26 March Tuesday

വാർഷിക പദ്ധതി ചെലവ‌് മികച്ച നിലയിൽ ; ജനുവരിയിൽ 54 ശതമാനം കടന്നു

സ്വന്തം ലേഖകൻUpdated: Friday Feb 15, 2019

സംസ്ഥാനത്തിന്റെ വാർഷിക പദ്ധതി പുരോഗതി മികച്ച നിലയിലെന്ന‌് വിലയിരുത്തൽ. തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി പ്രവർത്തനങ്ങൾ ലക്ഷ്യം കൈവരിക്കുമെന്ന‌് സംസ്ഥാന ആസൂത്രണ ബോർഡിന്റെ തൽസ‌മയ പദ്ധതി ചെലവ‌് അവലോകന ഓൺലൈൻ സംവിധാനമായ പ്ലാൻ സ‌്പെയിസിന്റെയും ട്രഷറിയുടെയും കണക്ക‌് വ്യക്തമാക്കുന്നു.

മുൻവർഷത്തെ ചെലവിനൊപ്പം ഈ വർഷവും പദ്ധതി ചെലവ‌് എത്തുമെന്നാണ‌് ആസൂത്രണ ബോർഡും ധനവകുപ്പും അനുമാനിക്കുന്നത‌്. പ്രളയക്കെടുതിയെത്തുടർന്നുള്ള രണ്ടു മാസത്തെ സാമ്പത്തിക സ‌്തംഭനവും മറികടന്നാണ‌് തദ്ദേശ സ്ഥാപനങ്ങളുടെയും സംസ്ഥാനത്തിന്റെയും വാർഷിക പദ്ധതി മുൻവർഷങ്ങളെക്കാൾ മുന്നിലെത്തുന്നത‌്. 

ജനുവരി 31 വരെയുള്ള കണക്കനുസരിച്ച‌് സംസ്ഥാനത്തിന്റെ വാർഷിക പദ്ധതിയിൽ 53.36 ശതമാനം പൂർത്തിയായി. തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതിയിൽ 60 ശതമാനം കൈവരിച്ചിട്ടുണ്ട‌്. ഫെബ്രുവരി അവസാനിക്കുന്നതോടെ ഇത‌് 70 മുതൽ 72 ശതമാനംവരെ എത്തുമെന്നാണ‌് പ്രതീക്ഷ. 20-15ൽ 49.1 ശതമാനം, 2016ൽ 51.7 ശതമാനം, 2018ൽ 57.59 ശതമാനം എന്നിങ്ങനെയാണ‌് മുൻവർഷങ്ങളിൽ ജനുവരി അവസാന ദിനത്തിലെ പദ്ധതി പുരോഗതി.

ക്ഷേമ, വികസന പ്രവർത്തനങ്ങൾ വർധിപ്പിച്ചുതന്നെയാണ‌് സംസ്ഥാനത്തിന്റെ വാർഷിക പദ്ധതി പുരോഗമിക്കുന്നത‌്. ഒപ്പം കൊച്ചി മെട്രോ, വിഴിഞ്ഞം തുറമുഖ കമ്പനി, സിയാൽ, കിയാൽ, കിൻഫ്ര പോലുള്ള പൊതുസംരംഭങ്ങൾ വഴിയും, കിഫ‌്ബി ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾ വഴിയും മൂലധന നിക്ഷേപം വൻതോതിൽ ഉയർത്തുന്നു.

സംസ്ഥാനത്തിന്റെ കടമെടുപ്പ‌് അവകാശത്തിൽ കേന്ദ്ര സർക്കാരിന്റെ കടന്നുകയറ്റംമൂലം അനുഭവപ്പെടുന്ന സാമ്പത്തിക പ്രയാസങ്ങളും വാർഷിക പദ്ധതിയുടെ നടത്തിപ്പിന‌് തടസ്സമാകുന്നില്ലെന്നാണ‌് കണക്കുകൾ വ്യക്തമാക്കുന്നത‌്.


പ്രധാന വാർത്തകൾ
 Top