള എസ് വി 747 വിമാനത്തിൽ 388 പേരും. ഇവരെ കൊണ്ടുപോകാതെ 12 സൗദി പൗരൻമാരുമായി വിമാനം തിരിച്ച് പോയെന്ന അഭ്യൂഹമാണ് യാത്രക്കാരെ ക്ഷുഭിതരാക്കിയത്.

വിമാനത്തിൽ യാത്രചെയ്യാൻ സാധിക്കില്ലെന്ന  വിവരത്തിന്റെ അടിസ്ഥാനത്തിൽ യാത്രക്കാരെ ടെർമിനലിനകത്ത് പ്രവേശിപ്പിച്ചില്ല. പുറത്തെ കൗണ്ടറിലുള്ള ജീവനക്കാരനെയാണ് റിയാദ് വിമാനത്തിലെ യാത്രക്കാർ കൈയ്യേറ്റംചെയ്യാൻ ശ്രമിച്ചത്‌.   ഈ വിമാനങ്ങളിൽ പോകുന്നതിനായി ഞായറാഴ്ച രാവിലെ ആറിനും എട്ടിനും യാത്രക്കാർ കരിപ്പൂരിലെത്തിയിരുന്നു. എന്നാൽ ഇവരെ ടെർമിനലിനകത്തേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. രണ്ട് വിമാനങ്ങളും സൗദിയിലേക്ക് തിരിച്ച് പറന്നതോടെ യാത്രക്കാർ വീടുകളിലേക്ക് മടങ്ങി.


പ്രധാന വാർത്തകൾ
 Top