22 July Monday
സിബിഐ കണ്ടെത്തൽ എതിര്‌ ; വെട്ടിലായി കോൺഗ്രസ്‌

സോളാർ കേസിൽ തുടരന്വേഷണം ; ഉമ്മൻചാണ്ടിയുടെ കുടുംബം എതിര്‌, പാർടിയിൽ ഭിന്നത

ദിനേശ്‌വർമUpdated: Thursday Sep 14, 2023


തിരുവനന്തപുരം
സോളാർ ലൈംഗിക പീഡന കേസിൽ തുടരന്വേഷണം നടത്തുന്നതിനോട്‌ ഉമ്മൻചാണ്ടിയുടെ കുടുംബത്തിനും പാർടിയിലെ എ വിഭാഗത്തിനും കടുത്ത വിയോജിപ്പ്‌. എന്നാൽ, സിബിഐ തന്നെ വീണ്ടും അന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ ഔദ്യോഗിക വിഭാഗവും രംഗത്തെത്തി. പതിറ്റാണ്ട്‌ പഴക്കമുള്ള സോളാർ തട്ടിപ്പ്‌, ലൈംഗികപീഡന കേസുകളുടെ അധ്യായങ്ങൾ വീണ്ടും തുറക്കപ്പെടുന്നത്‌ ഉമ്മൻചാണ്ടിയുടെ പേര്‌ മോശമാക്കാൻ ഇടയാക്കും. ഇതു വേണ്ടെന്നാണ്‌ കുടുംബാംഗങ്ങളുടെ നിലപാട്‌. കുടുംബവുമായി ആത്മബന്ധമുള്ള നേതാക്കളുടെ നിലപാടും ഇതാണ്‌.

‘ഇനിയും ആ കേസ്‌ തുടരന്വേഷണം നടത്തേണ്ടെന്നാണ്‌ അഭിപ്രായം. അപ്പ ഉള്ളകാലത്തുതന്നെ അതുമായി ബന്ധപ്പെട്ടവരോട്‌ പൊറുത്തതാണ്‌. സിബിഐ അന്വേഷിച്ച്‌ ആരോപണങ്ങളിലൊന്നും സത്യമില്ലെന്ന്‌ കണ്ടെത്തി കോടതിയിൽ റിപ്പോർട്ട്‌ സമർപ്പിച്ചിട്ടുണ്ട്‌. കഴിഞ്ഞുപോയ കാര്യങ്ങളാണ്‌ അവയെല്ലാം. പാർടിയിലും മുന്നണിയിലും കുഴപ്പമുണ്ടാക്കാനാണ്‌ ചിലരുടെ ശ്രമം. അന്വേഷണം ആവശ്യപ്പെട്ട്‌ കോടതിയെ സമീപിക്കില്ല’ –- സ്വകാര്യ ചാനലിനോട്‌ ചാണ്ടി ഉമ്മൻ പറഞ്ഞു. എന്നാൽ, നിയമസഭയിൽ അടിയന്തര പ്രമേയം കൊണ്ടുവന്ന്‌ തിരിച്ചടിവാങ്ങിയ ജാള്യം മറയ്ക്കാൻ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനും കൂട്ടരും തുടരന്വേഷണം വേണമെന്ന നിലപാടിലാണ്‌. ചൊവ്വാഴ്‌ച കെപിസിസിയും ബുധനാഴ്ച യുഡിഎഫും ചേർന്നപ്പോഴും വ്യാഴാഴ്‌ച പ്രധാന നേതാക്കൾ കൂടിയാലോചിച്ചപ്പോഴും തർക്കംമൂലം  തീരുമാനമെടുക്കാനായില്ല. എങ്ങനെ അന്വേഷിച്ചാലും ഉമ്മൻചാണ്ടിയെ താഴെയിറക്കാൻ ശ്രമിച്ച കോൺഗ്രസ്‌ നേതാക്കളുടെ ഉള്ളുകള്ളികൾ പുറത്തുവരും. കെ മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ്‌ തുടങ്ങിയവരും തുടരന്വേഷണത്തിനെതിരെ രംഗത്തുവന്നു.  അന്വേഷണം വേണമോയെന്ന ചോദ്യത്തോട്‌ ‘എല്ലാം പുറത്തുവരട്ടെ, കെപിസിസി അധ്യക്ഷൻ അന്തിമ തീരുമാനം എടുക്കട്ടെ’ എന്നാണ്‌ കൊടിക്കുന്നിൽ പ്രതികരിച്ചത്‌.

കോൺഗ്രസിലെ പ്രബലമായ ഒരു വിഭാഗത്തെ നിർവീര്യമാക്കി നിർത്താൻ തുടരന്വേഷണം ആയുധമാക്കാമെന്ന കണക്കുകൂട്ടലും ഔദ്യോഗിക വിഭാഗത്തിനുണ്ട്‌. അതേസമയം, അന്വേഷണമാവശ്യപ്പെട്ട്‌ പരാതി നൽകേണ്ട എന്നതിൽ കോൺഗ്രസിൽ പൊതുധാരണയായിട്ടുണ്ട്‌.സിബിഐ റിപ്പോർട്ടിന്റെ പേരുപറഞ്ഞ്‌ എൽഡിഎഫ്‌ സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ കോൺഗ്രസ്‌ നടത്തിയ ശ്രമം അവരെത്തന്നെ തിരിഞ്ഞുകുത്തുകയാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ കൊച്ചിയിൽ പ്രതികരിച്ചു.

