22 September Tuesday

വിൽക്കും അല്ലെങ്കിൽ തകർക്കും; വഴിമുട്ടി ബിപിസിഎൽ ; ജീവനക്കാരും വികസന പദ്ധതികളും അനിശ്‌ചിതത്വത്തിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Friday Aug 14, 2020

കൊച്ചി
കോവിഡ്‌ വ്യാപനത്തെ തുടർന്ന്‌ പാളിയ ബിപിസിഎൽ വിൽപ്പനയിൽ കേന്ദ്രസർക്കാർ ഉറച്ചുനിൽക്കുന്നതുമൂലം ജീവനക്കാരും വിവിധ വികസന പദ്ധതികളും അനിശ്‌ചിതത്വത്തിലേക്ക്‌. വിൽപ്പനയ്ക്ക്‌ താൽപ്പര്യപത്രം ക്ഷണിച്ച്‌ മൂന്നുതവണ തീയതി നീട്ടിയിട്ടും കമ്പനി വാങ്ങാൻ ആരും മുന്നോട്ടുവന്നിട്ടില്ല. അതേസമയം, ഉടൻ വിൽപ്പന പ്രതീക്ഷിച്ച്‌ ജീവനക്കാരുടെ ശമ്പളപരിഷ്‌കരണവും സുപ്രധാന നിയമനങ്ങളും മരവിപ്പിച്ചിരിക്കുകയാണ്‌ മാനേജ്‌മെന്റ്‌. പതിനായിരം കോടി നിക്ഷേപിക്കാനിരുന്ന കൊച്ചിയിലെ പോളിയോൾ പദ്ധതി ഉൾപ്പെടെയുള്ള പലതും ത്രിശങ്കുവിലാണ്‌.

വിൽപ്പനയ്ക്ക്‌ താൽപ്പര്യപത്രം ക്ഷണിച്ച്‌ ഏറ്റവും ഒടുവിൽ കഴിഞ്ഞമാസം 29നാണ്‌ തീയതി നീട്ടിയത്‌. സെപ്‌തംബർ 30 ആണ്‌ അവസാനതീയതി. മാർച്ച്‌ ഏഴിന്‌ വിൽപ്പന പ്രഖ്യാപിച്ചശേഷം മെയ്‌ രണ്ട്‌ താൽപ്പര്യപത്രം നൽകാനുള്ള അവസാനതീയതിയായി പ്രഖ്യാപിച്ചിരുന്നു. പിന്നീടത്‌ ജൂൺ 30 ആയും ജൂലൈ 31 ആയും നീട്ടി. പക്ഷേ, ഫലമുണ്ടായില്ല. കോവിഡിനെ തുടർന്ന്‌ സാമ്പത്തികരംഗത്തുണ്ടായ തകർച്ചയാണ്‌ ഇതിന്‌ കാരണമായി കണ്ടെത്തിയത്‌. സാമ്പത്തികരംഗത്തെ അനിശ്‌ചിതാവസ്ഥ തുടരുമ്പോഴും വിൽപ്പനയിൽ പ്രതീക്ഷവച്ച്‌ കാത്തിരിക്കുകയാണ്‌ കേന്ദ്രം. അതനുസരിച്ച്‌ കമ്പനിയുടെ വികസന പദ്ധതികളിലും തീരുമാനങ്ങൾ വൈകുന്നതായി ഓഫീസർമാരുടെയും ജീവനക്കാരുടെയും സംഘടനകൾ പറയുന്നു.

