20 January Wednesday

മറിയം ത്രേസ്യ ഇനി വിശുദ്ധ

വെബ് ഡെസ്‌ക്‌Updated: Monday Oct 14, 2019

വത്തിക്കാൻ
സങ്കീർത്തനങ്ങളും സ്തുതിഗീതങ്ങളും അലയടിച്ച വത്തിക്കാനിലെ  സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ മദർ മറിയം ത്രേസ്യ ഉൾപ്പെടെ അഞ്ചുപേരെ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചു. ദേശ, ഭാഷാ അതിരുകളില്ലാതെ ഒഴുകിയെത്തിയവർ ചടങ്ങിന് സാക്ഷികളായി. ഹോളിഫാമിലി സന്യാസിനി സമൂഹ സ്ഥാപകയും കുടുംബങ്ങളുടെ മധ്യസ്ഥയുമാണ് മദർ മറിയം ത്രേസ്യ. തൃശൂർ ജില്ലയിൽനിന്ന് മദർ ഏവുപ്രാസ്യാമ്മയ്ക്ക് പുറമെയാണ് മറിയം ത്രേസ്യയും വിശുദ്ധയാകുന്നത്.

വത്തിക്കാൻ ചത്വരത്തിലും രാജവീഥികളിലും തിങ്ങിനിറഞ്ഞ രണ്ടുലക്ഷത്തിൽപ്പരം പേരുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം. ഇന്ത്യൻ സമയം പകൽ 1.45ന് ആരംഭിച്ച ചടങ്ങുകൾ രണ്ടേകാൽ മണിക്കൂർ നീണ്ടു. പകൽ 2.10ന് പ്രത്യേക അൾത്താരയിലായിരുന്നു വിശുദ്ധ നാമകരണച്ചടങ്ങ്. തിരുശേഷിപ്പുകൾ അവിടെ പ്രതിഷ്ഠിച്ചിരുന്നു. വിശുദ്ധപ്രഖ്യാപനത്തിന് ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടൻ സഹകാർമികനായി. മേജർ ആർച്ച് ബിഷപ് മാർ ജോർജ് ആലഞ്ചേരി, തൃശൂർ ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, മാർ ജേക്കബ് തൂങ്കുഴി, മാർ ടോണി നീലങ്കാവിൽ,  കേന്ദ്രമന്ത്രി വി മുരളീധരൻ, ടി എൻ പ്രതാപൻ എംപി, ജസ്റ്റിസ് കുര്യൻ ജോസഫ്, ഹോളി ഫാമിലി സുപ്പീരിയർ ജനറൽ സിസ്റ്റർ ഉദയ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.  കേരളത്തിൽനിന്ന് 200 കന്യാസ്ത്രീകളും നൂറിലധികം വിശ്വാസികളും വത്തിക്കാനിലെത്തിയിരുന്നു. തിങ്കളാഴ്ച രാവിലെ  സെന്റ് അനസ്താസിയ ബസിലിക്കയിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ കൃതജ്ഞതാബലി അർപ്പിക്കും. മദർ മറിയം ത്രേസ്യയെ കൂടാതെ കർദിനാൾ ജോൺ ഹെൻറി ന്യൂമാൻ (ഇംഗ്ലണ്ട്), സിസ്റ്റർ ജ്യൂസെപ്പിന വന്നിനി (ഇറ്റലി), സിസ്റ്റർ ഡ്യൂൾസ് ലോപ്പസ് പോന്തസ് (ബ്രസീൽ), സിസ്റ്റർ മാർഗ്രറ്റ് ബേയ്സ് (സ്വിറ്റ്സർലൻഡ്) എന്നിവരും വിശുദ്ധ പദവിയിലേക്ക് ഉയർന്നു.

മറിയം ത്രേസ്യയുടെയും മറ്റ്‌ നാലുപേരുടെയും വിശുദ്ധ പ്രഖ്യാപനത്തിനായി ഫ്രാൻസിസ്‌ മാർപ്പാപ്പയെ സെന്റ്‌ പീറ്റേഴ്‌സ്‌  ചത്വരത്തിലേക്ക്‌ ആനയിക്കുന്നു

മറിയം ത്രേസ്യയുടെയും മറ്റ്‌ നാലുപേരുടെയും വിശുദ്ധ പ്രഖ്യാപനത്തിനായി ഫ്രാൻസിസ്‌ മാർപ്പാപ്പയെ സെന്റ്‌ പീറ്റേഴ്‌സ്‌ ചത്വരത്തിലേക്ക്‌ ആനയിക്കുന്നു


 

വത്തിക്കാനിൽ നടന്ന ചടങ്ങിൽ മദർ മറിയം ത്രേസ്യയെക്കുറിച്ച് ഫാ. ബിനോജ് മുളവരിക്കൽ രചിച്ച് സംഗീതം നൽകിയ രണ്ടു മലയാള ഗാനങ്ങൾ ആലപിച്ചു.  വിശ്വാസികളുടെ പ്രാർഥനയിൽ സിസ്റ്റർ ധന്യാ തെരേസ മലയാള സാന്നിധ്യമായി. മദർ മറിയം ത്രേസ്യയെ വിശുദ്ധയാക്കുന്നതിൽ നിർണായകമായത് ക്രിസ്റ്റഫർ ജോളി എന്ന ബാലന്റെ രോഗശാന്തിയാണ്. ക്രിസ്റ്റഫറും കുടുംബവും മാർപ്പാപ്പയ്ക്കൊപ്പം വേദിയിൽ ഉണ്ടായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top