23 September Wednesday

യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ കെഎസ്‌ഇബിക്ക്‌ നഷ്ടം വരുത്തിയ കരാർ ആരുടെ സമ്മർദത്തിൽ: മന്ത്രി എ കെ ബാലൻ

വെബ് ഡെസ്‌ക്‌Updated: Friday Aug 14, 2020


യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ സംസ്ഥാന വൈദ്യുതി ബോര്‍ഡിന് ‌വൻ ബാധ്യതയുണ്ടാക്കുന്ന കരാറിൽ ഏർപ്പെട്ടത്‌‌ ആരുടെ സമ്മർദത്തിലാണെന്ന്‌ പ്രതിപക്ഷ നേതാവ്‌ വ്യക്തമാക്കണമെന്ന്‌ മന്ത്രി എ കെ ബാലൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ജൂലൈ 21നാണ്‌ മലയാളത്തിലെ പ്രമുഖ പത്രം എം ശിവശങ്കർ വൈദ്യുതി ബോര്‍ഡ്‌ ചെയർമാനായിരിക്കെ 850 മെഗാവാട്ട്‌ വൈദ്യുതി  പുറത്തുനിന്ന്‌ വാങ്ങാന്‍ ‌കരാർ ഒപ്പിട്ടതായി പറയുന്നത്. കേരളത്തിനുപുറത്ത്‌ വിവിധ കമ്പനികളിൽനിന്ന്‌ വൈദ്യുതി വാങ്ങാന്‍ 25 വർഷത്തേക്കാണ്‌ കരാർ ഉണ്ടാക്കിയത്‌. എൽ വണ്ണിനും എൽ ടുവിനും ഒരേ വില നിശ്ചയിച്ചാണ് കരാറിലേര്‍പ്പെട്ടത്. എന്നാൽ വൈദ്യുതി റ​ഗുലേറ്ററി കമീഷന്‍ അം​ഗീകരിച്ചില്ല.  കരാറിന്‌ അനുമതിയും നല്‍കിയില്ല. 300 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ ‌മാത്രമാണ്‌ കമീഷൻ അനുമതി നൽകിയത്‌.

25 വര്‍ഷത്തേക്ക് 66,225 കോടി രൂപയുടെ ബാധ്യത വരുന്ന കരാറാണ്‌‌ യുഡിഎഫ് സര്‍ക്കാര്‍ ഒപ്പിട്ടത്‌. കരാർ പ്രകാരം വർഷം 425 കോടി രൂപയാണ്‌ കെഎസ്‌ഇബിക്ക്‌ നഷ്ടം. ഇത്‌ ബോർഡിനെ വലിയ പ്രതിസന്ധിയിലാക്കും.  കേരളചരിത്രത്തിൽ ഇന്നേവരെ ഇത്രയും ദീർഘകാലത്തേക്ക് വൈദ്യുതി വാങ്ങാന്‍ കരാർ ഉണ്ടാക്കിയിട്ടില്ല.  ഇത്തരമൊരു കരാറിൽ ഏർപ്പെടാൻ എം ശിവങ്കറിന്റെ സമ്മർദത്തിന്‌ വഴങ്ങാൻ സർക്കാരാണോ തയ്യാറായത്‌, അതോ സർക്കാരിന്റെ സമ്മർദത്തിന്‌ വഴങ്ങി ശിവശങ്കറാണോ കരാർ ഒപ്പിട്ടതെന്ന്‌ പ്രതിപക്ഷ നേതാവ്‌ വ്യക്തമാക്കണം. അന്ന്‌ കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തലയും മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും വൈദ്യുതി മന്ത്രി ആര്യാടൻ മുഹമ്മദുമാണ്‌.

ശബരിമല വിമാനത്താവളപദ്ധതി അട്ടിമറിക്കാനാണ്‌ പ്രതിപക്ഷനേതാവും കൂട്ടരും ശ്രമിക്കുന്നത്‌. കൺസൾട്ടൻസി പാടില്ലെന്നാണ്‌ പ്രതിപക്ഷ നേതാവ്‌ പറയുന്നത്‌. പാലക്കാട്‌ മെഡിക്കൽ കോളേജ്‌ തുടങ്ങുമ്പോള്‍ ഭൂമി സംബന്ധമായ കേസ്‌ സുപ്രീം കോടതിയിൽ നിലനിന്നിരുന്നു. അപ്പോള്‍ എങ്ങനെയാണ്‌ വിശദ പദ്ധതിരേഖ തയ്യാറാക്കി അന്നത്തെ യുഡിഎഫ്‌ സർക്കാർ മെഡിക്കല്‍ കോളേജിന് അം​ഗീകാരം നൽകിയതെന്നും‌ എ കെ ബാലൻ ചോദിച്ചു. 

യുഡിഎഫ്‌ നിലപാട്‌ ദയനീയം
എൽഡിഎഫിന്‌ മൂന്നിൽ രണ്ട്‌ ഭൂരിപക്ഷമുള്ള നിയമസഭയിൽ രാജ്യസഭയിലേക്ക്‌ എൽഡിഎഫ്‌ സ്ഥാനാർഥി മത്സരമില്ലാതെ വിജയിക്കുമെന്ന്‌ ഉറപ്പുള്ള സാഹചര്യത്തിൽ തെരഞ്ഞെടുപ്പ്‌  നിർബന്ധിക്കുന്ന യുഡിഎഫ്‌ നിലപാട്‌ ദയനീയമാണെന്ന്‌ മന്ത്രി എ കെ ബാലൻ.   ഈ മഹാമാരിക്കാലത്തുതന്നെ റിവേഴ്‌സ്‌ ക്വാറന്റൈനിൽ ഇരിക്കേണ്ടവർ തിരുവനന്തപുരത്ത്‌ ഒത്തുചേരുന്നത്‌ ഒഴിവാക്കാമായിരുന്നു. 24ന്‌  സഭാസമ്മേളനത്തിൽ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം ചർച്ചയ്ക്ക്‌ എടുക്കണമോ എന്ന്‌ സ്‌പീക്കറാണ്‌ തീരുമാനിക്കേണ്ടത്‌. ചർച്ചയ്‌ക്ക്‌ എടുത്താൽ അത്‌ സർക്കാരിനുള്ള വിശ്വാസ പ്രമേയമാകുമെന്നും  മന്ത്രി  പറഞ്ഞു.
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top