തിരുവനന്തപുരം > വർഷങ്ങൾക്കുമുമ്പ് പൊളിഞ്ഞ് പാളീസായ ‘ചാപ്പകുത്തൽ’ നാടകവുമായി വീണ്ടും മനോരമ. മനോരമയുടെയും എ കെ ആന്റണിയുടെയും കാർമികത്വത്തിൽ എസ്എഫ്ഐക്കെതിരെ അരങ്ങേറിയ ഗൂഢാലോചന അന്ന് ‘ചാപ്പകുത്ത’ലിന് വിധേയനായ നിഷാദിന്റെയും പങ്കാളികളായ കെഎസ്യു നേതാക്കളുടെയും വെളിപ്പെടുത്തലോടെ പൊളിഞ്ഞിരുന്നു. എന്നിട്ടും സത്യം മൂടിവച്ച് അവസരം കിട്ടുമ്പോൾ മനോരമ കഥകൾ പടച്ചുവിടുന്നത് തുടരുകയാണ്. മനോരമയെ പിൻപറ്റി എസ്എഫ്ഐയെ ആക്ഷേപിച്ച് മംഗളവും നുണവാർത്തയ്ക്കു പിന്നാലെയുണ്ട്.
കൊല്ലം നിലമേൽ കോളേജിലെ കെഎസ്യു നേതാവായിരുന്ന നിഷാദിന്റെ പുറത്ത് മൂർച്ചയുള്ള ആയുധംകൊണ്ട് എസ്എഫ്ഐ എന്ന് വരഞ്ഞതായിരുന്നു ‘ചാപ്പകുത്തൽ’ സംഭവം.
യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ പ്രർവത്തകരാണ് ഇത് ചെയ്തതെന്ന് കഥമെനഞ്ഞു. അതോടെ ചില മാധ്യമങ്ങളും കോൺഗ്രസ് നേതാക്കളും എസ്എഫ്ഐയെയും സിപിഐ എമ്മിനെയും വേട്ടയാടി. നിയമസഭാതെരഞ്ഞെടുപ്പിൽ പ്രചാരണായുധവുമാക്കി. എന്നാൽ, തങ്ങൾതന്നെ ആസൂത്രണം ചെയ്ത് നടപ്പാക്കിയ പദ്ധതിയായിരുന്നു ചാപ്പകുത്തലെന്ന് നിഷാദും സംഭവത്തിൽ പങ്കാളികളായിരുന്ന കെഎസ്യുക്കാരും ഒന്നര വർഷത്തിന് ശേഷം തുറന്നുപറഞ്ഞു.
ആന്റണി അടക്കമുള്ളവരുടെ അറിവോടെയാണ് ചാപ്പകുത്തൽ നടപ്പാക്കിയതെന്നും യൂത്ത്കോൺഗ്രസ് നേതാവ് ശ്യാം പയ്യന്നൂർ പിന്നീട് ഒരു വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. കെഎസ്യു നേതാക്കൾതന്നെ നിഷാദിന്റെ പുറം മരവിപ്പിച്ച് നിലമേലുള്ള ഒരു ബേക്കറിക്കുസമീപം വച്ച് എസ്എഫ്ഐ എന്ന് സൂചികൊണ്ട് എഴുതി. ചാപ്പകുത്തലിന് ശേഷം പ്രചാരണചുമതല ഏറ്റെടുത്ത ശ്യാം ആദ്യം മനോരമ ഫോട്ടോഗ്രാഫറെയാണ് വിളിച്ചത്. തുടർന്ന് മറ്റ് പത്രം ഓഫീസുകളിലും വിളിച്ചു. അതോടെ കള്ളക്കഥകൾ പ്രചരിച്ചു. മാധ്യമങ്ങളിൽ കദനകഥകൾ നിറഞ്ഞു.
എന്നാൽ, സംഭവത്തിനുപിന്നിലെ ഗൂഢാലോചന പുറത്തുവന്നതോടെ മാധ്യമങ്ങൾ വെട്ടിലായി. തുടര്‍ന്ന് നിശ്ശബ്ദമായെങ്കിലും തരംകിട്ടുമ്പോള്‍ ഒരു ലജ്ജയുമില്ലാതെ മനോരമ വീണ്ടും കള്ളക്കഥ പ്രചരിപ്പിക്കുകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..