29 February Saturday

വ്യവസായ സെക്രട്ടറി 100 മരം നടണമെന്ന്‌ ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Saturday Feb 15, 2020


കൊച്ചി
കോടതി  ഉത്തരവ് യഥാസമയം പാലിക്കാത്ത ഉദ്യോഗസ്ഥൻ വൃക്ഷത്തൈകൾ നടണമെന്ന്‌ ഹൈക്കോടതി. വ്യവസായവകുപ്പ് സെക്രട്ടറി കെ ബിജു നൂറു വൃക്ഷത്തൈകൾ നടണമെന്നും തൈകൾ നടേണ്ട സ്ഥലം വനംവകുപ്പ് നിർദേശിക്കണമെന്നും കോടതി ഉത്തരവിട്ടു.

എസ്എസ് കെമിക്കൽസ് എന്ന സ്ഥാപനം അർഹമായ വിൽപ്പനനികുതി ഇളവിന് ഇരുപതുവർഷം മുമ്പ്‌ സമർപ്പിച്ച അപേക്ഷയിലെ അപ്പീലിൽ തീരുമാനമെടുക്കാതെ  ഉദ്യോഗസ്ഥർ അനന്തമായി നീട്ടിക്കൊണ്ടുപോയതിനാണ് ജസ്റ്റിസ് അമിത്‌ റാവൽ വ്യവസായവകപ്പ്‌ സെക്രട്ടറിക്ക് സവിശേഷ ശിക്ഷ വിധിച്ചത്. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കാനും കോടതി നിർദേശിച്ചു.

കാർബണേറ്റ് സിലിക്കേറ്റ് നിർമാതാക്കളായ കമ്പനി 1999ൽ സർക്കാർ ഇറക്കിയ ഉത്തരവുപ്രകാരമാണ് ഇളവിന് വിൽപ്പനനികുതി വകുപ്പിനെസമീപിച്ചത്. എന്നാൽ, ഉൽപ്പന്നത്തെ തെറ്റായ സാങ്കേതിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പട്ടികയിൽ ഉൾപ്പെടുത്തിയതെന്ന് ചൂണ്ടിക്കാട്ടി സർക്കാർ ഉത്തരവ് പുതുക്കി. ഈ ഉത്തരവിനെതിരെ സ്ഥാപനം നികുതി വകുപ്പിനു കീഴിലെ സംസ്ഥാനതല കമ്മിറ്റിക്ക് അപ്പീൽ നൽകി. പരാതിയിൽ തീരുമാനം ഇല്ലാത്തതിനാൽ സ്ഥാപനം 2007ൽ ഹൈക്കോടതിയെ സമീപിച്ചു. അപ്പീലിൽ തീരുമാനമെടുക്കാൻ കോടതി നിർദേശിച്ചു. അഞ്ചുലക്ഷം രൂപ സ്ഥാപനം കെട്ടിവയ്ക്കണമെന്നും അപ്പീൽ പരിഗണിക്കാമെന്നും സർക്കാർ അറിയിച്ചത് കോടതി രേഖപ്പെടുത്തി. തീരുമാനം ഉണ്ടായില്ല. 2008ൽ സ്ഥാപനം കോടതിയെ സമീപിച്ചതിനെത്തുടർന്ന് അപ്പീൽ പരിഗണിക്കാൻ കോടതി സമയം പുതുക്കിനൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. സ്ഥാപനം നൽകിയ വിവരാവകാശ അപേക്ഷയിൽ കമ്മിറ്റി ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്ന് മറുപടി കിട്ടി. വിവരാവകാശരേഖ കൂടി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top