24 February Sunday
പിരിച്ചുവിട്ടവർ കൈക്കുഞ്ഞുങ്ങളുമായി പ്രതിഷേധിച്ചു

അങ്കണവാടി ജീവനക്കാരുടെ നിയമനത്തിൽ അഴിമതി

വെബ് ഡെസ്‌ക്‌Updated: Saturday Jul 14, 2018

പിരിച്ചുവിട്ട അങ്കണവാടി ജീവനക്കാർ ഐസിഡിഎസ് ഓഫീസറെ തടഞ്ഞുവച്ചപ്പോൾ


ആലപ്പുഴ
ആറുമാസം മുതൽ ആറു വർഷംവരെ അങ്കണവാടികളിൽ ജോലി ചെയ‌്ത വിധവകളടക്കമുള്ള വർക്കർമാരെയും ഹെൽപ്പർമാരെയും പിരിച്ചുവിട്ട് അനർഹർക്ക് നിയമനം. പിരിച്ചുവിട്ട അങ്കണവാടി ജീവനക്കാർ കൈക്കുഞ്ഞുങ്ങളുമായി ഐസിഡിഎസ് ഓഫീസറെ മണിക്കൂറുകളോളം ഓഫീസിൽ തടഞ്ഞുവച്ചു. സിപിഐ എം നേതാക്കൾ ഓഫീസറുമായി നടത്തിയ ചർച്ചയിൽ നിയമനങ്ങൾ മരവിപ്പിക്കാമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.

അങ്കണവാടികളിൽ വർഷങ്ങളായി ജോലി ചെയ്യുകയും സർക്കാർ നിയോഗിച്ച വിവിധ സർവേകളിലടക്കം  സേവനം അനുഷ്ടിക്കുകയും ചെയ‌്ത ജീവനക്കാരെയാണ് മനുഷ്യത്വരഹിതമായി പിരിച്ചുവിട്ടത്. പിരിച്ചുവിടപ്പെട്ട പലരും ഇനിയൊരു ജോലിക്ക് അപേക്ഷിക്കാൻ പോലും കഴിയാത്തവിധം പ്രായപരിധി കഴിഞ്ഞവരാണ‌്. ഒഴിവുകളിലേക്ക് പുതിയ നിയമനത്തിന് അപേക്ഷ ക്ഷണിക്കുകയും നിലവിൽ ജോലി ചെയ‌്തിരുന്നവർക്ക് ഗ്രേസ് മാർക്ക് നൽകാമെന്ന് വാഗ‌്ദാനം ചെയ‌്ത‌് വഞ്ചിക്കുകയുമായിരുന്നു അധികൃതർ.

എന്നാൽ നഗ്നമായ അഴിമതിയാണ് ഇന്റർവ്യൂ ബോർഡ് രൂപീകരണം മുതൽ ഉണ്ടായത്. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോഴാകട്ടെ അർഹരെല്ലാം പുറത്തായി. ഇന്റർവ്യൂ ബോർഡംഗങ്ങളുടെ ബന്ധുക്കളും പാർശ്വവർത്തികളുമെല്ലാം ആദ്യറാങ്കുകാരായി പട്ടികയിൽ ഇടം നേടി. ഇവർക്ക് ജൂലൈ നാലിന‌് നിയമന ഉത്തരവ് നൽകി ജോലിയിൽ പ്രവേശിപ്പിച്ചു. 

ആലപ്പുഴ നഗരസഭാ ചെയർമാനും യുഡിഎഫ് കൗൺസിലർമാരുമാണ് ജനുവരി, ഫെബ്രുവരി മാസങ്ങളിലായി നടന്ന ഇന്റർവ്യൂവിൽ മാറിമാറി പങ്കെടുത്തത്. പ്രതിപക്ഷ കൗൺസിലർമാരെ പല ദിവസങ്ങളായി നടന്ന ഇന്റർവ്യൂവിൽ പങ്കെടുപ്പിച്ചില്ല. മൂവായിരത്തോളം പേർ ഇൻറർവ്യൂവിൽ പങ്കെടുത്തു. ഇന്റർവ്യൂ ബോർഡിൽ പങ്കെടുത്ത യുഡിഎഫ് കൗൺസിലർമാർ ബന്ധുക്കളെയും തൽപ്പരകക്ഷികളെയും റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുകയായിരുന്നു. 

