29 February Saturday

കേരള കർഷകസംഘം സംസ്ഥാന സമ്മേളനം 22 മുതൽ കൊല്ലത്ത്‌

വെബ് ഡെസ്‌ക്‌Updated: Saturday Feb 15, 2020


കേരള കർഷകസംഘം 26–-ാമത്‌ സംസ്ഥാന സമ്മേളനം 22 മുതൽ 24 വരെ കൊല്ലത്ത്‌ നടക്കും. 22ന്‌ പകൽ പത്തിന്‌ കൊല്ലം ടൗൺ ഹാളിൽ കിസാൻസഭാ ദേശീയ വൈസ്‌ പ്രസിഡന്റ്‌  എസ്‌ രാമചന്ദ്രൻപിള്ള പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്യും. 625 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന്‌  സംസ്ഥാന പ്രസിഡന്റ്‌ കോലിയക്കോട്‌ കൃഷ്‌ണൻ നായരും സെക്രട്ടറി കെ വി രാമകൃഷ്‌ണനും വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 24ന്‌ വൈകിട്ട്‌  ലക്ഷം കർഷകരുടെ റാലി നടക്കും. തുടർന്ന്‌ കന്റോൺമെന്റ്‌ മൈതാനത്ത്‌ നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.

പൊതുസമ്മേളന നഗരിയിൽ ഉയർത്താനുള്ള കൊടി കയ്യൂർ സമര സഖാക്കളുടെ സ്‌മൃതി മണ്ഡപത്തിൽനിന്ന്‌ സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി സി എച്ച്‌ കുഞ്ഞമ്പു സമ്മേളന നഗരിയായ ടി പി ബാലകൃഷ്‌ണൻനായർ നഗറിലെത്തിക്കും. പതാക ജാഥ 17ന്‌  സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ എം വിജയകുമാർ ഉദ്‌ഘാടനം ചെയ്യും.

പൊതുസമ്മേളന നഗരിയിൽ സ്ഥാപിക്കാനുള്ള കൊടിമരം 21ന്‌ രാവിലെ കല്ലറ പാങ്ങോട്‌ സമരകേന്ദ്രത്തിൽനിന്ന്‌ സംസ്ഥാന ജോയന്റ്‌ സെക്രട്ടറി എസ്‌ കെ പ്രീജയുടെ നേതൃത്വത്തിൽ പ്രയാണമാരംഭിക്കും.  സംസ്ഥാന പ്രസിഡന്റ്‌ കോലിയക്കോട്‌ കൃഷ്‌ണൻ നായർ കൊടിമര ജാഥ ഉദ്‌ഘാടനം ചെയ്യും. പൊതുസമ്മേളന നഗരിയിലേക്കുള്ള ദീപശിഖാജാഥ സംസ്ഥാന കമ്മിറ്റി അംഗം ജി ഹരിശങ്കറിന്റെ നേതൃത്വത്തിൽ 21ന്‌ രാവിലെ പുന്നപ്രവയലാർ രക്തസാക്ഷി മണ്ഡപത്തിൽനിന്ന്‌ ആരംഭിക്കും. കേന്ദ്ര കമ്മിറ്റി അംഗം ജി വേണുഗോപാൽ ദീപശിഖാ ജാഥ ഉദ്‌ഘാടനം ചെയ്യും. 21ന്‌ വൈകിട്ട്‌ അഞ്ചിന്‌ മൂന്ന്‌ ജാഥയും പൊതുസമ്മേളന നഗരിയിലെത്തും. സ്വാഗതസംഘം ചെയർമാൻ കെ എൻ ബാലഗോപാൽ പൊതുസമ്മേളന നഗരിയിൽ പതാക ഉയർത്തും.  ജില്ലാ പ്രസിഡന്റ്‌ വി എസ്‌ പത്മകുമാറും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.


പ്രധാന വാർത്തകൾ
 Top