15 July Wednesday

പരക്കെ മഴ; 102 മരണം ; 38000 പേർ ക്യാമ്പ്‌ വിട്ടു, കവളപ്പാറയിൽ 7 മൃതദേഹംകൂടി കിട്ടി

വെബ് ഡെസ്‌ക്‌Updated: Thursday Aug 15, 2019

ആലപ്പുഴ തലവടി തേക്കുമലേൽ കോളനി എംഡിഎൽപി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന ചിറയിൽതറ അമ്മിണിക്കു മരുമകൾ ശകുന്തള ഭക്ഷണം നൽകുന്നു ഫോട്ടോ: ഷിബിൻ ചെറുകര


തിരുവനന്തപുരം
മഴയുടെ തീവ്രതക്ക്‌ ശമനമായെങ്കിലും കെടുതി തുടരുകയാണ്‌. ബുധനാഴ്‌ചയും പരക്കെ മഴ ലഭിച്ചു. ചിലയിടങ്ങളിൽ കനത്ത മഴ പെയ്‌തു. മഴക്കെടുതിയിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 102 ആയി. 59 പേരെ കണ്ടെത്താനുണ്ട്‌. 1123 ക്യാമ്പുകളിലായി, 57953 കുടുംബങ്ങളിലെ 1.88 ലക്ഷം പേരാണുള്ളത്‌. 116 ക്യാമ്പുകളുടെ പ്രവർത്തനം അവസാനിപ്പിച്ചു. 38000ൽപരം പേർ ക്യാമ്പ്‌ വിട്ട്‌ വീട്ടിലേക്ക്‌ മടങ്ങി.

11 പേരുടെ മരണംകൂടി ബുധനാഴ്‌ച സ്ഥിരീകരിച്ചു. മലപ്പുറം–-42, കോഴിക്കോട്‌–-17, വയനാട്‌–-12, കണ്ണൂർ–-ഒമ്പത്‌, തൃശൂർ–-എട്ട്‌, ഇടുക്കി–-അഞ്ച്‌, ആലപ്പുഴ–-നാല്‌, കാസർകോട്‌, കോട്ടയം–-അഞ്ച്‌, പാലക്കാട്‌–-ഒന്ന്‌ എന്നിങ്ങനെയാണ്‌ ജീവനഷ്ടം. 59 പേരെ കുറിച്ച്‌ ഇപ്പോഴും വിവരമില്ല. 35 പേർക്ക്‌ പരിക്കേറ്റിട്ടുണ്ട്‌.

11,286 വീട്‌ ഭാഗികമായി  കേടുപറ്റി. 1060 എണ്ണം പൂർണമായും തകർന്നു.വ്യാഴാഴ്‌ചയും വ്യാപകമായ മഴയ്‌ക്ക്‌ സാധ്യതയുള്ളതിനാൽ ജാഗ്രത തുടരുകയാണ്‌. വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്‌ക്ക്‌ കാരണമാകാവുന്ന ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്‌. 

വെള്ളിയാഴ്‌ച വയനാട്‌, കാസർകോട്‌ ജില്ലകളിലും, ശനിയാഴ്‌ച ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർകോട്‌ ജില്ലകളിലും റെഡ്‌ അലർട്ട്‌ (അതി തീവ്രമഴ) പ്രഖ്യാപിച്ചിട്ടുണ്ട്‌. 15 മുതൽ 18വരെ കടലിൽ പോകുന്നതിനും വിലക്കുണ്ട്‌.  ദുരിതാശ്വാസ ക്യാമ്പുകളിൽ സൗകര്യങ്ങൾ എത്തിക്കുന്നതിന്‌ സർക്കാരും സന്നദ്ധ പ്രവർത്തകരും രാഷ്‌ട്രീയ സാംസ്‌കാരിക സംഘടനകളും നടത്തുന്ന തീവ്രയജ്ഞം തുടരുന്നു.

