21 October Wednesday

നേട്ടങ്ങൾ ജനങ്ങളിൽ നിന്ന് മറച്ചുവെക്കാൻ ചിലരുടെ ശ്രമം; ഒരു ദിവസത്തെ വാർത്തയിലല്ല, ജീവിതാനുഭവത്തിലാണ് ജനം വിധികൽപ്പിക്കുക: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Sep 14, 2020

തിരുവനന്തപുരം > ജനങ്ങൾ ഏതെല്ലാം കാര്യത്തിൽ സന്തോഷിക്കുന്നുവോ അത് നടക്കാൻ പാടില്ലെന്നാണ് ചിലർ കരുതുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ വികസന പ്രവർത്തനങ്ങൾ ജനങ്ങളിൽ നിന്ന് മറച്ചുവെക്കാനും പ്രത്യേക മാനസികാവസ്ഥക്കാർ ശ്രമിക്കുന്നുണ്ട്. എന്നാൽ ഇതെല്ലാം തങ്ങളുടെ ജീവിതാനുഭവത്തിലൂടെ ജനങ്ങൾ തിരിച്ചറിയുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കോന്നി മെഡിക്കൽ കോളേജിന്റെ ഒപി വിഭാഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കോന്നി മെഡിക്കൽ കോളേജിന്റെ ഒന്നാംഘട്ട നിർമാണ പ്രവർത്തനം 2015ൽ പൂർത്തിയാകേണ്ടതായിരുന്നു. എന്നാൽ പണി എവിടെയുമെത്തിയില്ല. കെടുകാര്യസ്ഥതയുടെ ഫലമായി നിലച്ചുപോയ പ്രവർത്തനം എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയശേഷമാണ് ആരംഭിക്കുന്നത്. അത് പൂർണ അർത്ഥത്തിലുള്ള മെഡിക്കൽ കോളേജാക്കി മാറ്റുക എന്ന ലക്ഷ്യത്തിലാണ്.

നേരത്തേ ഉദ്ദേശിച്ച രീതിയിൽ പണി പൂർത്തിയാക്കാത്തവർക്ക് ഈ ഘട്ടത്തിൽ ജാള്യത അനുഭവപ്പെടും. അത് സ്വാഭാവികമാണ്. മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാകണം എന്ന് ആഗ്രഹിച്ചവരെല്ലാം ഈ ഘട്ടത്തിൽ സന്തോഷിക്കുന്നുണ്ട്. എന്നാൽ ഈ ചടങ്ങ് ഒരു കൂട്ടർ ബഹിഷ്‌കരിച്ചതെന്തിനാണെന്ന് മനസിലാകുന്നില്ല. അത് നോട്ടീസിലെ പേരിന്റെ പ്രശ്‌നമല്ല. ഇത്തരം കാര്യങ്ങൾ നാട്ടിൽ നടക്കുന്നത് എങ്ങനെയെല്ലാം മറച്ചുവെക്കണം, അതിന്റെ ശോഭ ഏതൊക്കെ രീതിയിൽ കെടുത്തണം എന്ന ഒരു മാനസികനില ചിലർക്ക് രൂപപ്പെട്ടിട്ടുണ്ട്.- പരിപാടിയിൽ മതിയായ പ്രാതിനിധ്യമില്ലെന്ന പേരിൽ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിച്ച യുഡിഎഫിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

കാര്യക്ഷമതയോടെ ആരോഗ്യവകുപ്പ് പ്രവർത്തിക്കുന്നു, നാട്ടുകാർ ആഗ്രഹിക്കുന്ന രീതിയിൽ മെഡിക്കൽ കോളേജ് പ്രവർത്തനങ്ങൾ നടക്കുന്നു, ഇതൊന്നും ചിലർക്ക് സഹിക്കാനാകുന്നില്ല. ഇക്കൂട്ടർക്ക് ഇങ്ങനെ സഹിക്കാനാകാത്ത ഒട്ടേറെ കാര്യങ്ങൾ നമ്മുടെ നാട്ടിലുണ്ട്. ആരോഗ്യരംഗത്തുണ്ടായ വളർച്ചയും ഉയർച്ചയും ഉദാഹരണമാണ്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറിയത്, താലൂക്ക് ആശുപത്രി മുതൽ മെഡിക്കൽ കോളേജ്  വരെ സൂപ്പർ സ്‌പെഷ്യാലിറ്റി സൗകര്യങ്ങ്‌ളോടെ ഒരുങ്ങുന്നത്-ഇതൊക്കെ കണ്മുന്നിലുള്ള യാഥാർത്ഥ്യമാണ്.