സിബിഐ കണ്ടെത്തൽ എതിര്‌ ; വെട്ടിലായി കോൺഗ്രസ്‌
സോളാർ ലൈംഗികാരോപണക്കേസിൽ സിബിഐയുടെ കണ്ടെത്തൽ സഭയിൽ വിവാദമാക്കിയത്‌ കോൺഗ്രസിന്‌ തിരിച്ചടിയാകുന്നു. ഉമ്മൻചാണ്ടി ജീവിച്ചിരിക്കുമ്പോൾ കൈയിലെത്തിയ റിപ്പോർട്ട്‌ ഇപ്പോൾ കുത്തിപ്പൊക്കിയതിനു പിന്നിൽ അദ്ദേഹത്തിന്റെ ഓർമകളെ അപമാനിക്കാനുള്ള ഗൂഢാലോചനയാണെന്ന ചർച്ചയും ചൂടുപിടിക്കുകയാണ്‌. സിബിഐയുടെ വിശദ റിപ്പോർട്ടിലുടനീളം കോൺഗ്രസ്‌ നേതാക്കളും ഉമ്മൻ ചാണ്ടിയുടെ സാഹായികളും ഒപ്പമുണ്ടായിരുന്ന ജീവനക്കാരും പരാതിക്കാരിയുമായുണ്ടാക്കിയ ബന്ധവും ഇടപാടുകളെക്കുറിച്ചുമുണ്ട്‌. സോളാർ കേസ്‌ കോടതിയിലുള്ള സമയത്ത്‌ പരാതിക്കാരിയുടെ ഡ്രൈവറായിരുന്ന വിനുകുമാറിന്റെ മൊഴിയിൽ ബെന്നി ബഹ്‌നാൻ എംപി, തമ്പാനൂർ രവി, മുൻ മന്ത്രിയുടെ പിഎ ആയിരുന്ന നസറുള്ള എന്നിവർ പരാതിക്കാരിയെ നിരന്തരം വിളിച്ചിരുന്നതായും സാമ്പത്തിക ഇടപാട്‌ നടത്തിയതായും പറയുന്നു. ഈ മൂന്നുപേർ പല രാഷ്ട്രീയ നേതാക്കളിൽനിന്നും പണം സ്വീകരിച്ചതായും വിനുകുമാർ മൊഴിനൽകിയിട്ടുണ്ട്‌. നേതാക്കളുടെ പേര്‌ വ്യക്തമാക്കിയിട്ടില്ലെങ്കിലും കോൺഗ്രസ്‌ നേതാക്കൾ ആരുമായാകാം സാമ്പത്തിക ഇടപാട്‌ നടത്തിയതെന്ന സൂചന റിപ്പോർട്ടിലുണ്ട്‌.

ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മന്റെ ഇടപെടൽ സംബന്ധിച്ചുള്ള വിവരങ്ങളും സിബിഐക്ക്‌ മൊഴി ലഭിച്ചിരുന്നു. കേസിൽ മൊഴി രേഖപ്പെടുത്തേണ്ടിവന്ന രാഷ്ട്രീയ നേതാക്കൾ മുൻ മന്ത്രി കെ സി ജോസഫും ചീഫ്‌ വിപ്പ്‌ ആയിരുന്ന പി സി ജോർജിന്റേതുമാണ്‌. കേസുമായി ബന്ധപ്പെട്ട്‌ പി സി ജോർജ്‌ മാധ്യമങ്ങളോടു പറഞ്ഞ കാര്യം സിബിഐക്ക്‌ മുന്നിൽ തിരുത്തി പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ സഹായികളായിരുന്ന ടെന്നി ജോപ്പനും ജിക്കുമോനും ഗൺമാൻ സലീം രാജുമെല്ലാം തങ്ങൾക്ക്‌ പരാതിക്കാരിയുമായുണ്ടായിരുന്ന ബന്ധത്തെക്കുറിച്ചും സിബിഐക്ക്‌ മൊഴിനൽകി. കേസ്‌ എൽഡിഎഫിന്റെയും സിപിഐ എമ്മിന്റെയും ഗൂഢാലോചനയാണെന്ന്‌ സ്ഥാപിക്കാനുള്ള പ്രതിപക്ഷ ശ്രമം സിബിഐ തന്നെ തള്ളിക്കളയുന്നുണ്ട്‌. ദല്ലാൾ നന്ദകുമാർ നൽകിയ മൊഴിയിൽമാത്രം ഒരിടത്താണ്‌ സിപിഐ എം നേതാക്കളുടെ സമ്മർദമെന്ന്‌ പറയുന്നത്‌. എന്നാൽ, ഈ മൊഴിയുടെ അടിസ്ഥാനത്തിൽ ഒരു പരാമർശംപോലും റിപ്പോർട്ടിൽ ഇല്ല.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top