08 December Sunday

ഇഎസ്‌ഐ ആശുപത്രികൾ വ്യാപിപ്പിക്കും: മന്ത്രി ടി പി രാമകൃഷ്ണൻ

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2019


തിരുവനന്തപുരം
സംസ്ഥാനത്ത്‌ കൂടുതൽ ഇഎസ്‌ഐ ആശുപത്രികളും ഡിസ്‌പെൻസറികളും ആരംഭിക്കുന്നത്‌ പരിഗണിക്കുമെന്ന്‌ മന്ത്രി ടി പി രാമകൃഷ്ണൻ ചോദ്യോത്തരവേളയിൽ പറഞ്ഞു. ഇതിനായി ഇഎസ്‌ഐ കോർപറേഷനെ സമീപിക്കും.  സംസ്ഥാനത്തിന്‌ അനുവദിച്ച ആറ്‌ ഇഎസ്‌ഐ ഡിസ്‌പെൻസറികളിൽ രണ്ടെണ്ണം പ്രവർത്തനം ആരംഭിച്ചു. സുൽത്താൻ ബത്തേരി, കൽപ്പറ്റ, കണ്ണൻദേവൻ ഹിൽസ്, അടിമാലി എന്നിവിടങ്ങളിൽ സ്ഥലം ലഭ്യമായ ഉടൻ നിർമാണം തുടങ്ങും. ആലത്തൂർ, ബാലുശേരി, താമരശേരി, കൂത്താട്ടുകുളം, കുമളി, വെഞ്ഞാറമൂട്, കുളത്തൂപ്പുഴ ഉൾപ്പെടെ 12 ഡിസ്‌പെൻസറികൾക്ക്‌ അനുമതി ലഭിച്ചിട്ടില്ല.

എല്ലാ തൊഴിലാളികളെയും ഇഎസ്‌ഐ പരിധിയിൽ കൊണ്ടുവരാനാണ്‌ സർക്കാർ ആഗ്രഹിക്കുന്നത്‌. 21,000 രൂപയിൽ കൂടുതൽ  ശമ്പളമുള്ളവരെ ഉൾപ്പെടുത്തരുതെന്ന വ്യവസ്ഥയാണ്‌ തടസ്സം. തൊഴിലിടങ്ങളിൽ നേരിട്ടെത്തി ചികിത്സ ലഭ്യമാക്കുന്ന മൊബൈൽ ആശുപത്രികളുടെ സാധ്യത പരിശോധിക്കും.

ഒരേ ആശുപത്രിയിൽ എല്ലാ സേവനവും ലഭ്യമാക്കാനുള്ള ഇടപെടൽ നടത്തും. ചികിത്സ നൽകാനായി 47 സ്വകാര്യ ആശുപത്രികളെയും രോഗനിർണ സ്ഥാപനങ്ങളെയും എം പാനൽ ചെയ്തിട്ടുണ്ട്. എല്ലാ സർക്കാർ ആശുപത്രകളെയും എം പാനൽ ചെയ്യാനുള്ള നടപടി പുരോഗമിക്കുന്നതായും മന്ത്രി പറഞ്ഞു. പി അബ്ദുൾ ഹമീദ്‌, എം ഉമ്മർ, വി കെ ഇബ്രാഹിം കുഞ്ഞ്‌, എ എൻ ഷംസീർ, അൻവർ സാദത്ത്‌, കെ വി വിജയദാസ്‌, എം വിൻസന്റ്‌, വി ജോയി, ഡി കെ മുരളി എന്നിവർ ചോദ്യം ഉന്നയിച്ചു.


പ്രധാന വാർത്തകൾ
 Top