26 August Monday

ഡിവൈഎഫ്‌ഐയുടെ ‘100 ടൺ’ സ്‌നേഹം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2019


കൊച്ചി
മഴക്കെടുതിമൂലം ദുരിതമനുഭവിക്കുന്നവർക്ക് സഹായവുമായി ജില്ലയിലെ യുവത. ഡിവൈഎഫ്‌ഐ മേഖലാ കമ്മിറ്റികൾ വീടുകളിൽനിന്നും കച്ചവടസ്ഥാപനങ്ങളിൽനിന്നും ശേഖരിച്ച അവശ്യസാധനങ്ങൾ പ്രളയബാധിത മേഖലകളിലെ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിച്ചു.

എറണാകുളം, പള്ളുരുത്തി, കൊച്ചി, തൃപ്പൂണിത്തുറ, കൂത്താട്ടുകുളം, മൂവാറ്റുപുഴ, കവളങ്ങാട്, പെരുമ്പാവൂർ, കാലടി, അങ്കമാലി, പറവൂർ, വൈപ്പിൻ ബ്ലോക്ക് കമ്മിറ്റികളിൽനിന്ന് ശേഖരിച്ച അരി, പച്ചക്കറി, പഴവർഗങ്ങൾ, പയർ, ബിസ്‌കറ്റ്, വെള്ളം, പലവ്യഞ്ജനം, സോപ്പ്, ഡിറ്റർജന്റ്‌, ശുചീകരണ സാമഗ്രികൾ, വസ്ത്രം, മരുന്ന്, സാനിറ്ററി നാപ്കിൻ, ഡയപ്പർ, കുട്ടികളുടെ വസ്ത്രങ്ങൾ, പാത്രങ്ങൾ, പായ, പുതപ്പ്‌, മറ്റ് അവശ്യവസ്തുക്കൾ എന്നിവയാണ് മലപ്പുറം, വയനാട് ജില്ലകളിലെ ക്യാമ്പുകളിൽ എത്തിച്ചത്.

വയനാട്ടിലേക്ക്‌ പുറപ്പെട്ട ആദ്യവാഹനം അങ്കമാലിയിൽ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് ഫ്ലാഗ്ഓഫ് ചെയ്തു. പത്ത് വാഹനങ്ങളിലായി 100 ടൺ സാധനങ്ങൾ ഇതുവരെ വിതരണം ചെയ്‌തു. കാലടി ബ്ലോക്ക് അതിർത്തിയിലെ മുണ്ടങ്ങാമറ്റം യൂണിറ്റ് മാത്രം ഒരു ടൺ സാധനസാമഗ്രികൾ സമാഹരിച്ചുനൽകി.

മേഖലകളിൽ ഒന്നുവീതം 200 സമാഹരണകേന്ദ്രങ്ങളാണ്‌ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നത്. ഇവിടങ്ങളിൽ ഉൽപ്പന്നശേഖരണം തുടരുകയാണ്.
ദുരന്തബാധിതമേഖലയിൽ വളന്റിയർമാർ ശുചീകരണത്തിനിറങ്ങും. ഒരു ബ്ലോക്ക് കമ്മിറ്റിയിൽനിന്ന് 75 വളന്റിയർമാർവീതം മറ്റു ജില്ലകളിലേക്ക്‌ പോകും. ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി സഹകരിച്ച മുഴുവൻ സുമനസ്സുകളെയും ജില്ലാ സെക്രട്ടറിയറ്റ് അഭിവാദ്യം ചെയ്തു.


പ്രധാന വാർത്തകൾ
 Top