18 October Friday

കരാറുകാരന്റെ മരണം : ട്രസ്‌റ്റ്‌ ഭാരവാഹികളെ ഇന്ന്‌ ചോദ്യം ചെയ്യും

പ്രത്യേക ലേഖകൻUpdated: Saturday Sep 14, 2019


കെട്ടിടനിർമാണ കരാറുകാരൻ ചെറുപുഴയിലെ ജോസഫ്‌ മുതുപാറക്കുന്നേലിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട്‌ കോൺഗ്രസ്‌, ലീഗ്‌ നേതാക്കളെ അന്വേഷകസംഘം ശനിയാഴ്‌ച ചോദ്യംചെയ്‌തേക്കും. ജോസഫിന്‌ ഒന്നരക്കോടിയോളം രൂപ നൽകാനുള്ള കെ കരുണാകരൻ സ്‌മാരക ചാരിറ്റബിൾ ട്രസ്‌റ്റ്‌ ചെയർമാനും കെപിസിസി മുൻ നിർവാഹക സമിതി അംഗവുമായ കെ കുഞ്ഞികൃഷ്‌ണൻ നായർ, സെക്രട്ടറിയും ചെറുപുഴ പഞ്ചായത്ത്‌ മുൻ പ്രസിഡന്റുമായ റോഷി ജോസ്‌, ട്രഷററും മുസ്ലിംലീഗ്‌ നേതാവുമായ അബ്ദുൾസലിം എന്നിവരെയാണ്‌ ചോദ്യം ചെയ്യുക.

തളിപ്പറമ്പ്‌ ഡിവൈഎസ്‌പി ടി കെ രത്‌നാകരൻ, അന്വേഷണ ഉദ്യോഗസ്ഥനായ പെരിങ്ങോം സി ഐ രാജഗോപാൽ എന്നിവരുടെ നേതൃത്വത്തിലായിരിക്കും  ചോദ്യം ചെയ്യൽ. ജോസഫിന്റെ മരണം കൊലപാതകമാണോ ആത്മഹത്യയാണോ എന്നതിൽ  വ്യക്തതയായിട്ടില്ല. കൊലപാതകമാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്‌ കുടുംബം.  പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിൽ  ആത്മഹത്യയാണെന്നു പറയുന്നു. പോസ്‌റ്റ്‌മോർട്ടം നടത്തിയ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ  ഫോറൻസിക്‌ സർജൻ  ഡോ. ഗോപാലകൃഷ്‌ണ പിള്ളയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. അദ്ദേഹം അവധിയിലാണ്‌. അടുത്തദിവസം മൊഴി രേഖപ്പെടുത്തിയതിനുശേഷമേ ഇക്കാര്യത്തിൽ വ്യക്തമായ നിലപാടിലെത്താൻ കഴിയൂവെന്ന്‌ അന്വേഷകസംഘം പറഞ്ഞു.

ട്രസ്‌റ്റ്‌ ഭാരവാഹികളടക്കമുള്ളവർ കേസിൽ പ്രതികളാകുന്ന സാഹചര്യമാണുള്ളത്‌. ഒന്നുകിൽ കൊലക്കേസ്‌, അല്ലെങ്കിൽ ആത്മഹത്യാ പ്രേരണക്കേസ്‌.  ട്രസ്‌റ്റിനുവേണ്ടി ആശുപത്രി കെട്ടിടം പണിതവകയിൽ നൽകാനുള്ള 1.34 കോടി രൂപ ലഭിക്കാത്തതിനെ തുടർന്നാണ്‌ ജോസഫിന്റെ മരണമെന്നാണ്‌ കുടുംബത്തിന്റെ പരാതി.


പ്രധാന വാർത്തകൾ
 Top