09 August Sunday

കൊച്ചിയിൽ വീണ്ടും ‘കൃതി’യുടെ ആരവം

വെബ് ഡെസ്‌ക്‌Updated: Wednesday Jan 15, 2020


കൊച്ചി
സഹകരണവകുപ്പും സാഹിത്യ പ്രവർത്തക സഹകരണ സംഘവും ചേർന്ന് സംഘടിപ്പിക്കുന്ന കൃതി അന്താരാഷ്‌ട്ര പുസ്തക മേളയുടെയും സാഹിത്യ-–-വൈജ്ഞാനികോത്സവത്തിന്റെയും ആരവങ്ങളിലേക്ക്‌ കൊച്ചി വീണ്ടും ഉണരുന്നു. കൃതിയുടെ മൂന്നാം പതിപ്പിന്‌  ഫെബ്രുവരി ആറിന്‌ മറൈൻഡ്രൈവിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദീപം തെളിക്കുമെന്ന്‌ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കൊച്ചിയിൽ മാധ്യമ എഡിറ്റർമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

230 സ്റ്റാളുകളിലായി ഇന്ത്യയിലും വിദേശങ്ങളിലും നിന്നുള്ള 150-ൽപ്പരം പ്രസാധകർ മേളയിൽ പങ്കെടുക്കും. 20 കോടി രൂപയുടെ പുസ്തക വിൽപ്പനയാണ് ലക്ഷ്യമിടുന്നത്‌. സാംസ്‌കാരിക പരിപാടികൾ, ഭക്ഷ്യമേള എന്നിവയും 16 വരെ നീളുന്ന മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌. 74,000 ചതുരശ്ര അടി വിസ്തൃതിയുള്ള പന്തലുകളാണ് ഉയരുക.
‘ഒരു കുട്ടിക്ക് ഒരു പുസ്തകം’ പദ്ധതിയിലൂടെ ഒന്നരക്കോടി രൂപയുടെ കൂപ്പണുകൾ വിതരണം ചെയ്യും. കുട്ടികൾക്കായി   പ്രത്യേക വിഭാഗം സജ്ജീകരിക്കും. കുട്ടികൾക്കായി മാജിക് ഷോ, വായനമത്സരം, കവിതാരചന മത്സരം എന്നിവയുമുണ്ടാകും. ഷോർട്ട് ഫിലിം–-ഫോട്ടാഗ്രഫി മത്സരം, കേരളത്തിലെ പട്ടണങ്ങളുടെ മുൻകാല ഫോട്ടോകളുടെ പ്രദർശനം, സാഹിത്യ പ്രവർത്തക സഹകരണസംഘത്തിന്റെ ചരിത്രം രേഖപ്പെടുത്തുന്ന പ്രദർശനം എന്നിവയുമുണ്ട്‌.സാഹിത്യ,- വൈജ്ഞാനികോത്സവം ഫെബ്രുവരി 12 മുതൽ 16 വരെയാണ്‌. ഇതിൽ 36 സെഷനുകളുണ്ടാകും. പ്രതിഭാറായ്, ഭൈരപ്പ, കെ ശിവറെഡ്ഡി, കനൽമൈന്തൻ, വെങ്കിടാചലപതി, പി സായിനാഥ് തുടങ്ങിയവർ പങ്കെടുക്കും. കേരളത്തിന്റെ വികസനം ചർച്ച ചെയ്യുന്ന സെഷനുകളും ഉണ്ടാകും. 

ഫെബ്രുവരി ഏഴുമുതൽ 10 ദിവസം രാത്രി ഏഴുമുതൽ 9.30 വരെയാണ് കലാ, സാംസ്‌കാരിക പരിപാടികൾ. ഫെബ്രുവരി ഏഴി-ന് യക്ഷഗാനം, എട്ടിന്‌ കെപിഎസിയുടെ നാടകം, ഒമ്പതിന്‌ കോട്ടയ്ക്കൽ പിഎസ്‌വി നാട്യസംഘത്തിന്റെ കഥകളി, 10-ന് തൃശൂർ കരിന്തലക്കൂട്ടത്തിന്റെ നാടൻപാട്ട്, 11-ന് ലൗലി ജനാർദനന്റെ ഫ്യൂഷൻ മ്യൂസിക്, 12-ന് അഷ്‌റഫ് ഹൈദ്രോസിന്റെ സൂഫി സംഗീതം, 13-ന് കല്ലൂർ ഉണ്ണിക്കൃഷ്ണന്റെയും പോരൂർ ഉണ്ണിക്കൃഷ്ണന്റെയും ഇരട്ടത്തായമ്പക, 14-ന് ഡോ. വസന്തകുമാർ സാംബശിവന്റെ കഥാപ്രസംഗം, 15-ന് എം കെ ശങ്കരൻ നമ്പൂതിരിയുടെ സംഗീതക്കച്ചേരി, 16-ന് കൊല്ലം അഭിജിത്തിന്റെ ഗാനമേള എന്നിവ നടക്കും. ഭക്ഷ്യമേളയിൽ  12 സ്റ്റാളുകൾ ഉണ്ടാകും.

സഹകരണ സെക്രട്ടറി മിനി ആന്റണി, സംഘം രജിസ്ട്രാര്‍ ഡോ. പി കെ ജയശ്രീ, എസ്‌പിസിഎസ് പ്രസിഡന്റ് ഏഴാച്ചേരി രാമചന്ദ്രന്‍ എന്നിവരും യോഗത്തിൽ പങ്കെടുത്തു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top