13 November Wednesday

പായ്‌വഞ്ചിയിൽ ‘എടവനക്കാട്‌ ബറ്റാലിയൻ’

വെബ് ഡെസ്‌ക്‌Updated: Monday Oct 14, 2019


വൈപ്പിൻ
സെവൻത്‌ കേരള നേവൽ എൻസിസി യൂണിറ്റിന്റെ സാഹസിക നാവിക പര്യടനയാത്ര വൈപ്പിനിലെത്തി. കൊച്ചി നേവൽബേസിൽനിന്ന്‌ ദേശീയ ജലപാതയിലൂടെ വ്യാഴാഴ്ച ആരംഭിച്ച പര്യടനമാണ് കോട്ടപ്പുറം മുസിരിസ് യാർഡ് വഴി 40 കിലോമീറ്റർ സഞ്ചരിച്ച് വിശ്രമത്തിനായി എടവനക്കാട് എസ്ഡിപിവൈ കെപിഎം ഹൈസ്കൂളിലെത്തിയത്. സംഘത്തെ എൻസിസി സെക്കൻഡ്‌ ഓഫീസർ സുനിൽ മാത്യുവും കേഡറ്റുകളും ചേർന്ന് സ്വീകരിച്ചു.

സംഘത്തിന്റെ യാത്ര, 27 ഡി കെ വെയ്ലർ എന്ന പേരുള്ള മൂന്നു പ്രത്യേക ഇനം പായ്‌‌വഞ്ചികളിലാണ്. ഒന്നിൽ ആറുപേരുണ്ടാകും. കാറ്റിന്റെ ഗതിക്കനുസരിച്ച്‌ നീങ്ങുന്ന പായ്‌‌വഞ്ചി അല്ലാത്തപ്പോൾ തുഴ ഉപയോഗിക്കും. രാവിലെ ഏഴിന്‌ ആരംഭിക്കുന്ന പരിശീലനം വൈകിട്ട് അഞ്ചിന് അവസാനിക്കും.  നാവികസേനയുടെ ബോട്ടും അനുഗമിക്കുന്നുണ്ട്. 60 സീനിയർ ഡിവിഷൻ കേഡറ്റുകളും നാവികസേനാംഗങ്ങളടക്കം പത്ത്‌  യൂണിറ്റ്‌ അംഗങ്ങളും ഉൾപ്പെടുന്നതാണ് സംഘം. കേഡറ്റുകളിൽ 25 പേർ പെൺകുട്ടികളാണ്. നീന്തൽശേഷി, കായികക്ഷമത, അഭിരുചി, സന്നദ്ധത തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് സംഘത്തെ തെരഞ്ഞെടുത്തത്.

യാത്രയ്ക്കുമുന്നോടിയായി സീമെൻഷിപ്‌ സ്കൂളിൽ സംഘത്തിന് പരിശീലനം നൽകിയിരുന്നു. ദീർഘദൂര നാവികപര്യടനം കേഡറ്റുകളെ പരിചയപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയുള്ള 14 ദിവസം നീളുന്ന പര്യടനത്തിൽ 342 കിലോമീറ്ററോളം സഞ്ചരിക്കാനാണ് പദ്ധതി. കൊച്ചിയിൽനിന്ന് കോട്ടപ്പുറംവരെയും അവിടെനിന്ന് കൊല്ലത്ത്‌ എത്തി തിരിച്ച് കൊച്ചിയിലേക്ക്‌ മടങ്ങും. 24ന് അവസാനിക്കും. 

പര്യടനം കൊച്ചി നേവൽ ബേസിൽനിന്ന്‌ സതേൺ നേവൽ കമാൻഡ് ചീഫ് ഓഫ് സ്റ്റാഫ് ആർ ജെ നട്കർണിയാണ് ഫ്ളാഗ് ഓഫ് ചെയ്തത്.  ഇതോടൊപ്പം ജലസംരക്ഷണം, മാലിന്യനിയന്ത്രണം, പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കൽ എന്നിവയുമായി ബന്ധപ്പെട്ട് എസ്ഡിപിവൈ കെപിഎം ഹൈസ്കൂളിലെ കേഡറ്റുകൾ സൈക്കിൾറാലി, ഫ്ളാഷ് മോബ്, ശുചീകരണപ്രവർത്തനം തുടങ്ങിയവ നടത്തി. നേവി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സ്കൂളിലെ നേവൽ എൻസിസി കേഡറ്റുകൾക്ക്‌ കോട്ടപ്പുറംമുതൽ ചെറായിവരെ സാഹസികയാത്രാ പരിശീലനം നൽകി.


പ്രധാന വാർത്തകൾ
 Top