23 March Saturday

വടക്കന്റെ കൂടുമാറ്റം കോൺഗ്രസിനെ വിശ്വസിക്കാനാവില്ലെന്നതിന് തെളിവ്: കോടിയേരി

വെബ് ഡെസ്‌ക്‌Updated: Friday Mar 15, 2019


കോട്ടക്കൽ
ഇന്നലെ കോൺഗ്രസുകാരായവരാണ് ഇന്നത്തെ ബിജെപിയെന്ന് ടോം വടക്കൻ കോൺഗ്രസ് വിട്ടതോടെ തെളിഞ്ഞതായി സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കോൺഗ്രസുകാരെ വിശ്വസിക്കാനാകില്ല. ബിജെപിയിൽ ചേർന്ന വടക്കനാണ് ചാനലുകളിൽ കുറേക്കാലമായി കോൺഗ്രസിനുവേണ്ടി വാദിച്ചത്. മതനിരപേക്ഷത സംരക്ഷിക്കാനും ബിജെപിയെ പ്രതിരോധിക്കാനും ഇടതുപക്ഷത്തിനു മാത്രമേ കഴിയൂ. -എൽഡിഎഫ് പൊന്നാനി ലോക‌്സഭാ മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.

ഗുജറാത്തിൽ അഞ്ച‌് എംഎൽഎമാർ കഴിഞ്ഞദിവസം ബിജെപിയിൽചേർന്നു. അഞ്ചു വർഷത്തിനിടെ 200 എംഎൽഎമാരാണ് വിവിധ സംസ്ഥാനങ്ങളിൽ കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയത്. ബിജെപിക്കെതിരായ പോരാട്ടത്തിൽ കോൺഗ്രസിനെ വിശ്വസിക്കാനാവില്ലെന്നതിന് തെളിവാണിത്. കോൺഗ്രസ് തീരുമാനം നടപ്പാക്കാൻ വിധിക്കപ്പെട്ടവരാണ് ലീഗ് എംപിമാർ. മുത്തലാഖ് ബില്ലിന്റെ ചർച്ചയിൽ പി കെ കുഞ്ഞാലിക്കുട്ടി പങ്കെടുത്തില്ല. പങ്കെടുത്ത ഇതര എംപി കോൺഗ്രസുകാർക്കൊപ്പം വാക്കൗട്ട് നടത്തി.

  പൊന്നാനിയിൽ പി വി അൻവറിനെ എൽഡിഎഫ് സ്ഥാനാർഥിയാക്കിയത് പുതിയ ചരിത്രം സൃഷ്ടിക്കാനാണ്. നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിനെ തോൽപ്പിച്ച് അൻവർ ചരിത്രം സൃഷ്ടിച്ചു. ഇപ്പോൾ പൊന്നാനിയിൽ വന്നത് വെറുതെയല്ല. പൊന്നാനിയെ മാറ്റാനാണ്.  എൽഡിഎഫ് സർക്കാർ സാമൂഹ്യനീതിയിൽ അധിഷ്ഠിതമായാണ് പ്രവർത്തിക്കുന്നത്. പാവപ്പെട്ടവരുടെ കുടിലുകളിൽ വികസനനേട്ടം എത്തിച്ചു. 51 ലക്ഷം പേർക്കാണ് പെൻഷൻ നൽകുന്നത്. കർഷകർക്ക് വർഷത്തിൽ 14,400 രൂപ പെൻഷനായി നൽകുമ്പോൾ മോഡി സർക്കാർ 6000 രൂപ കൊടുക്കുമെന്ന് പറയുന്നു. ആദ്യം 2000 രൂപയാണ് കൊടുക്കുക. ബാക്കി തുകയൊന്നും കിട്ടാൻ പോകുന്നില്ല. കേരളത്തിൽ ബിജെപി ഈ തെരഞ്ഞെടുപ്പിലും അക്കൗണ്ട് തുറക്കില്ലെന്നും കോടിയേരി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top