05 December Thursday

വെൺമണി ഇരട്ടക്കൊല : പ്രതികൾ വിശാഖപട്ടണത്ത്‌ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2019


ചെങ്ങന്നൂർ
വെൺമണിയിൽ വൃദ്ധദമ്പതികളെ തലയ്‌ക്കടിച്ചു കൊന്നകേസിലെ പ്രതികൾ വിശാഖപട്ടണത്ത്‌ അറസ്‌റ്റിൽ. ബംഗ്ലാദേശികളായ ലബലു, ജുബൽ എന്നിവരെയാണ്‌ പ്രത്യേക അന്വേഷകസംഘം ട്രെയിനിൽ പിന്തുടർന്ന്‌ പിടികൂടിയത്‌. പ്രതികൾ കൊൽക്കത്തയ്‌ക്കു കടക്കാനുള്ള ശ്രമത്തിലായിരുന്നു. ചൊവ്വാഴ്‌ച രാവിലെ ചെന്നൈ റെയിൽവേ സ്‌റ്റേഷനിലെത്തിയ ഇവർ കോറമണ്ഡൽ എക്‌സ്‌പ്രസിൽ കൊൽക്കത്തയ്‌ക്ക് തിരിച്ചത്‌ സിസിടിവി ചിത്രങ്ങളിലൂടെയാണ്‌ പൊലീസ്‌ തിരിച്ചറിഞ്ഞത്‌. റെയിൽവേ സുരക്ഷാസേന ഇവർ കയറിയ കംപാർട്ട്മെന്റ് ഉൾപ്പെടെയുള്ള വിവരം പൊലീസിന്‌ കൈമാറി. ട്രെയിൻ വിശാഖപട്ടണം സ്‌റ്റേഷനിൽ എത്തിയപ്പോൾ തന്നെ സുരക്ഷാസേന ഇവരെ പിടികൂടി.

കോടുകുളഞ്ഞികരോട് ആഞ്ഞിലിമൂട്ടിൽ എ പി ചെറിയാൻ (കുഞ്ഞുമോൻ–- 75) ഭാര്യ ലില്ലി ചെറിയാൻ (70) എന്നിവരെ ചൊവ്വാഴ്‌ച രാവിലെ എട്ടിനാണ്‌ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടത്. തിങ്കളാഴ്‌ച രാത്രി ഒമ്പതിന് തങ്ങൾ ചെന്നൈയിലേക്ക് പോകുകയാണെന്ന് പ്രതികൾ സുഹൃത്തുക്കളായ ഇതര സംസ്ഥാന തൊഴിലാളികളെ അറിയിച്ചിരുന്നു. പ്രതികളുടെ ഫോൺ നമ്പരിലൂടെ  ഇവരെ കണ്ടെത്താൻ ശ്രമിക്കുന്നതിനിടയിലാണ് ഇവർ വിളിച്ചത്.

സംഭവദിവസം ചെങ്ങന്നൂർ റെയിൽവേ സ്‌റ്റേഷനിലെ സിസിടിവി ക്യാമറകൾ പരിശോധിച്ച പൊലീസ്‌ പ്രതികൾ അന്ന്‌ ദിവസം വൈകിട്ട് 5.20നുള്ള ചെന്നൈ മെയിലിൽ കയറിയതായി കണ്ടെത്തി. കൊൽക്കത്തയ്‌ക്ക്‌ പോകാൻ സാധ്യതയുള്ള പ്രതികൾ അവിടെനിന്ന്‌ എളുപ്പം ബംഗ്ലാദേശിലേക്ക് കടക്കുമെന്നതിനാൽ അന്വേഷകസംഘം അതിവേഗത്തിലാണ്‌ നീക്കം നടത്തിയത്‌. കൊൽക്കത്തയിൽ പ്രതികൾ എത്തിയാൽ പിടികൂടാൻ ഒരുസംഘം പൊലീസ് ഉദ്യോഗസ്ഥരെ വിമാനമാർഗം അവിടെ എത്തിച്ചിരുന്നു.

എ പി ചെറിയാന്റെയും ഭാര്യ ലില്ലിയുടെ സംസ്‌കാരം വ്യാഴാഴ്‌ച പകൽ 11.30ന്‌ കോടുകുളഞ്ഞി സിഎസ്ഐ പള്ളി സെമിത്തേരിയിൽ നടക്കും. ദുബായിലുള്ള ഇവരുടെ മക്കളും മരുമക്കളും ബുധനാഴ്‌ച നാട്ടിലെത്തി.


പ്രധാന വാർത്തകൾ
 Top