കമ്പനിയുടെ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്‌ടർ ഈമാസം വിരമിക്കുമെങ്കിലും പുതിയ സിഎംഡിയെ തെരഞ്ഞെടുത്തിട്ടില്ല. സാധാരണനിലയിൽ നിലവിലുള്ളയാൾ വിരമിക്കുന്നതിന്‌ ആറുമാസം മുമ്പുതന്നെ പുതിയ ചെയർമാനെ തെരഞ്ഞെടുക്കാറുണ്ട്‌. ഭാരത് പെട്രോളിയത്തിന്റെ നാലു റിഫൈനറികളുടെയും തലവനായ ഡയറക്ടർ റിഫൈനറിയും ഈമാസം വിരമിക്കും. ആ സ്ഥാനത്തേക്കും പുതിയ ആളെ നിശ്ചയിച്ചിട്ടില്ല. ഇതുമൂലം പല സുപ്രധാന കാര്യങ്ങളിലും തീരുമാനമില്ല.  സംസ്ഥാനത്ത്‌  നടപ്പാക്കാൻ നടപടി തുടങ്ങിയ പല പദ്ധതികളും അനിശ്‌ചിതത്വത്തിലാണ്‌. അമ്പലമുകളിൽ ഫാക്‌ടിന്റെ ഭൂമി ഏറ്റെടുത്ത് തുടക്കംകുറിച്ച 10,000 കോടിയുടെ പോളിയോൾ പദ്ധതിയാണ്‌ അതിലൊന്ന്‌. സംസ്ഥാന സർക്കാർ ഭൂമി വിട്ടുകൊടുത്ത ഏറ്റുമാനൂർ സ്കിൽ ഡെവലപ്മെന്റ് സെന്ററിന്റെ പ്രവർത്തനവും നിർത്തി. 

തൊഴിലാളികളുടെ ശമ്പളപരിഷ്കരണ ചർച്ചകളും മാനേജ്മെന്റ് മരവിപ്പിച്ചിരിക്കുകയാണ്.  കഴിഞ്ഞ മേയിൽ യൂണിയനുകൾക്ക് മാനേജ്മെന്റ് പ്രൊപ്പോസൽ നൽകിയിരുന്നു. മറ്റ് പൊതുമേഖല എണ്ണക്കമ്പനികളിലെ തൊഴിലാളികൾക്ക്‌ ലഭിച്ചതിനേക്കാൾ കുറഞ്ഞ ഓഫർ അംഗീകരിച്ചില്ലെങ്കിൽ ചർച്ചയ്ക്കില്ലെന്ന നിലപാടിലാണ്‌ മാനേജ്‌മെന്റ്‌. മറ്റ് എണ്ണക്കമ്പനികളുടെ നിലവാരത്തിൽ 2017ൽ ഓഫീസർമാരുടെ ശമ്പളം പരിഷ്‌കരിച്ചിരുന്നു. തൊഴിലാളികൾക്ക് അത്‌ നിഷേധിക്കുന്ന മാനേജ്‌മെന്റ്‌ ആഗസ്‌ത്‌ 15ന്‌ അവർ യൂണിയനുകൾക്ക് നൽകിയ പ്രൊപ്പോസൽ പിൻവലിക്കുമെന്ന്‌ പ്രഖ്യാപിച്ചിരിക്കുകയാണ്‌.

രണ്ടാഴ്‌ച പിന്നിട്ട്‌ പട്ടിണിസമരം
ബിപിസിഎൽ ജീവനക്കാർ ദേശീയതലത്തിൽ നടത്തിവരുന്ന പട്ടിണിസമരം രണ്ടാഴ്ച പിന്നിട്ടു. സ്വകാര്യവൽക്കരണനീക്കം അവസാനിപ്പിക്കുക, രണ്ടുവർഷംമുമ്പ് കാലഹരണപ്പെട്ട സേവന വേതന വ്യവസ്ഥകൾ പരിഷ്കരിക്കുക, സ്വയം വിരമിക്കൽ പദ്ധതിയുടെ മറവിൽ തൊഴിലാളികളെ നിർബന്ധിതമായി പിരിച്ചുവിടാനുള്ള നീക്കം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ സമരം. കൊച്ചി റിഫൈനറിയിലെ എല്ലാ തൊഴിലാളികളും ഭക്ഷണം ബഹിഷ്കരിച്ചാണ് പണിയെടുത്തത്. എം ജി അജി, സി സുരേഷ്, എസ്‌ അരുൺകുമാർ, അഭിലാഷ് സോളമൻ, പി പ്രവീൺകുമാർ, പി പി സജീവ്കുമാർ, കെ ജെ അലോഷ്യസ് എന്നിവർ നേതൃത്വം നൽകി.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top