12 November Tuesday

വോട്ടുതേടുന്നത്‌ ഭരണമികവിന്‌: കോടിയേരി ബാലകൃഷ്‌ണൻ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 15, 2019


കൊച്ചി
കഴിഞ്ഞ മൂന്നരവർഷം കേരളത്തിലുണ്ടായ മാറ്റങ്ങളും മുൻ യുഡിഎഫ്‌ സർക്കാരിന്റെ ഭരണവും വോട്ടർമാർ ചർച്ചചെയ്യണമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ഭരണനേട്ടങ്ങൾ ഉയർത്തിക്കാട്ടിയാണ്‌ എൽഡിഎഫ്‌ ഉപതെരഞ്ഞെടുപ്പിൽ വോട്ടർമാരെ സമീപിക്കുന്നത്‌. മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിൽ ചേരിതിരിവ്‌ ഉണ്ടാക്കാനാണ്‌ കോൺഗ്രസും ബിജെപിയും ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞു. എൽഡിഎഫ്‌ സ്ഥാനാർഥി മനു റോയിയുടെ വിജയത്തിന്‌ കേരള പ്രവാസി സംഘം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രവർത്തക കൺവൻഷനും കേരള വ്യാപാരി വ്യവസായി സമിതി സംഘടിപ്പിച്ച കുടുംബസംഗമവും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേന്ദ്ര–-സംസ്ഥാന സർക്കാരുകളെ താരതമ്യപ്പെടുത്തിയാണ്‌ ജനപക്ഷത്തു നിൽക്കുന്നവരാരെന്ന്‌ തീരുമാനിക്കേണ്ടത്‌. മുൻ യുഡിഎഫ്‌ സർക്കാരിന്റെ പ്രവർത്തനവും വിലയിരുത്തണം. വികസനപ്രവർത്തനങ്ങളിൽ സംസ്ഥാനം ഏറെ മുന്നിലാണ്‌.പ്രവാസി പെൻഷൻ 500 രൂപയിൽനിന്ന്‌ രണ്ടായിരമായി വർധിപ്പിച്ചു. തൊഴിൽ നഷ്ടപ്പെട്ടെത്തുന്നവർക്ക്‌ സുരക്ഷിത ജീവിതത്തിന്‌ എൻആർഐ ഇൻവെസ്‌റ്റ്‌മെന്റ്‌ കമ്പനി രൂപീകരിക്കുകയാണ്‌. കേരള ബാങ്കും പ്രവാസികൾക്ക്‌ ഏറെ ഗുണം ചെയ്യുമെന്ന്‌ കോടിയേരി കൂട്ടിച്ചേർത്തു.

കേരള പ്രവാസി സംഘം ജില്ലാ പ്രസിഡന്റ്‌ ഇ ഡി ജോയി അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി ഇ നാസർ സ്വാഗതവും ജോയിന്റ്‌ സെക്രട്ടറി പി എൻ ദേവാനന്ദൻ നന്ദിയും പറഞ്ഞു. ജില്ലാ രക്ഷാധികാരി ഗോപി കോട്ടമുറിക്കൽ, സംസ്ഥാന സെക്രട്ടറി ആർ ശ്രീകൃഷ്‌ണപിള്ള, എ സി ആനന്ദൻ, സംസ്ഥാന കമ്മിറ്റിയംഗം എം വി അഷ്‌റഫ്‌ എന്നിവർ സംസാരിച്ചു.

വ്യാപാരി, വ്യവസായി സമൂഹത്തെ ഏറ്റവും സൗഹാർദ്ദത്തോടെയാണ്‌ സർക്കാർ കാണുന്നതെന്ന്‌ വ്യാപാരിവ്യവസായി സമിതി കുടുംബസംഗമം ഉദ്‌ഘാടനം
ചെയ്‌ത്‌ കോടിയേരി പറഞ്ഞു. ചെറുകിട കച്ചവടക്കാരെ തകർക്കാനാണ്‌ കേന്ദ്രസർക്കാർ ശ്രമിക്കുന്നത്‌. കുത്തകകളെയും കോർപറേറ്റുകളെയും സഹായിക്കാനാണ്‌ കേന്ദ്രസർക്കാർ നോട്ട്‌ നിരോധനവും ചരക്കുസേവന നികുതിയും നടപ്പാക്കിയത്‌. സംസ്ഥാന സർക്കാർ വികസന പദ്ധതികൾക്ക്‌ കുടിയൊഴിയേണ്ടിവരുന്നവരുടെ പുനരധിവാസം, വ്യാപാരി ക്ഷേമനിധി, ഡി ആൻഡ്‌ ഒ ലൈസൻസ്‌ പുതുക്കൽ അഞ്ചുവർഷത്തിലൊരിക്കൽ എന്നിവ നടപ്പാക്കിയത്‌ വ്യാപാരികൾക്ക്‌ ആശ്വാസമായെന്ന്‌ കോടിയേരി പറഞ്ഞു.

ജില്ലാ പ്രസിഡന്റ്‌ പി എം അബ്ദുൾ വാഹിദ്‌ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ഇ എസ്‌ ബിജു,  സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, സംസ്ഥാന സെക്രട്ടറിയറ്റംഗം പി രാജീവ്‌, ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌ എസ്‌ സതീഷ്‌,  സി കെ മണിശങ്കർ, എൻ സി മോഹനൻ, കെ ജെ ജേക്കബ്‌ എന്നിവർ പങ്കെടുത്തു. സമിതി ജില്ലാ സെക്രട്ടറി സി കെ ജലീൽ സ്വാഗതവും വൈസ്‌ പ്രസിഡന്റ്‌ റോബിൻ ജോൺ നന്ദിയും പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top