പക്ഷേ ഇത്തരം കാര്യങ്ങൾ നാട്ടിലുള്ളവരും പുറത്തുള്ളവരും അംഗീകരിക്കുമ്പോഴും തങ്ങൾക്ക് അതിന് കഴിയില്ലെന്ന മാനസികാവസ്ഥയോടെ നടക്കുന്ന കൂട്ടരും നാട്ടിലുണ്ട്. ഇപ്പോൾ മഹാമാരിയുടെ സാഹചര്യത്തിൽ രോഗം ഏതെങ്കിലും തരത്തിൽ വ്യാപിച്ച് കിട്ടാനാണ് അക്കൂട്ടർ ശ്രമിച്ചത്. എല്ലാം ജനങ്ങൾ കാണുന്നുണ്ട്. ജനങ്ങൾ ഏതെല്ലാം കാര്യത്തിൽ സന്തോഷിക്കുന്നുവോ അത് നടക്കാൻ പാടില്ലെന്നാണ് ഇക്കൂട്ടർ കരുതുന്നത്.

ചിലർ മറ്റുചില പ്രചരണങ്ങളിലൂടെ ഈ അവസ്ഥയെ അട്ടിമറിക്കാനും ശ്രമിക്കുന്നു. ലൈഫ് മിഷൻ എന്നാൽ എന്തോ വലിയ കമീഷന്റെയും കൈക്കൂലിയുടെയും ഭാഗമാണെന്നാണ് ഇന്നിറങ്ങിയ ഒരു പത്രത്തിന്റെ തലക്കെട്ട് കണ്ടാൽ തോന്നുക. രണ്ടേകാൽ ലക്ഷത്തിലേറെ കുടുംബങ്ങൾ ലൈഫ് മിഷനിലൂടെ സ്വന്തം വീട്ടിൽ കിടന്നുറുകയാണ്. ഇതിലെവിടെയാണ് അഴിമതി? ജനങ്ങളുടെ ദീർഘകാലത്തെ സ്വപ്‌നമാണ് സാക്ഷാത്കാരമായത്. നാടിന്റെ ഈ നേട്ടം കരിവാരിത്തേക്കാനാണ് ശ്രമം. അതിന് നെറികേടിന്റേതായ മാർഗങ്ങൾ സ്വീകരിക്കുകയാണ്. ഇതേ വാർത്തയിൽ അവസാനം പറയുന്നു ലൈഫ് മിഷന് ബന്ധമില്ലെന്ന്. ഇത് മര്യാദയാണോ. ഇതാണോ സ്വീകരിക്കേണ്ട മാർഗം. ലൈഫ് മിഷന് ഒരു ബന്ധവുമില്ലാത്ത കാര്യത്തിന്റെ പേരിൽ ലൈഫ് മിഷനെയും വീട് നിർമിച്ച പ്രകൃയയെയും ആകെ കരിവാരിത്തേക്കുന്നത് ശരിയാണോ?-മലയാള മനോരമ വാർത്ത സൂചിപ്പിച്ച് മുഖ്യമന്ത്രി ചോദിച്ചു.

ശരിയായ കാര്യങ്ങൾ ജനങ്ങളുടെ മുന്നിൽ നിന്ന് മറച്ചുവെക്കാനാണ് ഈ മാനസികാവസ്ഥക്കാരുടെ ശ്രമം. എന്നാൽ നാട്ടിലെ ജനങ്ങൾ  ഒരു ദിവസത്തെ വാർത്തകണ്ട് കാര്യങ്ങളിൽ വിധി കൽപ്പിക്കുന്നവരല്ല. ജനങ്ങളുടെ ജീവിതാനുഭവമുണ്ട്. അതിലാണ് വിധിയെഴുത്തെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോന്നി മെഡിക്കൽ കോളേജിന് 351 കോടി രൂപയുടെ ഭരണാനുമതി നൽകി കഴിഞ്ഞു. മാസ്റ്റർ പ്ലാൻ പ്രകാരം മെഡിക്കൽ കോളേജിന്റെ തുടർവികസന പ്രവർത്തനങ്ങളും യാഥാർത്ഥ്യമാക്കും. ശബരിമല തീർത്ഥാടന ഘട്ടത്തിലടക്കം ഈ മെഡിക്കൽ കോളേജ് ഉപകാരപ്പെടും. സമയബന്ധിതമായി പ്രവർത്തനങ്ങൾ പൂർത്തീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top