11 August Thursday
ഗ്രന്ഥശാലാ പ്രവർത്തക സംസ്ഥാന സംഗമം

വ്യാജപ്രചാരണം തിരിച്ചറിയാൻ
മാധ്യമസാക്ഷരത അനിവാര്യം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 14, 2022

ഗ്രന്ഥശാലാ പ്രവർത്തക സംസ്ഥാന സംഗമം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്‌ഘാടനം ചെയ്യുന്നു


തിരുവനന്തപുരം
സത്യാനന്തര കാലത്ത്‌ വ്യാജ പ്രചാരണം തിരിച്ചറിയാൻ സമൂഹത്തിനു മാധ്യമ സാക്ഷരത നൽകാൻ ഗ്രന്ഥശാലകൾക്ക്‌ കഴിയണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇന്നത്തെ കാലത്ത്‌ ഇതിനു വലിയ പ്രാധാന്യമാണുള്ളതെന്നും സംസ്ഥാന ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച ഗ്രന്ഥശാലാ പ്രവർത്തക സംസ്ഥാന സംഗമം ഉദ്‌ഘാടനം ചെയ്‌ത്‌ അദ്ദേഹം പറഞ്ഞു. പുസ്‌തകങ്ങൾ സൂക്ഷിക്കുന്ന ഇടം മാത്രമായി ഗ്രന്ഥശാലകൾ ഒതുങ്ങരുത്‌. ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും മണ്ഡലങ്ങളിൽ പുതിയ വെല്ലുവിളികൾ ഉയർന്നുവന്നിട്ടുണ്ട്‌. കേരളത്തിന്റെ തനതായ കലാസാംസ്‌കാരിക പാരമ്പര്യം ഉയർത്തിപ്പിടിച്ച്‌ ഇത്തരം വെല്ലുവിളികളെ പ്രതിരോധിക്കണം. ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിക്കാട്ടി സമൂഹത്തിൽ ശാസ്‌ത്രബോധവും മതനിരപേക്ഷ ചിന്തകളും വ്യാപിപ്പിക്കണം. ബാലവേദികൾ സജീവമാക്കി വിദ്യാർഥികളിൽ ഒരുമയുടെ സന്ദേശം നിറയ്‌ക്കണം. കേരളത്തെ വൈജ്ഞാനിക സമൂഹമാക്കി മാറ്റുന്നതിൽ ഗ്രന്ഥശാലകൾക്ക്‌ വലിയ പങ്കുവഹിക്കാനാകും.

പുത്തൻ സാങ്കേതിക വിദ്യയുടെ കാലത്ത്‌ വായന മരിക്കുകയല്ല, മാറുകയാണ്‌ ചെയ്യുന്നത്‌. വായനശീലങ്ങളിൽ വലിയ മാറ്റം വന്നിട്ടുണ്ട്‌. പുസ്‌തകങ്ങളുടെ സ്ഥാനത്ത്‌ ഇ ബുക്കുകൾ ഇടംപിടിച്ചിട്ടുണ്ട്‌. എന്നാൽ, അവിടെയും നടക്കുന്നത്‌ വായന തന്നെയാണ്‌. ഇത്‌ തിരിച്ചറിഞ്ഞുള്ള പ്രവർത്തനമാണ്‌ ഗ്രന്ഥശാലകൾ നടത്തേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ വി കുഞ്ഞികൃഷ്ണൻ അധ്യക്ഷനായി. ഗ്രന്ഥശാലാ നവീകരണ രേഖയായ മുന്നേറ്റം ലൈബ്രറി കൗൺസിൽ സെക്രട്ടറി വി കെ മധു അവതരിപ്പിച്ചു. സാഹിത്യ അക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദൻ പ്രഭാഷണം നടത്തി.

ഐ വി ദാസ് പുരസ്‌കാരം കവി കെ സച്ചിദാനന്ദനും കടമ്മനിട്ട പുരസ്‌കാരം സുനിൽ പി ഇളയിടത്തിനും  പി എൻ പണിക്കർ പുരസ്‌കാരം പി അപ്പുക്കുട്ടനും കഥാകാരൻ ടി പത്മനാഭൻ സമ്മാനിച്ചു. ഗ്രന്ഥശാലകൾക്ക് ഏർപ്പെടുത്തിയ മറ്റ് അവാർഡുകളും വേദിയിൽ വിതരണം ചെയ്തു. ബിനോയ് വിശ്വം എംപി, സ്വാഗതസംഘം ജനറൽ കൺവീനർ ബി പി മുരളി എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top