24 January Friday

മരടിൽ ഫ്ലാറ്റുകളുടെ അവശിഷ്‌ടം വേർതിരിച്ചു തുടങ്ങി ; ആദ്യ ലോഡ് തിങ്കളാഴ്ച പുറപ്പെടും

വെബ് ഡെസ്‌ക്‌Updated: Wednesday Jan 15, 2020

ആൽഫ സെറിൻ ഫ്ലാറ്റ്‌ സമുച്ചയത്തിന്റെ അവശിഷ്‌ടം നീക്കുന്നതിനിടെ പൊടി ഉയരാതിരിക്കാൻ വെള്ളംചീറ്റിക്കുന്ന ഫോട്ടോ: മനു വിശ്വനാഥ്‌


കൊച്ചി
നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകർത്ത മൂന്ന്‌ ഫ്ലാറ്റുകളിൽനിന്ന്‌ അവശിഷ്ടങ്ങൾ വേർതിരിക്കുന്ന ജോലി  പുരോഗമിക്കുന്നു. കുണ്ടന്നൂരിലെ ഹോളി ഫെയ്‌ത്ത്‌ എച്ച്‌2ഒയിലും നെട്ടൂരിലെ ജെയിൻ കോറൽകോവിലും അവശിഷ്‌ടങ്ങൾ വേർതിരിക്കൽ തിങ്കളാഴ്‌ച ആരംഭിച്ചിരുന്നു. നെട്ടൂരിലെ ആൽഫ സെറീനിന്റെത്‌ ചൊവ്വാഴ്‌ച തുടങ്ങി. കണ്ണാടിക്കാടുള്ള ഗോൾഡൻ കായലോരത്തിൽ ബുധനാഴ്‌ച ആരംഭിക്കും. പരിസരത്തെ പൊടിശല്യം കുറയ്‌ക്കാൻ വെള്ളം പമ്പ്‌ ചെയ്യുന്ന നടപടികൾ  ഊർജിതമാക്കി. അവശിഷ്ടങ്ങളുമായി ആദ്യ ലോഡ്‌ തിങ്കളാഴ്‌ച നീങ്ങും. 

ആൽഫ സെറീൻ ഫ്ലാറ്റിൽ തൊട്ടടുത്ത പുഴയിൽനിന്ന്‌ 40 എച്ച്‌പിയുടെ മോട്ടോർ ഉപയോഗിച്ച്‌ വെള്ളം പമ്പ്‌ ചെയ്‌താണ്‌ അവശിഷ്ടങ്ങൾ നനയ്‌ക്കുന്നത്‌. ജാക്ക്‌ഹാമ്മർ എക്‌സ്‌കവേറ്റർ ഉപയോഗിച്ചാണ്‌ കൂറ്റൻ കോൺക്രീറ്റ്‌ കഷണങ്ങൾ തകർക്കുന്നത്‌. ആൽഫയിലെ ടവർ വൺ ഫ്ലാറ്റിൽ നിലവിൽ ഒരു ജാക്ക്‌ഹാമ്മർ എക്‌സ്‌കവേറ്ററാണുള്ളത്‌. ബാക്കി മൂന്ന്‌ യന്ത്രങ്ങൾ എത്തിച്ച്‌ ബുധനാഴ്‌ച മുതൽ കൂടുതൽ വേഗത്തിൽ അവശിഷ്ടങ്ങൾ വേർതിരിക്കും. ആൽഫ ടവർ ടൂവിൽ രണ്ട്‌ യന്ത്രങ്ങൾകൂടി എത്തിക്കും.

ഹോളിഫെയ്‌ത്ത്‌ എച്ച്‌2ഒയിലും ജെയ്‌ൻ കോറൽകോവിലും നാല്‌ ജാക്ക്‌ഹാമ്മർ എസ്‌കവേറ്ററുകളാണ്‌ ഉപയോഗിക്കുന്നത്‌. എച്ച്‌2ഒയിൽ കോൺക്രീറ്റ്‌ കഷണങ്ങൾ തകർക്കുന്നതിനൊപ്പം വെള്ളം പമ്പ്‌ ചെയ്യുന്നതിനാൽ പൊടിശല്യത്തിന്‌ താൽക്കാലിക ശമനമായിട്ടുണ്ട്‌. ജെയ്‌ൻ ഫ്ലാറ്റിൽ ബുധനാഴ്‌ച മുതൽ വെള്ളം പമ്പ്‌ ചെയ്യുന്നത്‌ ആരംഭിക്കും.

നാല്‌ ഫ്ലാറ്റുകളുടെയുംകൂടി 76,350 ടൺ അവശിഷ്‌ടമാണുള്ളത്‌. സ്‌ഫോടനം നടത്തിയ  ചെന്നൈ വിജയ്‌ സ്‌റ്റീൽസ്‌ കോൺക്രീറ്റ്‌ അവശിഷ്ടത്തിലെ കമ്പി വേർതിരിച്ച്‌ കൊണ്ടുപോകും. കല്ലും കോൺക്രീറ്റ്‌ അവശിഷ്ടങ്ങളും ആലുവയിലെ പ്രോംപ്‌റ്റ്‌ എന്റർപ്രൈസസ്‌ എന്ന സ്ഥാപനമാണ്‌ ഏറ്റെടുത്തിട്ടുള്ളത്‌.  ആൽഫ സെറീൻ പരിസരത്ത്‌ താമസിക്കുന്നവർക്ക് മെഡിക്കൽ ക്യാമ്പ്‌ നടത്തി. 57 പേർ ക്യാമ്പിൽ പങ്കെടുത്തു. വരും ദിവസങ്ങളിലും കൂടുതൽ മെഡിക്കൽ ക്യാമ്പുകൾ നടത്തുമെന്ന്‌ മരട്‌ നഗരസഭാ ചെയർപേഴ്‌സൺ ടി എച്ച്‌ നാദിറ അറിയിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top