06 July Monday

യുവതീപ്രവേശനം :വിശാല ബെഞ്ച്‌ ഇനി ഏഴ്‌ ചോദ്യത്തിന്‌ ഉത്തരം കണ്ടെത്തണം

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2019


ന്യൂഡൽഹി
ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികളുടെ പരിശോധന സുപ്രീംകോടതി വിശാല ബെഞ്ചിന്‌ വിട്ടതോടെ 29 വർഷം തുടർന്ന നിയമവ്യവഹാരം വീണ്ടും നീളും. മതപരമായ വിശ്വാസത്തിൽ കോടതിയുടെ ഇടപെടലിന്റെ പരിധിയടക്കം സുപ്രധാന ചോദ്യങ്ങളിൽ ഇനി രൂപീകരിക്കുന്ന ഏഴംഗ ഭരണഘടനാ ബെഞ്ച്‌ തീർപ്പുണ്ടാക്കും. ഇതിനുശേഷമാകും പുനഃപരിശോധനാ ഹര്‍ജികളിൽ അന്തിമവിധി വരിക. വിരമിക്കുന്ന ചീഫ്‌ ജസ്‌റ്റിസ്‌ രഞ്ജൻ ഗൊഗോയിയോ അടുത്തതായി ചുമതലയേൽക്കുന്ന ചീഫ്‌ ജസ്‌റ്റിസ്‌ എസ്‌ എ ബോബ്‌ഡയോ വിശാല ബെഞ്ച്‌ രൂപീകരിക്കും.

ഇനി ഏഴ്‌ ചോദ്യത്തിന്‌ ഉത്തരം കണ്ടെത്തണം
ഹിന്ദു, മുസ്ലിം, പാഴ്‌സി തുടങ്ങി വിവിധ മതവിഭാഗങ്ങളുടെ വിശ്വാസങ്ങളും മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട ഏഴ്‌ ചോദ്യത്തിൽ ഈ വിശാല ബെഞ്ച്‌  ഉത്തരം കണ്ടെത്തും. വിവിധ മതവിഭാഗത്തിൽപ്പെട്ട കക്ഷികളുടെ വാദംകേട്ടശേഷമാകും തീരുമാനം. ഇത്‌ ദീർഘമായ നിയമപോരാട്ടത്തിനാകും നാന്ദി കുറിക്കുക. ശബരിമല യുവതീപ്രവേശനക്കേസ്‌ 2006ലാണ്‌ റിട്ട്‌ ഹർജിയായി സുപ്രീംകോടതിയിൽ എത്തിയത്‌. 12 വർഷം വ്യവഹാരം നടന്നു. 2018 സെപ്‌തംബർ 28നു യുവതീപ്രവേശനം അനുവദിച്ച്‌ സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ചരിത്രവിധിയെത്തി.

ഒരു കത്തിൽ തുടങ്ങിയ നിയമവ്യവഹാരം
1990ൽ സംസ്ഥാന ഹൈക്കോടതിയിലെ ഒരു ജഡ്ജിക്ക് ലഭിച്ച കത്ത് പൊതുതാൽപ്പര്യ ഹർജിയായി പരിഗണിച്ചതോടെയാണ് നിയമപേരാട്ടങ്ങളുടെ തുടക്കം. യുവതികൾ പ്രവേശിക്കുന്നത്‌ ചോദ്യം ചെയ്‌ത്‌ എസ് മഹേന്ദ്രനാണ്‌ കത്തയച്ചത്‌. ആചാരത്തിനു വിരുദ്ധമായി യുവതികൾ കയറുന്നത്‌ നിരോധിക്കണമെന്നും ബന്ധപ്പെട്ടവർക്കെതിരെ നടപടിയെടുക്കണമെന്നുമായിരുന്നു ആവശ്യം. ദേവസ്വം മുൻ കമീഷണർ ജെ ചന്ദ്രികയും മകളും മറ്റു സ്ത്രീകളും പങ്കെടുത്ത പേരക്കുട്ടിയുടെ ചോറൂണ്‌ നടത്തിയതിന്റെ ചിത്രത്തോടുകൂടിയ പത്രവാർത്തയും ഇതിനൊപ്പം നൽകി.യുവതീപ്രവേശനത്തിനുള്ള നിയന്ത്രണം എല്ലാ തീർഥാടനവേളയിലും നടപ്പാക്കണമെന്ന്‌ 1991 ഏപ്രിൽ അഞ്ചിന്‌ ഹൈക്കോടതി ഉത്തരവിട്ടു. മുമ്പ്‌ നടപ്പിലുണ്ടായിരുന്ന യുവതീപ്രവേശനം ഇതോടെ വിലക്കപ്പെട്ടു.

അനുകൂലിച്ചും എതിർത്തും
ഇന്ത്യൻ യങ്‌ ലോയേഴ്‌സ്‌ അസോസിയേഷനും മറ്റു ചിലരുമാണ്‌ നിരോധനം ചോദ്യം ചെയ്‌ത്‌ സുപ്രീംകോടതിയെ സമീപിച്ചത്‌. സംസ്ഥാന സർക്കാരിനെ കേസിൽ എതിർകക്ഷിയാക്കി. ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷൻ, ഇന്ദിര ജെയ്സിങ്‌ നേതൃത്വം നൽകുന്ന സംഘടന, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ, സംസ്ഥാന സർക്കാർ എന്നിവർ  യുവതീപ്രവേശത്തെ അനുകൂലിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ്, നായർ സർവീസ് സൊസൈറ്റി, പന്തളം രാജകുടുംബം, തന്ത്രികുടുംബം, അയ്യപ്പഭക്തരുടെ സംഘടന തുടങ്ങിയവർ പ്രവേശത്തെ എതിർത്തും വാദങ്ങൾ ഉന്നയിച്ചു.

10നും 50 വയസ്സിനും ഇടയിലുള്ള സ്‌ത്രീകൾക്ക്‌ പ്രവേശനം അനുവദിച്ചതിനെ എതിർത്ത്‌ പുനഃപരിശോധനാ ഹർജികളും റിട്ട്‌ ഹർജികളും വന്നു. പന്തളം കൊട്ടാരം, തന്ത്രി കണ‌്ഠര‌് രാജീവര‌്, മുഖ്യതന്ത്രി, ശബരിമല ആചാരസംരക്ഷണ ഫോറം, എൻഎസ‌്എസ‌്, അയ്യപ്പസേവാസമാജം തുടങ്ങി നിരവധി സംഘടനകളും വ്യക്തികളുമാണ‌് ഹർജി നൽകിയത‌്.


പ്രധാന വാർത്തകൾ
 Top