12 November Tuesday

ജനനായകനെത്തി ; ടോപ്‌ഗിയറിൽ എൽഡിഎഫ്‌

വെബ് ഡെസ്‌ക്‌Updated: Monday Oct 14, 2019


കൊച്ചി
മൂന്നരവർഷം എൽഡിഎഫ്‌ സർക്കാർ നടപ്പാക്കിയ വികസന പദ്ധതികളും ക്ഷേമപ്രവർത്തനങ്ങളും എണ്ണിപ്പറഞ്ഞ്‌ മെട്രോ നഗരത്തിലെ ജനങ്ങളോട്‌ മുഖ്യമന്ത്രി പിണറായി വിജയൻ സംവദിച്ചു. എൽഡിഎഫ്‌ സ്വതന്ത്ര സ്ഥാനാർഥി അഡ്വ. മനു റോയിയുടെ തെരഞ്ഞെടുപ്പുപ്രചാരണാർഥം ചേർന്ന രണ്ട്‌ പൊതുയോഗങ്ങളിലും ആയിരങ്ങളാണ്‌ ജനനായകനെ കേൾക്കാനെത്തിയത്‌. വോട്ടെടുപ്പിന്‌ ഒരാഴ്‌ചമാത്രം ശേഷിക്കേ മുഖ്യമന്ത്രി എത്തിയതോടെ എൽഡിഎഫ്‌ പ്രചാരണം ടോപ്‌ഗിയറിലെത്തി.

രാവിലെ ടിഡിഎം ഹാളിൽ കൊച്ചിയിലെ പൗരപ്രമുഖരുമായും വിവിധ സംഘടന–-സ്ഥാപന പ്രതിനിധികളുമായും മുഖ്യമന്ത്രി സംവദിച്ചു. പ്രകടനപത്രികയിൽ പറയുന്ന കാര്യങ്ങൾ നടപ്പാക്കാനുള്ളതാണെന്ന്‌ തെളിയിച്ച സർക്കാർ നാലുവർഷം പൂർത്തിയാക്കുമ്പോൾ, മുഴുവൻ വാഗ്‌ദാനങ്ങളും യാഥാർഥ്യമാക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു.

അതിനിടെ വേദിയിലേക്ക്‌ കയറിയ സ്ഥാനാർഥി മനു റോയിയെ പിണറായി കൈകൊടുത്ത്‌ വരവേറ്റു. ‘സ്ഥാനാർഥി അങ്ങനെയങ്ങ്‌ പോയാലോ’ എന്ന കമന്റ്‌ കൂടിയായപ്പോൾ സദസ്സ്‌ കരഘോഷം മുഴക്കി.വൈകിട്ട്‌ അഞ്ചിന്‌ രവിപുരത്തെ പൊതുയോഗവേദിയിലേക്ക്‌ മുഖ്യമന്ത്രി എത്തുമ്പോൾ കനത്ത മഴയെ അവഗണിച്ചും ആയിരങ്ങൾ കാത്തുനിന്നു. മുദ്രാവാക്യം വിളികളുടെ അകമ്പടിയോടെ സ്ഥാനാർഥി മനു റോയിക്കൊപ്പം പിണറായി വേദിയിലേക്ക്‌. ഉപതെരഞ്ഞെടുപ്പുകളിൽ എൽഡിഎഫിന്‌ ലഭിച്ച ജനപിന്തുണ ഓർമിപ്പിച്ച  മുഖ്യമന്ത്രിയുടെ പ്രസംഗം പാലാരിവട്ടം പാലം അഴിമതിയും കടന്ന്‌ എൽഡിഎഫ്‌ സർക്കാരിന്റെ വികസന നേട്ടങ്ങളിലേക്ക്‌. ആരോഗ്യ, വിദ്യാഭ്യാസ, ഐടി, അടിസ്ഥാന സൗകര്യ വികസന മേഖലകളിലെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞു. പദ്ധതികൾ യാഥാർഥ്യമാക്കുന്ന സർക്കാരിന്‌ പിന്തുണയേകാൻ എൽഡിഎഫിന്‌ വോട്ട്‌ ചെയ്യണമെന്ന്‌ അഭ്യർഥിച്ച്‌ എളമക്കരയിലെ വേദിയിലേക്ക്‌. അവിടെ കാത്തുനിന്നവർ  മുദ്രാവാക്യങ്ങളുമായാണ്‌ വരവേറ്റത്‌.

രവിപുരത്തെ യോഗത്തിൽ എൽഡിഎഫ്‌ നിയമസഭാ മണ്ഡലം തെരഞ്ഞെടുപ്പുകമ്മിറ്റി ചെയർമാൻ ടി സി സൻജിത്ത്‌ അധ്യക്ഷനായി. സ്ഥാനാർഥി അഡ്വ. മനു റോയി, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം പി രാജീവ്‌ എന്നിവർ സംസാരിച്ചു. എളമക്കരയിൽ സിപിഐ മണ്ഡലം സെക്രട്ടറി സി എ ഷക്കീർ അധ്യക്ഷനായി. മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, എ കെ ശശീന്ദ്രൻ, സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ്‌ അംഗം കെ പി രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.

യോഗങ്ങളിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ രാധാകൃഷ്‌ണൻ, ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഗോപി കോട്ടമുറിക്കൽ, കെ ചന്ദ്രൻപിള്ള, സി എം ദിനേശ്‌മണി, എസ്‌ ശർമ എംഎൽഎ, ജനതാദൾ എസ്‌ ജില്ലാ പ്രസിഡന്റ്‌ സാബു ജോർജ്‌, ജോസ്‌ തെറ്റയിൽ, എംഎൽഎമാരായ കെ ജെ മാക്‌സി, ജോൺ ഫെർണാണ്ടസ്‌ എന്നിവർ പങ്കെടുത്തു.

 


പ്രധാന വാർത്തകൾ
 Top