26 March Tuesday

മണപ്പുറം ചുട്ടുപഴുക്കുന്നു ; പോത്തിൻകൂട്ടം തുരുത്തിലെ കൃഷിയിടങ്ങളിലേക്ക്

വെബ് ഡെസ്‌ക്‌Updated: Friday Mar 15, 2019


ആലുവ
പരുന്തുറാഞ്ചി മണപ്പുറത്ത് മേഞ്ഞുനടന്നിരുന്ന പോത്തുകൾ കൂട്ടത്തോടെ തുരുത്തിലേക്ക് താവളം മാറ്റിയതോടെ കർഷകർ ആശങ്കയിൽ. മണപ്പുറത്തെ പുല്ല് തിന്നും പുഴയിലെ വെള്ളം കുടിച്ചും പരുന്തുറാഞ്ചി മണപ്പുറത്ത് മേഞ്ഞിരുന്ന നൂറോളം പോത്തുകളാണ് വേനൽച്ചൂട് കനത്തതോടെ തുരുത്തിലേക്ക് കുടിയേറിയത്. പുല്ല് കരിഞ്ഞുണങ്ങിയതോടൊപ്പം ചൂട് താങ്ങാനാകാതെ വന്നതാണ് ഇവയെ മണപ്പുറം വിടാൻ പ്രേരിപ്പിച്ചത്.

പ്രളയത്തിൽ നശിച്ച കൃഷിയിടങ്ങൾ കർഷക പരിശ്രമത്താൽ വീണ്ടും പച്ചപ്പണിഞ്ഞപ്പോഴാണ് പോത്തുകൂട്ടങ്ങൾ കൃഷിക്ക‌് ഭീഷണിയായി തുരുത്ത‌് കയറിയിരിക്കുന്നത്. വാഴക്കൃഷിയും പച്ചക്കറിയും വിളവെടുപ്പിന് പാകമായ നിലയിലാണ്. പോത്തിൻപറ്റം ഇവ നശിപ്പിക്കാതെ നോക്കാനുള്ള പങ്കപ്പാടിലാണ് കൃഷിക്കാർ. തോട്ടങ്ങൾക്ക് കാവൽ ഏർപ്പെടുത്താനും ആലോചിക്കുന്നുണ്ട്.

കിടാരികൾ ആയിരിക്കുമ്പോൾത്തന്നെ ഉടമസ്ഥർ പരുന്തുറാഞ്ചി മണപ്പുറത്തേക്ക് വിടുന്നതാണ് പോത്തിൻപറ്റത്തെ. തിന്നും കുടിച്ചും മണപ്പുറത്തുതന്നെ കഴിയുന്ന ഇവയെ വളർച്ചയെത്തി വിൽപ്പനയ‌്ക്ക് പാകമാകുമ്പോൾമാത്രമാണ് ഉടമസ്ഥർ ഇവിടെനിന്ന‌് കൊണ്ടുപോകുന്നത്. കാര്യമായ മുതൽമുടക്കില്ലാതെ ചെയ്യാവുന്ന ലാഭകരമായ കച്ചവടമായതിനാൽ ഏറെപ്പേർ ഈ രംഗത്തുണ്ട്. പുഴ നീന്തി പോത്തുകൾ കരയിലേക്ക് കയറിയത് പ്രദേശത്തെ കർഷകരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.


പ്രധാന വാർത്തകൾ
 Top