20 November Wednesday

ശബരിമലയ്‌ക്ക്‌ നൽകിയത്‌ 1273 കോടി; യുഡിഎഫ്‌ ചെലവിട്ടത്‌ 212 കോടി രൂപമാത്രം: മുഖ്യമന്ത്രി

സ്വന്തം ലേഖകൻUpdated: Monday Oct 14, 2019

തിരുവനന്തപുരം> ശബരിമലയുടെ വികസനത്തിനായി എൽഡിഎഫ്‌ സർക്കാർ മൂന്നുവർഷംകൊണ്ട്‌ 1273 കോടിരൂപ ചെലവഴിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ യുഡിഎഫ്‌ സർക്കാർ ചെലവഴിച്ചത്‌ 212 കോടിരൂപ മാത്രമാണ്‌. വിശ്വാസത്തിന്റെ പേരിൽ എൽഡിഎഫിനെ വല്ലാതെ വിമർശിക്കുന്നവർ ഇക്കാര്യം ഓർക്കുന്നത്‌ നല്ലതാണെന്ന്‌ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എൽഡിഎഫ്‌ സ്ഥാനാർഥി വി കെ പ്രശാന്തിന്റെ തെരഞ്ഞെടുപ്പ്‌ പ്രചാരണാർഥം വട്ടിയൂർക്കാവ്‌, പേരൂർക്കട, നന്തൻകോട്‌ എന്നിവിടങ്ങളിൽ പൊതുയോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏതെങ്കിലും ഒരുകാര്യത്തിൽ മാത്രമല്ല, എല്ലാകാര്യത്തിലും കേരളം ഇപ്പോൾ നമ്പർ വൺ ആണെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫ്‌ ഭരണത്തിൽ രാജ്യത്ത്‌ ഏറ്റവും കൂടുതൽ അഴിമതി നടക്കുന്ന സംസ്ഥാനമായിരുന്നു കേരളം. ഇപ്പോൾ അഴിമതി കുറഞ്ഞ സംസ്ഥാനമായി കേന്ദ്രസർക്കാർതന്നെ സാക്ഷ്യപ്പെടുത്തി.

ഇവിടെ ഒന്നും നടക്കില്ലെന്ന നിരാശ മാറി ഇപ്പോൾ പ്രത്യാശയാണ്‌. ദേശീയപാത വിസകനത്തിന്റെ എല്ലാ കടമ്പയും കടന്നു. തലപ്പാടി–-ചെങ്ങള, ചെങ്ങള–-നീലേശ്വരം ഭാഗങ്ങൾ ഏതുനിമിഷവും ടെൻഡർ ചെയ്യാം.  തീരദേശ–-മലയോര ഹൈവേകൾ സമയബന്ധിതമായി പൂർത്തിയാകുന്നു. കോവളം മുതൽ ബേക്കൽവരെ 600 കിലോമീറ്റർ ജലപാത അടുത്തവർഷം യാഥാർഥ്യമാകും. ഗെയിൽ വാതകപൈപ്പ്‌ലൈൻ ഇനി മൂന്നോ നാലോ കിലേമീറ്റർ മാത്രമേ പൂർത്തിയാകാനുള്ളൂ. കൂടംകുളത്തുനിന്ന്‌ 3700 മെഗാവാട്ട്‌ വൈദ്യുതി എത്തിക്കാൻ ഇടമൺ–-കൊച്ചി പവർഹൈവേ ചാർജ്‌ചെയ്‌തുകഴിഞ്ഞു. 

നടക്കില്ലെന്ന്‌ കരുതിയ കൊച്ചി–-കോയമ്പത്തൂർ വ്യവസായ ഇടനാഴിയും യാഥാർഥ്യമാവുകയാണ്‌. യുഡിഎഫ്‌ ഭരണത്തിന്റെ ജീർണത ഇല്ലാതാക്കി കേരളത്തിന്റെ തനത്‌ സംസ്‌കാരം വീണ്ടെടുക്കാൻ കഴിഞ്ഞതാണ്‌ എൽഡിഎഫിന്റെ ഭരണനേട്ടം.  600 വാഗ്‌ദാനവും പാലിക്കാൻ മൂന്നുവർഷംകൊണ്ട്‌ നടപടിയെടുത്തു.  യുഡിഎഫ്‌ ഭരണമാണ്‌ തുടർന്നതെങ്കിൽ എന്താകുമായിരുന്നു കേരളത്തിന്റെ അവസ്ഥയെന്ന്‌ മുഖ്യമന്ത്രി ചോദിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top