17 January Friday

റോഡപകടത്തില്‍ യുവാവ് മരിച്ച സംഭവം 4 എൻജിനിയർമാർക്ക്‌ സസ്‌പെൻഷൻ ; റോഡ് പരിശോധനയ്‌ക്ക് മൂന്ന് അമിക്കസ്‌ക്യൂറി

വെബ് ഡെസ്‌ക്‌Updated: Saturday Dec 14, 2019


എറണാകുളം–- ആലുവ റോഡിൽ പാലാരിവട്ടം മെട്രോ സ്റ്റേഷനടുത്ത്‌ കുഴിയിൽവീണ്‌ യുവാവ്‌ മരിച്ച സംഭവത്തിൽ നാല്‌ പൊതുമരാമത്ത്‌ നിരത്തുവിഭാഗം എൻജിനിയർമാരെ സസ്‌പെൻഡ്‌ ചെയ്‌തു. ജലഅതോറിറ്റിയുടെ പൈപ്പ്‌ ലൈനിൽ ചോർച്ചയെ തുടർന്നാണ്‌ റോഡിൽ കുഴി രൂപപ്പെട്ടത്‌. ഈ കുഴി ജല അതോറിറ്റി മൂടിയില്ല. എന്നാൽ,  കുഴികളുണ്ടാകുമ്പോൾ അവിടെ അപകടമുന്നറിയിപ്പ്‌ ബോർഡ്‌ സ്ഥാപിക്കുകയും ബാരിക്കേഡ്‌ നിർമിക്കുകയും വേണം.  ഇത്‌ ചെയ്യാത്തതിനാണ്‌ എറണാകുളം നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ്‌ എക്സിക്യൂട്ടീവ് എൻജിനിയർമാരായ സൂസൻ സോളമൻ തോമസ്‌,   ഇ പി സൈനബ , അസിസ്റ്റന്റ് എൻജിനിയർമാരായ   കെ എൻ സുർജിത്‌, ടി കെ ദീപ എന്നിവരെ സസ്‌പെൻഡ്‌ ചെയ്യാൻ പൊതുമരാമത്ത്മന്ത്രി ജി സുധാകരൻ നിർദേശിച്ചത്‌.  സംഭവം വിശദമായി അന്വേഷിക്കുന്നതിന് പൊതുമരാമത്ത്  ഡെപ്യൂട്ടി ചീഫ് എൻജിനിയറെ(വിജിലൻസ്‌)ചുമതലപ്പെടുത്തി.  റോഡുകളിൽ അപകടരമായ സാഹചര്യമുണ്ടായാൽ ഉടൻ മുന്നറിയിപ്പ് ബോർഡും ബാരിക്കേഡും സ്ഥാപിച്ച് അപകടം  ഒഴിവാക്കണമെന്ന് സംസ്ഥാനത്തെ  മുഴുവൻ എൻജിനിയർമാർക്കും മന്ത്രി ജി സുധാകരൻ നിർദേശം നൽകി.

റോഡ് പരിശോധനയ്‌ക്ക് മൂന്ന് അമിക്കസ്‌ക്യൂറി
കൊച്ചിയിലെ റോഡുകളുടെ യഥാർഥ അവസ്ഥ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഹൈക്കോടതി മൂന്ന്‌ അമിക്കസ്‌ക്യൂറിമാരെ നിയമിച്ചു. റോഡ് നവീകരണം സംബന്ധിച്ച അധികൃതരുടെ വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകരായ എസ് കൃഷ്ണ, പി ദീപക്, വിനോദ് ഭട്ട് എന്നിവരെ അമിക്കസ്‌ക്യൂറിമാരായി നിയമിച്ചത്.

കൊച്ചിയിൽ എല്ലായിടത്തും സഞ്ചരിച്ച് റോഡുകളെക്കുറിച്ച് പഠിച്ച്‌ 20നകം ഇടക്കാല റിപ്പോർട്ട് നൽകണം. പാലാരിവട്ടത്ത്‌ റോഡിലെ കുഴിമൂലമുണ്ടായ അപകടത്തിൽ യദുലാൽ മരിച്ച സ്ഥലം നേരിട്ട്‌ സന്ദർശിച്ചതായി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ‘‘എന്റെ മക്കളുടെ പ്രായംപോലും യദുവിനില്ല. കുഴികൾമൂലം റോഡിൽ ഇനിയും രക്തം വീഴാൻ അനുവദിക്കില്ല. ഭാവിയിൽ ഇത്തരം പ്രശ്നങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ട നടപടി വ്യക്തമാക്കുന്ന റിപ്പോർട്ട് കേസിലെ എല്ലാ കക്ഷികളും നൽകണം’’–- ജസ്‌റ്റിസ്‌ ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. കേസ് 20ന് വീണ്ടും പരിഗണിക്കും. നല്ല റോഡുകൾ മൗലികാവകാശമാണെന്ന് പ്രഖ്യാപിക്കണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം. കുറ്റവാളികളായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് നിർദേശം നൽകണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു.


പ്രധാന വാർത്തകൾ
 Top