16 December Monday

ജലനിരപ്പ്‌ താഴ്‌ന്നു ; ജാഗ്രത തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2019


കൊച്ചി
അതീവജാഗ്രതാ നിർദേശം നിലനിന്ന ചൊവ്വാഴ്‌ച ജില്ലയിൽ തുടർച്ചയായി കനത്ത മഴ പെയ്യാതിരുന്നത്‌ വെള്ളപ്പൊക്ക മേഖലകൾക്ക്‌ ആശ്വാസമായി. മിക്കയിടങ്ങളിലും ഒറ്റപ്പെട്ട മഴ പെയ്‌തെങ്കിലും അധികസമയം നീണ്ടുനിന്നില്ല. ബുധനാഴ്‌ചയും മഴയ്‌ക്ക്‌ സാധ്യതയുണ്ടെന്ന കാലാവസ്ഥാ മുന്നറിയിപ്പിനെത്തുടർന്ന്‌ കനത്ത ജാഗ്രത തുടരുകയാണ്‌. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്‌ചയും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. ഭൂരിഭാഗം ഇടങ്ങളിലും വെള്ളമിറങ്ങിയതോടെ 128 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തനം അവസാനിപ്പിച്ചു. ഇവിടങ്ങളിൽ കഴിഞ്ഞ 11,962 പേർ വീടുകളിലേക്ക്‌ മടങ്ങി. വെള്ളമിറങ്ങാത്തതും ശുചീകരണം ബാക്കിയുള്ളതുമായ വീടുകളിലെ 5927 പേരാണ്‌ 43 ക്യാമ്പുകളിലായി ബാക്കിയുള്ളത്‌. പ്രധാന റോഡുകളിൽ ഗതാഗതം സുഗമമായെങ്കിലും ചിലയിടങ്ങളിൽ വെള്ളക്കെട്ട്‌ ഒഴിഞ്ഞിട്ടില്ല.

ദുരിതാശ്വാസ പ്രവർത്തനം വിലയിരുത്താൻ ആലുവ ഗസ്‌റ്റ്‌ ഹൗസിൽ കലക്ടർ എസ്‌ സുഹാസ്‌ യോഗം വിളിച്ചു. കിഴക്കൻ മേഖലയിൽ കനത്ത മഴയ്‌ക്ക്‌ സാധ്യതയുണ്ടെന്ന അറിയിപ്പിനെത്തുടർന്ന്‌ ആളുകളെ മാറ്റിപ്പാർപ്പിക്കാൻ നടപടിയെടുത്തതായി കലക്ടർ അറിയിച്ചു. മലയോരമേഖലയിൽ മൈക്ക്‌ അനൗൺസ്‌മെന്റ്‌ വഴിയും ഉദ്യോഗസ്ഥർ നേരിട്ടെത്തിയും ആളുകളോട്‌ ക്യാമ്പുകളിലേക്ക്‌ മാറാൻ ആവശ്യപ്പെട്ടിട്ടുണ്ട്‌. ഇതിനായി പ്രത്യേകം ക്യാമ്പുകൾ തുറന്നു. ഇവിടങ്ങളിൽ പൊലീസ്‌ പട്രോളിങ്‌ ഏർപ്പെടുത്തി. 72 മണിക്കൂർ സമയത്തേക്ക്‌ ക്വാറികളുടെ പ്രവർത്തനവും മണ്ണെടുപ്പും നിരോധിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത തുടരണമെന്നും കലക്ടർ അറിയിച്ചു.

മഴയുടെ അളവു കുറഞ്ഞതോടെ പെരിയാറിലെയും മൂവാറ്റുപുഴയാറിലെയും ജലനിരപ്പ്‌ താഴ്‌ന്നു. പുഴകളുടെ കൈവഴികളിലും തോടുകളിലും ജലനിരപ്പ്‌ താഴ്‌ന്നിട്ടുണ്ട്‌. ഇത്‌ തീരങ്ങളിൽ താമസിക്കുന്നവർക്ക്‌ ആശ്വാസമായി. പെരിയാറിൽ കാലടി ഭാഗത്ത്‌ പത്തടിയോളം വെള്ളം താഴ്‌ന്നു. കാലടി, നെടുമ്പാശേരി, അങ്കമാലി മേഖലകളിൽ ക്യാമ്പുകളുടെ പ്രവർത്തനം അവസാനിപ്പിച്ചു.

കോതമംഗലം പട്ടണത്തിലും പരിസരത്തും വെള്ളമിറങ്ങിയെങ്കിലും കുട്ടമ്പുഴ, പൂയംകുട്ടി, മാമലക്കണ്ടം തുടങ്ങി മലയോര മേഖലകളിൽ ജാഗ്രത തുടരുകയാണ്‌. ആദിവാസി കോളനികളിലുൾപ്പെടെ അവശ്യസാധനങ്ങളും മരുന്നും എത്തിക്കുന്നുണ്ട്‌. പെരുമ്പാവൂർ, കൂത്താട്ടുകുളം, കോലഞ്ചേരി ഭാഗങ്ങളിൽ ജനജീവിതം സാധാരണ നിലയിലേക്ക്‌ എത്തുകയാണ്‌. ആലുവയിൽ താഴ്‌ന്ന ഭാഗങ്ങളിൽമാത്രം വെള്ളക്കെട്ടുണ്ട്‌. വീടുകളിൽനിന്ന്‌ വെള്ളമിറങ്ങി. കളമശേരിയിൽ ഏലൂരിലും പരിസരത്തും ക്യാമ്പുകൾ തുടരുകയാണ്‌. വെള്ളമിറങ്ങിയ വീടുകളിൽ ശുചീകരണം പുരോഗമിക്കുന്നു.

പറവൂർ പുത്തൻവേലിക്കരയിൽ പെരിയാറിന്റെ തീരപ്രദേശങ്ങളിൽ വെള്ളക്കെട്ട്‌ പൂർണമായി ഒഴിഞ്ഞിട്ടില്ല. കണക്കൻകടവ്‌, സ്‌റ്റേഷൻകടവ്‌, കോഴിത്തുരുത്ത്‌ ഭാഗങ്ങളിലാണ്‌ കൂടുതൽ ദുരിതം. മുൻകരുതലെന്ന നിലയിലും ഏതാനും ക്യാമ്പുകൾ തുടരുന്നുണ്ട്‌.

നഗരത്തിൽ പലയിടത്തും റോഡുകളിൽ വെള്ളക്കെട്ട്‌ രൂക്ഷമാണ്‌. ഇടപ്പള്ളി തോട്‌, ചമ്പക്കര കനാൽ, എരൂർ പുഴ എന്നിവിടങ്ങളിലെ ജലനിരപ്പ്‌ താഴാത്തതിനാൽ എരൂർ പാമ്പാടിത്താഴം, വൈമീതി, കുന്നറ, മേക്കര തെക്കുംഭാഗം, കുന്നുംപുറം, ചളിക്കവട്ടം, പി ആൻഡ്‌ ടി കോളനി എന്നിവിടങ്ങളിൽ വെള്ളക്കെട്ട്‌ രൂക്ഷമാണ്‌. ഇവിടങ്ങളിലുള്ളവർ ക്യാമ്പുകളിൽ തുടരുകയാണ്‌.


പ്രധാന വാർത്തകൾ
 Top