13 December Friday

കിഫ്‌ബിയിൽ സമഗ്ര ഓഡിറ്റ്‌ ഉറപ്പാക്കും, ഓഡിറ്റ്‌ വിവാദം അവസാനിപ്പിക്കണം : ധനമന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2019


തിരുവനന്തപുരം
കിഫ്‌ബിയുടെ വരവുചെലവ്‌ കണക്കുകളിലും പ്രവർത്തനങ്ങളിലും സമഗ്രമായ സിഎജി ഓഡിറ്റ്‌ ഉറപ്പാക്കുമെന്ന്‌ ധനമന്ത്രി ടി എം തോമസ്‌ ഐസക്‌ നിയമസഭയിൽ ആവർത്തിച്ചു. ഓഡിറ്റുമായി ബന്ധപ്പെട്ട്‌ കഴിഞ്ഞ 25ന്‌ സിഎജിയിൽനിന്നു ലഭിച്ച കത്തിന്‌ സർക്കാർ നൽകുന്ന മറുപടിയിൽ ഇക്കാര്യം വ്യക്തമാക്കും. സിഎജി ഡിപിസി ആക്ട്‌ വകുപ്പ്‌ 14 (1) അനുസരിച്ചുള്ള സമഗ്ര ഓഡിറ്റിന്‌ ഒരു തടസ്സവുമുണ്ടാകില്ലെന്ന സർക്കാരിന്റെ ഉറപ്പ്‌ സിഎജിയെ രേഖാമൂലം അറിയിക്കും. വകുപ്പിലെ വ്യവസ്ഥകൾക്കനുസരിച്ച്‌, കിഫ്‌ബിയുടെ പ്രവർത്തനം വിപുലപ്പെടുമ്പോൾ ഓഡിറ്റ്‌ അധികാരം നഷ്ടപ്പെടുമെന്ന ആശങ്ക വേണ്ട. വകുപ്പ്‌ വ്യവസ്ഥ ചെയ്യുന്ന അധികാരപരിധി കഴിഞ്ഞാലും സിഎജിക്ക്‌ സർക്കാർ അനുമതിയോടെ സമഗ്ര ഓഡിറ്റ്‌ തുടരാമെന്ന്‌ സർക്കാർ കത്തിൽ വ്യക്തമാക്കുമെന്ന്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയുടെ സബ്‌മിഷന്‌ മറുപടിയായി മന്ത്രി അറിയിച്ചു.

സിഎജി ആദ്യം അയച്ച കത്തിൽ കിഫ്‌ബിയിൽ സിഎജി ഡിപിസി ആക്ട്‌ 20 (2) പ്രകാരമുള്ള  ഓഡിറ്റിനാണ്‌ അനുമതി തേടിയത്‌. വകുപ്പ്‌ 14 (1) അനുസരിച്ചുള്ള ഓഡിറ്റാണ്‌ പ്രസക്തമെന്ന്‌ കിഫ്‌ബി മറുപടി നൽകി. ആ ഓഡിറ്റ്‌ നടന്നു. ഇപ്പോൾ വീണ്ടുമുള്ള കത്തിൽ 14 (1) പ്രകാരമുള്ള ഓഡിറ്റ്‌ സമഗ്രമല്ലെന്നാണ്‌ സിഎജി നിലപാട്‌. ഇതിന്റെ പശ്ചാത്തലത്തിൽ കിഫ്‌ബി സിഇഒ ദീർഘമായ വിശദീകരണം നൽകിയിട്ടുണ്ട്‌. 14 (1) പ്രകാരം സിഎജിയുടെ ഓഡിറ്റ്‌ അവകാശത്തിന്‌ പരിധിയില്ല. ഏതു വിവരവും ലഭ്യമാക്കാൻ കിഫ്‌ബി തയ്യാറാണെന്നും മന്ത്രി വ്യക്തമാക്കി.

നിയമപ്രകാരം 14 (1) ഓഡിറ്റിന്‌ വിധേയമല്ലാത്ത സ്ഥാപനങ്ങൾക്ക്‌ ഓഡിറ്റിന്‌ സർക്കാർ അധികാരം നൽകുന്ന വ്യവസ്ഥയാണ്‌ 22 (2). 14 (1) കിഫ്‌ബിയുടെ എല്ലാ വരവുചെലവും പ്രവർത്തനങ്ങളും പരിശോധിക്കാമെന്നിരിക്കെ, വകുപ്പ്‌ 20 (2) പ്രസക്തമല്ലെന്ന്‌ കിഫ്‌ബി വിശദീകരിക്കുന്നു. 14 (1) പ്രകാരമുള്ള സമഗ്ര ഓഡിറ്റ്‌ തുടരണമെന്ന്‌ സർക്കാർ മറുപടി കത്തിൽ ആവശ്യപ്പെടും. ഈ വകുപ്പിന്റെ പരിധിക്ക്‌ പുറത്തായാലും സിഎജിക്ക്‌ ഓഡിറ്റ്‌ തുടരാനുള്ള അനുവാദമുണ്ടെന്നും ഔപചാരികമായി അറിയിക്കും. 

ഈ സാഹചര്യത്തിൽ കിഫ്‌ബിയെ അടിസ്ഥാനമാക്കിയുള്ള അനാവശ്യ വിവാദങ്ങൾ അവസാനിപ്പിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്ന്‌ ധനമന്ത്രി ആവശ്യപ്പെട്ടു. എന്നാൽ, ധനമന്ത്രിയുടെ മറുപടിയിലും തൃപ്‌തരാകാതെ യുഡിഎഫ്‌ അംഗങ്ങൾ സഭയിൽനിന്ന്‌ ഇറങ്ങിപ്പോയി.


പ്രധാന വാർത്തകൾ
 Top