17 February Sunday

സമസ്ത ശതാബ്ദി ആഘോഷത്തിന് സമാപനം

വെബ് ഡെസ്‌ക്‌Updated: Monday Feb 15, 2016

സമസ്ത 90–ാം വാര്‍ഷിക സമാപന സമ്മേളനത്തില്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അഭിവാദ്യം ചെയ്യുന്നു

സമസ്ത 90–ാം വാര്‍ഷിക സമാപന സമ്മേളനത്തില്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അഭിവാദ്യം ചെയ്യുന്നു

ആലപ്പുഴ > സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ശതാബ്ദി ആഘോഷത്തിന് പ്രൌഢോജ്വല സമാപനം. കേരളത്തിലെ ആധികാരിക പണ്ഡിതസഭയുടെ തൊണ്ണൂറാം വാര്‍ഷിക സമാപന സമ്മേളനത്തില്‍ പതിനായിരങ്ങള്‍ അണിനിരന്നു. സമസ്ത ഉപാധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ ശതാബ്ദി ആഘോഷ പ്രഖ്യാപനം നടത്തി. 1926ല്‍ രൂപീകൃതമായ സമസ്തയുടെ പ്രവര്‍ത്തന ശോഭയുടെ നൂറ്റാണ്ടാണ് സമസ്ത ആഘോഷിക്കാന്‍ പോകുന്നത്. മന്ത്രി രമേശ് ചെന്നിത്തല മുഖ്യാപ്രഭാഷണം നടത്തി. രാജ്യത്തിന്റെ നന്മ നിറഞ്ഞ പുരോഗതിക്ക് സമസ്ത ചെയ്ത സേവനം നിസ്തുലമാണെന്ന് അദ്ദേഹം പറഞ്ഞു. പാണക്കാട് സയ്യിദന്മാരും സമസ്തയും ചേര്‍ന്ന് നടത്തുന്ന സര്‍വ പ്രവര്‍ത്തനങ്ങളും മതേതരത്വ സംരക്ഷണത്തിന് വേണ്ടിയാണ്. മതേതരത്വം തകര്‍ത്ത് രാജ്യത്ത് വര്‍ഗീയത വളര്‍ത്താന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ ശക്തികളുടെ മോഹങ്ങള്‍ സാധ്യമാവില്ലെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ഷികോപഹാരമായി സമസ്ത അല്‍ ബിറ് ഇസ്്ലാമിക് പ്രീ സ്കൂള്‍ സ്ഥാപിക്കും. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി കെ പി അബ്ദുസലാം മുസ്ളിയാരാണ് ഉപഹാരം സമര്‍പ്പിച്ചത്. നവതി ആഘോഷിക്കുന്ന സമസ്ത കേരളത്തില്‍ ചെയ്ത മഹത്തായ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് ഈ ഉപഹാരം. മത ഭൌതിക വിദ്യാഭ്യാസ രംഗത്ത് അനവധി സംഭാവനകള്‍ ചെയ്ത സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ ഒന്നു കൂടെ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായാണ് ഈ സ്കൂള്‍ സ്ഥാപിക്കുന്നത്. അടുത്ത അദ്ധ്യയന വര്‍ഷം പ്രവര്‍ത്തനം ആരംഭിക്കുന്ന അല്‍ബിറ് സ്കൂള്‍ മലയാളം അറബി ഇംഗ്ളീഷ് ഭാഷകള്‍ പ്രാഥമിക വിദ്യാഭ്യാസ കാലത്തു തന്നെ നല്‍കുന്നു. കൂടെ ഖുര്‍ആന്‍ പഠനവും നിത്യ ജീവിതത്തിലെ പെരുമാറ്റ മര്യാദ തുടങ്ങിയവയില്‍ പ്രത്യേക പരിശീലനം നല്‍കും. 

യുഎഇ, ബഹ്റൈന്‍, ഒമാന്‍, കെനിയ, സുഡാന്‍ തുടങ്ങിയ വിദേശരാജ്യങ്ങളില്‍നിന്ന് ഒട്ടേറെ പേര്‍ അതിഥികളായെത്തി. ആഗോള മുസ്ളിം സമൂഹത്തിനിടയില്‍ ശ്രദ്ധയാകര്‍ഷിച്ച മതപണ്ഡിതന്‍മാരെയും സയ്യിദന്‍മാരെയും സമ്മേളനത്തിന്റെ കണ്ണികളാക്കാന്‍ കഴിഞ്ഞെന്ന് സംഘാടകര്‍ അറിയിച്ചു. നാലുദിവസങ്ങളിലായി നടന്ന ക്യാമ്പിന്റെ വിവിധ സെഷനുകളില്‍ ആഫ്രിക്കന്‍ രാജ്യങ്ങളായ കെനിയ, സുഡാന്‍ അടക്കമുള്ള വിദേശ രാജ്യങ്ങളിലെ മതപണ്ഡിതന്‍മാരും സയ്യിദന്‍മാരുമായ പ്രതിനിധികള്‍ ആദ്യാന്തം പങ്കെടുത്തു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top