19 March Tuesday

എന്നും പൂക്കുന്ന നന്മമരമായി ആലുവ ഡയാലിസിസ‌് സെന്റർ

വെബ് ഡെസ്‌ക്‌Updated: Friday Mar 15, 2019


സ്വന്തം ലേഖകൻ
ആലുവ
എട്ടുവർഷംമുമ്പ‌് ഗവ. താലൂക്ക‌ാശുപത്രിയിൽ ഡയാലിസിസ‌് സെന്റർ എന്ന ആശയം രാജ്യസഭാ എംപിയായിരുന്ന പി രാജീവ‌് മുന്നോട്ടുവയ‌്ക്കുമ്പോൾ രാജ്യത്ത‌് അത്തരമൊരു മുൻ മാതൃകയില്ലായിരുന്നു. പൊതുമേഖലയിൽ മെഡിക്കൽ കോളേജുകളിൽമാത്രമായിരുന്നു ഈ സംവിധാനം. എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന‌് 25 ലക്ഷം രൂപ ചെലവിട്ട‌് 2011ൽ ആലുവ താലൂക്കാശുപത്രിയിൽ സ്ഥാപിച്ച റീജണൽ ഡയാലിസിസ് സെന്റർ ഇന്ന് ആയിരങ്ങൾക്ക‌് ആശ്വാസമേകുന്ന നന്മമരമായി തണൽവിരിച്ച‌് നിൽക്കുകയാണ്. ഓണവും പെരുന്നാളും ക്രിസ‌്മസുമൊക്കെ ഇവിടത്തെ രോഗികൾക്കും ജീവനക്കാർക്കുമൊപ്പം ആഘോഷിക്കാറുള്ള പി രാജീവ‌് ലോക വൃക്കദിനമായ വ്യാഴാഴ‌്ച ഇവിടെ എത്തുമ്പോൾ ഈറനണിഞ്ഞ കണ്ണുകളോടെയാണ‌് രോഗികളും ബന്ധുക്കളും ചുറ്റുംകൂടിയത‌്.

വൃക്കദിനത്തിൽ സംഘടിപ്പിച്ച  കൂട്ടായ്മയിൽ പങ്കെടുക്കാനാണ‌് എറണാകുളത്തെ എൽഡിഎഫ‌് സ്ഥാനാർഥി പി രാജീവ‌് എത്തിയത‌്. രോഗികളെ പേരെടുത്തുവിളിച്ച‌് സുഖവിവരങ്ങളാരാഞ്ഞും ഡോക്ടർമാരോടും ജീവനക്കാരോടും പ്രശ്‌നങ്ങൾ ചോദിച്ചറിഞ്ഞും രാജീവ് അവരുടെ ഹൃദയംതൊട്ടു.സെന്ററിന്റെ വികസനത്തുടർച്ചയായി വൃക്ക മാറ്റിവയ‌്ക്കലിന‌് സൗകര്യമൊരുക്കാൻ ശ്രമിക്കുമെന്ന് പി രാജീവ് പറഞ്ഞു. കേരളത്തിൽ ചികിത്സാരംഗത്ത് ചാർജ് വർധിക്കാത്തത് ഡയാലിസിസ് മേഖലയിൽമാത്രമാണ‌്. റേഷൻ കടയുണ്ടെങ്കിൽ പൊതുവിപണിയിൽ വില കൂടാത്തതുപോലെ ഡയാലിസിസ് നിരക്ക് പിടിച്ചുനിർത്തുന്നത് പൊതുസംവിധാനത്തിലുള്ള ഡയാലിസിസ് സെന്ററുകളാണ്. ഇത് കൂടുതൽ ശക്തിപ്പെടുത്താൻ ശ്രമിക്കുകയാണ്. ഡയാലിസിസ് സെന്ററുമായി ബന്ധപ്പെട്ട അനുഭവങ്ങളിൽനിന്നാണ് ജൈവകൃഷിപോലുള്ള ആശയങ്ങളിലേക്ക് വന്നതെന്നും പി രാജീവ് പറഞ്ഞു.

2011ൽ ഏഴു ഡയാലിസിസ് മെഷീനുകളുമായി തുടക്കംകുറിച്ച‌ സെന്ററിൽ ഇന്ന് 26 മെഷീനുകളായി. സ്വകാര്യ ആശുപത്രികളിൽ 3000 രൂപവരെ ഈടാക്കുന്ന ഡയാലിസിസ് 200 രൂപ നിരക്കിലാണ‌് ഇവിടെ ചെയ്യുന്നത‌്. 88,000 ഡയാലിസിസുകൾ ഇതുവരെ നടന്നു. ഈ മാതൃക പിന്തുടർന്ന‌് സംസ്ഥാനത്തെ വിവിധ താലൂക്കാശുപത്രിയിൽ ഇപ്പോൾ 34 ഡയാലിസിസ് യൂണിറ്റുകൾ പ്രവർത്തിക്കുന്നു.

കേരളത്തിലെ ആദ്യത്തെ ഡയാലിസിസ് ടെക്‌നീഷ്യൻ കോഴ്‌സ് ഇവിടെ ആരംഭിക്കാൻ പോകുകയാണ്. ഡയാലിസിസ് ടെക്‌നീഷ്യൻ കോഴ്‌സും പാരാമെഡിക്കൽ ലാബ് ടെക്‌നീഷ്യൻ കോഴ്‌സുമാണ് ആരംഭിക്കുന്നത്. പത്തുലക്ഷം രൂപ ചെലവിട്ട് ഇതിനുള്ള സജ്ജീകരണങ്ങൾ ഒരുക്കി. ഈ കോഴ്‌സുകൾ ആരംഭിക്കുന്നതോടെ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡയാലിസിസ് സെന്ററുകളിൽ ക്വാളിഫൈഡ് ടെക്‌നീഷ്യന്മാരെ ലഭ്യമാക്കാൻ കഴിയുമെന്ന് ഡയാലിസിസ് സെന്ററിന്റെ ചുമതല വഹിക്കുന്ന ഡോ. എൻ വിജയകുമാർ പറഞ്ഞു. ആശുപത്രി സൂപ്രണ്ട് ഡോ. പ്രസന്നകുമാരി, നെഫ്രോളജിസ്റ്റ് ഡോ. ജോസഫ് കെ ജോസഫ് എന്നിവരും പങ്കെടുത്തു.


പ്രധാന വാർത്തകൾ
 Top