20 January Wednesday

തുറന്നത്‌ കല്ലറയല്ല; ജോളിയുടെ ഉള്ളറ ; ഷാജുവിന്റെ പിതാവിനും പങ്കെന്ന്‌ സംശയം

വി കെ സുധീർകുമാർUpdated: Monday Oct 14, 2019

കല്ലറ തുറക്കുന്ന ദിവസം  ജോളി വരാതിരുന്നത്‌  കൊലപാതകങ്ങളിലെ പങ്ക്‌ കൂടുതൽ വ്യക്തമാക്കിയെന്ന്‌ കോഴിക്കോട്‌ റൂറൽ എസ്‌പി കെ ജി സൈമൺ പറഞ്ഞു. ജോളിയെന്ന കുറ്റവാളിയുടെ ഉള്ളറ തുറന്ന സമയമായിരുന്നു അത്‌.  വരണമെന്നറിയിച്ചിട്ടും വന്നില്ല.  കൂടത്തായി കൊലപാതക പരമ്പരയുടെ ചുരുളഴിച്ച അന്വേഷകസംഘ തലവൻ ‘ദേശാഭിമാനി’യോട്‌ പറഞ്ഞു.  

കെ ജി സൈമൺ

കെ ജി സൈമൺ

‘കഴിഞ്ഞ നാലിനാണ്‌ ആറുപേരെയും അടക്കിയ കല്ലറ തുറന്നത്‌. അവിടെ വരണമെന്ന്‌ ജോളിയോട്‌ പ്രത്യേകം പറഞ്ഞിരുന്നു. വരാമെന്ന്‌  സമ്മതിച്ചതുമാണ്‌. കല്ലറ തുറക്കുന്നതിൽ ജോളിയുടെ സ്വന്തക്കാർക്ക്‌ കടുത്ത എതിർപ്പുണ്ടായിരുന്നു. ജോളി പ്രത്യേക മാനസികാവസ്ഥയുടെ ഉടമയായതിനാൽ അവരുടെ മാനസിക പ്രതികരണങ്ങൾ അറിയാനായിരുന്നു വിളിപ്പിച്ചത്‌. കരുതിയതുപോലെ അവർ വന്നില്ല. ഇതോടെ കേസിൽ അവരുടെ പങ്ക്‌ കൂടുതൽ വ്യക്തമായി. കല്ലറ പൊളിച്ചതോടെ കുടുങ്ങിയെന്ന്‌ ജോളിക്ക്‌ വ്യക്തമായി.   കടുത്ത സ്വഭാവ വൈകൃതത്തിനുടമയാണ്‌ ജോളി. ആരെയും വിശ്വസിപ്പിക്കാനുള്ള അപാര കഴിവുണ്ടവർക്ക്‌. പ്ലസ്‌ടു വിദ്യാഭ്യാസം മാത്രമായിട്ടും എട്ട്‌ കിലോമീറ്റർ മാത്രം അകലെയുള്ള  എൻഐടിയിൽ ലക്‌ചറർ ആണെന്ന്‌  ഭർത്താവിനെയും നാട്ടുകാരെയുമടക്കം തെറ്റിദ്ധരിപ്പിക്കാൻ അവർക്കായെന്നും എസ്‌പി പറഞ്ഞു. 

റോയിയുടെ 16–-ാം അടിയന്തര ചടങ്ങ്‌ അറിയിച്ച്‌ ജോളി നൽകിയ കാർഡിലും എൻഐടി ലക്‌ചറർ എന്നാണുള്ളത്‌. ആളുകളുടെ മനസ്സിൽ വ്യാജജോലി ഊട്ടിയുറപ്പിക്കാനായിരുന്നു ഇത്‌. ഇപ്പോഴത്തെ ഭർത്താവ്‌ ‘ബുദ്ധിയുള്ള മണ്ടനാണ്‌’. സിലിയുടെയും മകൾ അൽഫെയ്‌നിന്റെയും കൊല ഷാജു ആദ്യം അറിഞ്ഞിരുന്നോ അതോ പിന്നീടാണോ അറിഞ്ഞതെന്നത്‌ അന്വേഷിക്കുന്നുണ്ട്‌. ബിഎസ്‌എൻഎൽ ജീവനക്കാരനായ ജോൺസണുമായി ജോളിക്ക്‌ അടുത്തബന്ധമുണ്ട്‌. ജോൺസണിന്റെ പങ്കും അന്വേഷണത്തിലാണ്‌. 

അഞ്ച്‌ കൊലപാതകം സയനൈഡ്‌ ഉപയോഗിച്ചാണെന്നും അന്നമ്മയുടേത്‌ കീടനാശിനി ഉപയോഗിച്ചെന്നുമാണ്‌ ജോളിയുടെ കുറ്റസമ്മതം.  മാത്യുവാണ്‌ സയനൈഡ്‌ നൽകിയത്‌. എൻഐടി കാന്റീൻ, റോമൻ കത്തോലിക്ക പള്ളി, ബ്യൂട്ടിപാർലർ, സ്റ്റിച്ചിങ്‌ സെന്റർ എന്നിവിടങ്ങളിലേക്കാണ്‌ എൻഐടി ലക്‌ചറർ എന്ന്‌ പറഞ്ഞ്‌ ജോളി ഇത്രയും കാലംപോയത്‌. ഇവിടങ്ങളിൽ മാത്രമായിരിക്കില്ല അവരെത്തിയതെന്നാണ്‌ നിഗമനം. കേസിൽ പുതിയ കഥാപാത്രങ്ങൾ കടന്നുവരുന്നതോടെ ചോദ്യംചെയ്യുന്നവരുടെ പട്ടിക നീളുകയാണെന്നും കെ ജി സൈമൺ പറഞ്ഞു.

ഷാജുവിന്റെ പിതാവിനും പങ്കെന്ന്‌ സംശയം
കൂടത്തായി കൊലപാതക പരമ്പരയിൽ ഷാജുവിന്റെ പിതാവ്‌ സക്കറിയയുടെ പങ്കും പൊലീസിന്റെ അന്വേഷണത്തിൽ. ജോളി നടത്തിയ  കൊലപാതകങ്ങൾ സക്കറിയ അറിഞ്ഞിരുന്നുവെന്നാണ്‌ അന്വേഷണ സംഘത്തിന്‌ ലഭിച്ച വിവരം. നേരത്തെ സക്കറിയയിൽനിന്ന്‌ മൊഴിയെടുത്തിരുന്നു. എന്നാൽ കസ്റ്റഡിയിൽ ലഭിച്ച ശേഷമുള്ള ജോളിയുടെ മൊഴി പ്രകാരം അടുത്തദിവസം സക്കറിയയെ വിശദമായി ചോദ്യം ചെയ്യുമെന്നാണ്‌ സൂചന. ഷാജുവിന്റെ ഭാര്യ സിലിയുടെയും മകൾ അൽഫൈനിന്റെയും കൊലപാതകങ്ങൾ ബന്ധപ്പെട്ടാകും  പ്രധാനമായും ചോദ്യം ചെയ്യുക. അൽഫൈനെ ബ്രഡ്ഡിൽ സയനൈഡ്‌ കലർത്തിയാണ്‌ കൊന്നതെന്ന്‌ ജോളി കുറ്റസമ്മതം നടത്തിയിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top