29 February Saturday

മരട് : വീടുകളുടെ അറ്റകുറ്റപ്പണി തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Feb 15, 2020

കൊച്ചി > സുപ്രീംകോടതി ഉത്തരവുപ്രകാരം മരടിൽ പൊളിച്ചുകളഞ്ഞ ഫ്ലാറ്റുകളുടെ സമീപത്തെ വീടുകളുടെ അറ്റകുറ്റപ്പണികൾക്ക്‌ വെള്ളിയാഴ്ച തുടക്കമായി. ജനുവരി 11ന് രണ്ടാമത്‌ പൊളിച്ച ആൽഫ സെറീൻ ഫ്ലാറ്റിന്റെ പരിസരത്തെ വീടുകളുടെ അറ്റകുറ്റപ്പണിയാണ് തുടങ്ങിയത്‌. ഫ്ലാറ്റ് നിയന്ത്രിത സ്ഫോടനത്തിലൂടെ തകർക്കുന്നതിന്റെ മുന്നോടിയായുള്ള പ്രവൃത്തികൾ നടക്കുന്നതിനിടെയാണ് ആൽഫയുടെ സമീപത്തെ വീടുകൾക്ക് വിള്ളലും പൊട്ടലും സംഭവിച്ചത്.

കരോട്ട്‌ ഹരിചന്ദ്രസായിയുടെ വീടിന്റെ അറ്റകുറ്റപ്പണികൾ വെള്ളിയാഴ്‌ച ആരംഭിച്ചു. നിയന്ത്രിത സ്‌ഫോടനം നടത്തുന്നതിനു മുന്നോടിയായുള്ള പ്രവൃത്തികൾക്കിടെയാണ്‌ വീടിന്റെ സ്‌റ്റെയർകേസിന്‌ വിള്ളൽ വീണത്‌. നിയന്ത്രിത സ്‌ഫോടനത്തിൽ വീടിന്റെ മേൽക്കൂരയ്‌ക്ക്‌ സംഭവിച്ച കേടുപാടുകളും പരിഹരിക്കും. ആൽഫ സെറീൻ പൊളിച്ച ചെന്നൈയിലെ വിജയ് സ്റ്റീൽസിന്റെ നേതൃത്വത്തിലാണ്‌ പ്രവൃത്തികൾ നടക്കുന്നത്‌. തുടർന്ന്‌ ബാക്കിയുള്ള 25ഓളം വീടുകളുടെ അറ്റകുറ്റപ്പണികൾ നടക്കും.

ഫ്ലാറ്റ് പൊളിച്ച് ഒരു മാസത്തിനുശേഷമാണ് അറ്റകുറ്റപ്പണി തുടങ്ങുന്നത്. ഒരു വീടിന്റെ തകരാർ പൂർണമായും പരിഹരിച്ചശേഷമാണ്‌ അടുത്തത്‌ തുടങ്ങുക. സ്ഫോടനസമയത്തും സമീപത്തെ ചില വീടുകൾക്ക്  തകരാറുകൾ സംഭവിച്ചിരുന്നു. തകരാറിന്റെ തോത് സാങ്കേതിക സമിതി വിലയിരുത്തി ഇൻഷുറൻസ് കമ്പനികൾക്ക് റിപ്പോർട്ട് നൽകിയാലേ തുടർനടപടികൾ കൈക്കൊള്ളാനാവൂ.

ആൽഫ ടവർ വണ്ണിന്റെ സമീപത്തുള്ള നെടുമ്പിള്ളിൽ സുഗുണാനന്ദന്റെ വീടിന്റെ മേൽക്കൂരയിൽ വിള്ളലുകൾ വീണ്‌ ചോർച്ചയുണ്ടായിരുന്നു. ഭിത്തിയിലും പൊട്ടലുണ്ട്.  കിടപ്പുമുറിയിലേക്കാണ് വെള്ളം കിനിഞ്ഞിറങ്ങുന്നത്. നിയന്ത്രിത സ്ഫോടനങ്ങളുടെ മുന്നോടിയായി നടന്ന പ്രാഥമിക പ്രവൃത്തികൾ നടക്കുന്നതിനിടെയാണ് വിള്ളലുണ്ടായത്.  സ്ട്രക്ചറൽ എൻജിനിയർ അനിൽ ജോസഫിന്റെ നേതൃത്വത്തിൽ ശനിയാഴ്ച ഇവിടെ പരിശോധന നടത്തുമെന്ന്‌ കൗൺസിലർ ദിഷ പ്രതാപൻ അറിയിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top