08 April Wednesday

വെടിയുണ്ട കാണാതായ സംഭവം അന്വേഷണസംഘം വിപുലീകരിക്കും ; തോക്കുകൾ തിങ്കളാഴ്‌ച വീണ്ടും പരിശോധിക്കും

വെബ് ഡെസ്‌ക്‌Updated: Friday Feb 14, 2020

പ്രത്യേക സായുധ സേനയിൽ(എസ്‌എപി)നിന്ന്‌ വെടിയുണ്ടകൾ കാണാതായ സംഭവം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച്‌ സംഘത്തെ വിപുലീകരിക്കും. അന്വേഷണ മേൽനോട്ടം ഐജി എസ്‌ ശ്രീജിത്തിന്‌ കൈമാറുമെന്നും ക്രൈംബ്രാഞ്ച്‌ മേധാവി ടോമിൻ ജെ തച്ചങ്കരി പറഞ്ഞു. 1996 മുതൽ 2018 വരെ എസ്‌എപിയിൽ സൂക്ഷിച്ച വെടിയുണ്ടകൾ കാണാതായെന്ന പരാതിയിലാണ്‌ അന്വേഷണം.

യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ പൊലീസ്‌ അക്കാദമിയിലേക്ക്‌ കൊണ്ടുപോയ വെടിയുണ്ടകളിൽ 200 എണ്ണത്തിന്റെ കുറവുണ്ടായിരുന്നു. വിശദമായ അന്വേഷണത്തിന്‌ ബറ്റാലിയൻ ഡിഐജി നൽകിയ ശുപാർശ അന്ന്‌ ആഭ്യന്തരവകുപ്പ്‌ മറച്ചുവച്ചു. രമേശ്‌ ചെന്നിത്തലയായിരുന്നു അന്ന്‌ ആഭ്യന്തരമന്ത്രി. എൽഡിഎഫ്‌ സർക്കാർ അധികാരത്തിൽ വന്നതോടെ 2017ൽ ഇതേക്കുറിച്ച്‌ അന്വേഷിക്കാൻ ഉന്നത ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി. തുടർന്ന്‌, പൊലീസിൽ പരാതി നൽകുകയും 11 പേർക്കെതിരെ കേസെടുക്കുകയും ചെയ്‌തു. ഇതാണ്‌ ക്രൈംബ്രാഞ്ച്‌ അന്വേഷിക്കുന്നത്‌. അന്വേഷണം രണ്ടുമാസത്തിനകം പൂർത്തിയാക്കും.

യുഡിഎഫ്‌ കാലത്ത്‌ വെടിയുണ്ട കാണാതായപ്പോൾ ടി പി സെൻകുമാറായിരുന്നു പൊലീസ്‌ മേധാവി. ഇത്‌ മറച്ചുവച്ച്‌  എൽഡിഎഫ്‌ സർക്കാരിനെതിരെ ആരോപണം ഉന്നയിച്ചവർ ഇപ്പോൾ മിണ്ടാതിരിക്കുകയാണ്‌.

തോക്കുകൾ തിങ്കളാഴ്‌ച വീണ്ടും പരിശോധിക്കും
 പൊലീസ്‌ പ്രത്യേക സായുധസേനയിലെ (എസ്‌എപി) മുഴുവൻ റൈഫിളും തിങ്കളാഴ്‌ച ക്രൈംബ്രാഞ്ച്‌ പരിശോധിക്കും. ഇതിനായി വിവിധ ബറ്റാലിയനിലേക്ക്‌ കൊണ്ടുപോയ ഇൻസാസ്‌ റൈഫിളുകൾ രണ്ട്‌ ദിവസത്തിനകം തിരിച്ചെത്തിക്കാൻ ബറ്റാലിയൻ മേധാവി കമാൻഡന്റുമാർക്ക്‌ നിർദേശം നൽകി. ക്രൈംബ്രാഞ്ച്‌ മേധാവി ടോമിൻ ജെ തച്ചങ്കരിയുടെ നേതൃത്വത്തിലാണ്‌ പരിശോധന.

കെഎപി ഒന്ന്‌,  കെഎപി മൂന്ന്‌,  കെഎപി അഞ്ച്‌,  ഐആർ ബറ്റാലിയൻ,  സിറ്റി എആർ  എന്നിവിടങ്ങളിലേക്കാണ്‌ പൊലീസ്‌ മേധാവിയുടെ ഉത്തരവുപ്രകാരം റൈഫിൾ കൊണ്ടുപോയത്‌. ഇതിന്റെ രേഖ എസ്‌എപിയിലുണ്ട്‌. ഈ തോക്കുകൾ എല്ലാം എത്തിക്കാനാണ്‌ നിർദേശം നൽകിയത്‌. ശനിയാഴ്‌ച മുതൽ തോക്ക്‌ എത്തിത്തുടങ്ങും.

സായുധസേനയുടെ അധീനതയിലുള്ള 660 എണ്ണവും  5.56 ഇൻസാസ്‌ റൈഫിളിൽ 616 എണ്ണവും വിവിധ ബറ്റാലിയനുകളിലാണ്‌. ബാക്കി  44 എണ്ണം എസ്‌എപിയിലുണ്ട്‌. എന്നാൽ,  25 തോക്ക്‌ കാണാനില്ലെന്ന സിഎജി പരാമർശം ചിലർ വൻ വിവാദമാക്കിയിരുന്നു. നേരത്തെ സിറ്റി എ ആർ ക്യാമ്പിലേക്ക്‌ കൊണ്ടുപോയി തിരിച്ചെത്തിച്ചതിന്റെ രേഖ കാണിക്കുന്നതിലെ അപാകതയാണ്‌ സിഎജി റിപ്പോർട്ടിലെ പരാമർശത്തിന്‌ കാരണം.

തോക്കുകളുടെ എണ്ണം ക്രൈംബ്രാഞ്ച്‌ നേരത്തെ പരിശോധിച്ച്‌ ഒരെണ്ണംപോലും കുറവില്ലെന്ന്‌ കണ്ടെത്തിയിരുന്നു. എങ്കിലും സിഎജി പരാമർശം ചിലർ വിവാദമാക്കിയതിനാൽ ഒരു തവണകൂടി പരിശോധിക്കാൻ ക്രൈംബ്രാഞ്ച്‌ തീരുമാനിക്കുകയായിരുന്നു.


 


പ്രധാന വാർത്തകൾ
 Top