22 September Tuesday

ഫയലുകൾ ഡിസംബർ 31നകം തീർപ്പാക്കും

റഷീദ‌് ആനപ്പുറംUpdated: Friday Aug 14, 2020



സെക്രട്ടറിയറ്റിലും വിവിധ സർക്കാർ ഓഫീസുകളിലും കെട്ടിക്കിടക്കുന്ന മുഴുവൻ ഫയലുകളിലും ഡിസംബർ 31നകം തീർപ്പാക്കും.  കെട്ടിക്കിടക്കുന്ന ഫയലുകളുടെ വിശദാംശങ്ങൾ ശനിയാഴ്‌ചയ്‌ക്കകം  വകുപ്പ്‌ സെക്രട്ടറിമാർക്ക്‌ നൽകും.  വകുപ്പ്‌ മേധാവികളിൽനിന്ന്‌  ഇ മെയിൽ വഴിയാകും റിപ്പോർട്ട്‌ ശേഖരിക്കുക. ആവശ്യമെങ്കിൽ വീഡിയോ കോൺഫറൻസും നടത്തും.  മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം വിശദമായ മാർഗനിർദേശം പുറത്തിറക്കി. 

കോവിഡ്‌ വ്യാപനം കാരണം സർക്കാർ ഓഫീസുകളുടെ പ്രവർത്തനം ഭാഗികമാണ്‌. പകുതിയോളം ഉദ്യോഗസ്ഥർ വീട്ടിലിരുന്നാണ്‌ ജോലി ചെയ്യുന്നത്‌‌. ഇവരെ ഉപയോഗിച്ചാണ്‌ ഫയൽ തീർപ്പാക്കുക. കോവിഡ്‌, ഭക്ഷ്യസുരക്ഷ, 12 ഇന പദ്ധതികൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട ഫയലുകളിൽ അതിവേഗം തീരുമാനമെടുക്കും. ഇതിനായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വകുപ്പ്‌ സെക്രട്ടറിമാരുടെ യോഗം വിളിച്ചിരുന്നു.

കഴിഞ്ഞ ജൂലൈ 31വരെ തുറന്നിട്ടും പൂർത്തിയാക്കാതെ ബാക്കിയുള്ളവയാണ്‌ കെട്ടിക്കിടക്കുന്നവയായി കണക്കാക്കുക. ഇവ തീർപ്പാക്കിയശേഷം  അടുത്ത ഫയലിലേക്ക്‌ കടക്കും. ഇവ തുടർ പ്രക്രിയയാക്കും. സെക്രട്ടറിയറ്റിലും ജില്ലാ ഓഫീസുകളിലും ഫയൽ തീർപ്പ്‌ കൽപ്പിക്കാതെ കെട്ടിക്കിടക്കുന്ന രീതി വർഷങ്ങളായുണ്ട്‌. പെൻഡിങ്‌ ഫയൽ എന്ന പേരിലാണ്‌ അവ മാറ്റി വയ്‌ക്കുക. ഇത്തരം ഫയലുകളിൽ അതിവേഗം തീർപ്പുണ്ടാക്കണമെന്ന്‌  ചുമതലയേറ്റയുടൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്യോഗസ്ഥർക്ക്‌ നിദേശം നൽകിയിരുന്നു.  2019 ആഗസ്‌ത്‌ ഒന്നുമുതൽ ഒക്‌ടോബർ 31വരെ ‘ഫയൽ തീർപ്പാക്കൽ യജ്ഞം’ സംഘടിപ്പിച്ചു. കെട്ടിക്കിടന്ന ഫയലുകളിൽ 48 ശതമാനം ഇതിൽ തീർപ്പാക്കി. ബാക്കി ഫയലുകളിൽ നടപടി നീങ്ങുന്നതിനിടെയാണ്‌  ലോക്‌ഡൗൺ വന്നത്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top