കവളപ്പാറയിൽ 7 മൃതദേഹംകൂടി കിട്ടി
കവളപ്പാറ
കവളപ്പാറയിൽ  ബുധനാഴ്ച തെരച്ചിലിൽ ഏഴ് മൃതദേഹംകൂടി കണ്ടെത്തി. സൂത്രത്തിൽ നാരായണന്റെ മകൾ ഭവ്യ (22), വാളകത്ത് വിജേഷിന്റെ മകൾ വിഷ്ണുപ്രിയ (ഒമ്പത്), വാളകത്ത് ചന്ദ്രന്റെ  ഭാര്യ കല്യാണി (52), വാളകത്ത് കല്യാണിയുടെ മകൻ വിജേഷ് (39), വാളകത്ത് പാലന്റെ മകൾ വിജയലക്ഷ്മി (14), കവളപ്പാറ കോളനി മന്നിയുടെ ഭാര്യ ചക്കി (80), വീട്ടിൽ വിരുന്നുവന്ന പിലാത്തോടൻ നീർപുഴ മുക്കം സ്വദേശി സ്വാതി (14) എന്നിവരുടെ മൃതദേഹമാണ് കിട്ടിയത്. ഇതോടെ കാണാതായ 61 പേരിൽ 30 പേരുടെ മൃതദേഹം ആറുദിവസത്തെ തെരച്ചിലിൽ കിട്ടി. ഒന്ന്‌ തിരിച്ചറിഞ്ഞിട്ടില്ല. മഴ തുടർന്നതിനാൽ വൈകിട്ട് നാലോടെ തെരച്ചിൽ നിർത്തി.

പുത്തുമലയിൽ  ഹൈദരാബാദിൽ നിന്ന് റഡാർ എത്തിക്കും
കൽപ്പറ്റ
മേപ്പാടി പുത്തുമലയിൽ തിരച്ചിലിന് ഹൈദരാബാദിൽ നിന്ന് റഡാറുകൾ കൊണ്ടുവരും.  ഗ്രൗണ്ട് പെനട്രേറ്റിംഗ്  റഡാർ (ജിപിആർ) സംവിധാനം നൽകുമെന്ന് അറിയിച്ചിരുന്ന  രണ്ട് ഏജൻസികൾ  പിൻ വാങ്ങിയ സാഹചര്യത്തിലാണ്  കേന്ദ്ര സർക്കാർ സ്ഥാപനമായ ഹൈദരാബാദ്‌  നാഷണൽ ജിയോ ഫിസിക്കൽ   റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സഹായം തേടിയതെന്ന്  സബ് കലക്ടർ എൻ എസ്‌ കെ ഉമേഷ് പറഞ്ഞു. കവളപ്പാറയിലും പുത്തുമലയിലും തിരച്ചിലിനായി സ്കാനർ  ആലോചിച്ചെങ്കിലും  മരവും കല്ലും വെള്ളവും നിറഞ്ഞ ഭൂമിയിൽ ദുഷ്കരമാണ്‌.  മനുഷ്യ സാന്നിധ്യമോ മൃതദേഹങ്ങളോ ഉണ്ടോയെന്നറിയാൻ കേരള പോലീസിന്റെ സ്നിഫർ ഡോഗുകളെ  പുത്തുമലയിൽ കൊണ്ടു വന്നിട്ടുണ്ട്. എന്നാൽ ഇവയ്ക്ക് ചെളിയിൽ ഇറങ്ങാൻ കഴിയില്ല.  ഒരു ഗന്ധം മാത്രമേ ഇവയ്ക്ക് പിടിച്ചെടുക്കാൻ കഴിയൂ.
ഏഴുപേരെയാണ്‌ കണ്ടെത്താനുള്ളത്‌.  പത്തുപേരുടെ മൃതദേഹം കണ്ടെത്തി. 13 മണ്ണുമാന്തി യന്ത്രങ്ങളുടെ സഹായത്തോടെ അഞ്ഞൂറിലേറെപ്പേർ തെരച്ചിൽ നടത്തുന്നു.


പ്രധാന വാർത്തകൾ
 Top