20 November Wednesday

ദുരിതാശ്വാസ ക്യാമ്പിലെത്താൻ കഴിയാത്തവർക്ക് താങ്ങായി സെയ്തു മോൻ തങ്ങൾ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2019

പെരുന്നാൾ ദിനത്തിൽ കൂട്ടുകാരോടൊത്ത് ഭക്ഷണം കഴിക്കുന്ന സെയ്ത് മോൻ തങ്ങൾ

വേങ്ങര> ദുരിതാശ്വാസ ക്യാമ്പിലെത്താൻ കഴിയാത്തവർക്ക് താങ്ങായി കൂരിയാട് പനമ്പുഴക്കൽ സെയ്തു മോൻ തങ്ങൾ ആറാം നാളും ഭക്ഷണം നൽകി.കൂരിയാടിനു സമീപമുള്ള പനമ്പുഴ, മാതാട്, മണ്ണിൽ പുലാക്കൽ എന്നീ പ്രദേശങ്ങളിലെ 250ഓളം കുടുംബങ്ങൾക്കാണ് ദിവസവും നാലു നേരം ഇദ്ദേഹം ഭക്ഷണം നൽകുന്നത്.

മൂന്നു ഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ട കൂരിയാട് പ്രദേശത്തെ ജനങ്ങൾക്ക് ഇവിടെ ക്യാമ്പൊരുക്കുന്നതിന്ന് പൊതു സ്ഥാപനങ്ങൾ ഒന്നും തന്നെ ഇല്ല. ഉള്ളവ മുഴുവനും വെള്ളത്തിൽ മുങ്ങി. ഈ പ്രദേശത്തുള്ളവർക്കടക്കം സർക്കാർ ഒരുക്കിയ ദുരിതാശ്വാസ ക്യാമ്പ് വലിയോറ പാലശ്ശേരി മാട് ജി യു പി സ്കൂളിലാണ്.ഇവിടെ റജിസ്ട്രർ ചെയ്ത കൂരിയാട് നിവാസികൾക്കായി റവന്യൂ അധികാരികളുടെ അനുമതിയോടെ ഇവിടെ ഉപ ക്യാമ്പ് ആരംഭിക്കുകയായിരുന്നു.

ഈ പ്രധാന ക്യാമ്പിൽ എത്തുന്നതിന്ന് ഇവിടത്തുകാർക്ക് പ്രയാസമുണ്ടെന്നു പറയപ്പെടുന്നു. ക്യാമ്പിലുള്ളവർ രാത്രി കാലങ്ങളിൽ സമീപ പ്രദേശത്തെ വീടുകളിലാണ് അന്തിയുറങ്ങുന്നത്.പെരുന്നാൾ ദിനത്തിൽ സദ്യയൊരുക്കി ഇതര സംസ്ഥാന തൊഴിലാളികളെ അടക്കം ക്ഷണിച്ചു വരുത്തി ഭക്ഷണം നൽകിയിരുന്നു.ബുധനാഴ്ച്ച മുഴുവൻ കുടുംബങ്ങൾക്കും ഇദ്ദേഹം പലവ്യജ്ഞനങ്ങൾ അടങ്ങിയ കിറ്റുകളും, ശുചീകരണ ഉപകരണങ്ങളും നൽകി. സ്ഥലത്ത് വൈദ്യുതി ഇല്ലാതിരുന്നതിന്നാൽ 24 മണിക്കൂറും ജനറേറ്റർ പ്രവർത്തിപ്പിച്ച് വെളിച്ചവും മൊബൈൽ ചാർജിങ്ങിനുള്ള സൗകര്യവും സെയ്തു മോൻ തങ്ങൾ നൽകുകയുണ്ടായി.    വീടുകളിൽ   വെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും ശുചീകരിച്ച് തണുപ്പു വിടുന്നതിന്ന് ഏറെ സമയമെടുക്കും.

അവസാന കുടുംബവും ഇവിടെ വിട്ടു പോകുന്നതുവരെ ഭക്ഷണം നൽകുമെന്നു സെയ്തു മോൻ തങ്ങൾ ദേശാഭിമാനി യോടു പറഞ്ഞു .സഹായത്തിനായി പൊതുപ്രവർത്തകരായ പി പി സഫീർ ബാബു, പി കെറിയാസലി, പി പി ഷാഹുൽ ഹമീദ്, ചെള്ളി കലാം, എ സനൽ കുമാർ, ഇ വി മുജീബ്, കാസ്മ ക്ലബ് പ്രവർത്തകരായ ഇ വി അബു, ഇഷബീറലി ,അസീം ചാക്കീരി ,കുടുംബശ്രീ പ്രവർത്തകയായ കെ പി ഷീജ എന്നിവരും ഉണ്ട്.

 


പ്രധാന വാർത്തകൾ
 Top