ഗുരുമന്ദിരം വാർഡിൽ ചിറമുറിക്കൽ രാഖി രണ്ട് അങ്കണവാടികളിലായി 635 ദിവസം ജോലി ചെയ‌്തതാണ്. ഭർത്താവ് ഉപേക്ഷിച്ച രാഖിക്ക‌് കുഞ്ഞുണ്ട‌്.  അങ്കണവാടിയിലെ ജോലിയായിരുന്നു ഏക ആശ്രയം. റാങ്ക് ലിസ്റ്റിൽ രാഖിക്ക് 265‐ാം റാങ്കാണ‌് നൽകിയത‌്.
ഗുരുമന്ദിരം വാർഡിൽ വാടത്തോട്ടുങ്കൽ സിന്ധുവിന്റെ സ്ഥിതിയും വ്യത്യസ്ഥമല്ല. ഭാർത്താവുമായി വേർപിരിഞ്ഞു കഴിയുന്ന സിന്ധു രണ്ടു കുട്ടികളുടെ അമ്മയാണ്. അങ്കണവാടിയിലെ ജോലിയായിരുന്നു ആശ്രയം.സിന്ധുവിനും ജോലി നഷ്ടമായി. ഇരവുകാട് വാർഡിൽ വാലുചിറയിൽ കവിത ഒമ്പത് കൊല്ലമായി അങ്കണവാടി ജീവനക്കാരിയായിരുന്നു. 539 ദിവസം ജോലി ചെയ‌്ത കവിതയ‌്ക്ക‌് റാങ്ക‌് ലിസ്റ്റിൽ 100‐ാം സ്ഥാനം മാത്രം. കവിതയ‌്ക്കും ജോലി നഷ്ടമായി.

656 ദിവസം അങ്കണവാടിയിൽ ജോലി ചെയ്ത അജിതകുമാരിയുടെ റാങ്ക് 256. രഞ്ജിത 2010 മുതൽ 665 ദിവസം ജോലിക്കാരിയായിരുന്നു. റാങ്ക് ലിസ്റ്റിൽ 101‐ാം സ്ഥാനം. 488 ദിവസം ജോലി ചെയ‌്ത അർച്ചനയ്ക്ക് 173‐ാം റാങ്ക് മാത്രം. 372 ദിവസം ജോലി ചെയ്ത ബിജിനിമോൾക്ക് റാങ്ക് 248. ബിനു മോൾ മാത്യു ജോലി ചെയ്തത് 348 ദിവസം. ലിസ്റ്റിൽ സ്ഥാനം 164‐ാമത്. 

നീണ്ട കാലയളവിനിടയിലാണ‌് ഇവരെല്ലാം ഇത്രയും ദിവസം ജോലി ചെയ്തത്. മൂന്നുമാസമാകുമ്പോൾ മാറ്റി നിർത്തുകയായിരുന്നു. പിന്നീട് വീണ്ടും വിളിക്കുന്നതാണ‌് രീതി. 

അഴിമതി ലിസ‌്റ്റിൽ നിന്നും നിയമനം നൽകിയവരെ 31 ന് ശേഷം മാറ്റി നിർത്താമെന്നും ലിസ്റ്റ് മരവിപ്പിക്കാമെന്നുമാണ് ഐസിഡിഎസ് ഓഫീസർ ലേഖ സമരം നടത്തിയവർക്ക‌് ഉറപ്പ് നൽകിയത‌്. സിപിഐ എം ഏരിയ സെക്രട്ടറി വി ബി അശോകൻ, ഒ അഷ‌്റഫ‌്, കെ കെ സുലൈമാൻ എന്നിവരുടെ സാനിധ്യത്തിലായിരുന്നു ചർച്ച‌.  ലിസ്റ്റ് റദ്ദാക്കി അർഹർക്ക് നിയമനം നൽകിയില്ലെങ്കിൽ ശക്തമായ സമരം ആരംഭിക്കുമെന്ന് അങ്കണവാടി വർക്കേഴ്സ് ആൻഡ‌് ഹെൽപ്പേഴ്സ് അസോസിയേഷൻ (സിഐടിയു) ഭാരവാഹികൾ പറഞ്ഞു.

പ്രധാന വാർത്തകൾ
 Top