24 October Thursday

ക്വട്ടേഷൻ സംഘത്തിന്‌ ’മനസ്സുമാറി’ കൊണ്ടുപോയത്‌ കൊല്ലാൻ; ഓണക്കോടി നൽകി വിട്ടു

വെബ് ഡെസ്‌ക്‌Updated: Saturday Sep 14, 2019


തട്ടിക്കൊണ്ടുപോയി വധിക്കാൻ ശ്രമിച്ചയാളെ ക്വട്ടേഷൻ സംഘത്തിന്‌ ദയവുതോന്നി വഴിയിലുപേക്ഷിച്ചു. അയിരൂർ കോറ്റാത്തൂർ കൈയ്യാലക്കകത്ത് ഡോ. കെ രഘുവിനെയാണ് വ്യാഴാഴ്ച പകൽ 2.30 ന് പാമ്പാടി മാന്തുരുത്തിയിൽനിന്ന്‌ വാഹനം തടഞ്ഞ് തട്ടിക്കൊണ്ടുപോയത്‌. തട്ടിക്കൊണ്ടുപോയവർ ക്വട്ടേഷൻ സംഘത്തിന്‌ കൈമാറിയെങ്കിലും കാര്യങ്ങൾ മനസ്സിലാക്കി രഘുവിനെ മണിമലയ്‌ക്കുസമീപം റോഡിൽ ഉപേക്ഷിക്കുകയായിരുന്നു.

ഡോ. രഘുവിന്റെ പറമ്പിലെ തേക്കുതടികൾ 2008 ൽ ആലപ്ര സ്വദേശി സുലൈമാന് അഞ്ചുലക്ഷം രൂപക്ക് വിറ്റിരുന്നു. തടി വെട്ടിക്കൊണ്ടുപോയെങ്കിലും 3.30 ലക്ഷം രൂപ മാത്രമാണ് നൽകിയത്. ഇടനിലക്കാരനായ ചെറുകോൽ സ്വദേശി ടി ആർ സുരേന്ദ്രൻ നായർ മുഖേന നിരവധി തവണ ബന്ധപ്പെട്ടെങ്കിലും ബാക്കി തുക ലഭിച്ചില്ല.

ഇതിനിടയിലാണ് രഘുവിന്റെ വസ്തുവിലെ അഞ്ചുതേക്കുമരങ്ങളും മൂന്ന് ആഞ്ഞിലിയും നാലു ലക്ഷം രൂപ വിലയ്‌ക്ക് സുലൈമാൻ വാങ്ങിയത്. ഇതിന് രണ്ടു ലക്ഷം രൂപ അഡ്വാൻസ് ആവശ്യപ്പെട്ടെങ്കിലും 1.10ലക്ഷം മാത്രം നൽകി. പഴയതുപോലെ തടികൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ രഘുവും വീട്ടുകാരും തടഞ്ഞു. പഴയ ബാക്കിതുക കൂടി തരണമെന്നും ആവശ്യപ്പെട്ടു.

ഈ വിഷയം നിലനിൽക്കവെയാണ് രഘു സ്വന്തം പറമ്പിലെ പാഴ്‌‌മരങ്ങൾ പെരുമ്പാവൂരിൽ വിൽക്കാൻ ലോറിയിൽ കൊണ്ടുപോയത്. മാന്തുരുത്തിയിൽ എത്തിയപ്പോൾ രണ്ടു ജീപ്പുകളിലും ഒരു കാറിലുമെത്തിയ സംഘം ബലമായി പിടിച്ച് ജീപ്പിൽ കയറ്റുകയായിരുന്നു. പിടിവലിയിൽ തന്റെ വസ്ത്രങ്ങൾ കീറി നശിച്ചതായി രഘു  പറഞ്ഞു. ആൾപാർപ്പില്ലാത്ത റബർ തോട്ടത്തിൽവച്ച് മറ്റൊരു ജീപ്പിലേയ്ക്ക് കയറ്റി.

പുതിയ ജീപ്പിലുണ്ടായിരുന്നവർ എരുമേലിയിലുള്ള ക്വട്ടേഷൻ സംഘമാണെന്ന്‌ പരിചയപ്പെടുത്തി. അവരോട് കാര്യങ്ങൾ വിശദീകരിച്ചു. ദയ തോന്നിയ ഇവർ മണിമലയ്‌ക്കുസമീപം ഇറക്കിവിടുകയായിരുന്നു.  പുതിയ ഒരു ഉടുപ്പും വാങ്ങി നൽകിയതായും രഘു പറയുന്നു. ബലപ്രയോഗം ശ്രദ്ധയിൽപ്പെട്ട നാട്ടുകാരിലൊരാൾ പാമ്പാടി പൊലീസിൽ വിവരം അറിയിച്ചിരുന്നു. പൊലീസ്‌ എത്തും മുൻപ് രഘുവുമായി അക്രമിസംഘം കടന്നിരുന്നു. രഘു തടിയുമായി വന്ന ലോറി പൊലീസ്‌ സ്റ്റേഷനിലേയ്ക്ക് മാറ്റി അന്വേഷണം ആരംഭിച്ചു. രഘു സ്റ്റേഷനിലെത്തി പരാതി നൽകി.


പ്രധാന വാർത്തകൾ
 Top