06 August Friday

ഡിവൈഎഫ്‌ഐക്കൊപ്പം 
സ്‌നേഹം വിളമ്പി സണ്ണിവെയ്‌നും

വെബ് ഡെസ്‌ക്‌Updated: Monday Jun 14, 2021


കൊച്ചി
പട്ടിണിക്കാരെയും രോഗികളെയും മുന്നണിപ്പോരാളികളെയും സ്‌നേഹംകൊണ്ട്‌ അന്നമൂട്ടിയ യുവജനക്കരുത്തിന്‌ ഹൃദയാഭിവാദ്യവുമായി നടൻ സണ്ണിവെയ്‌ൻ. 50 ദിവസമായി കൊച്ചി കാനൻഷെഡ് റോഡിലുള്ള സമൂഹ അടുക്കളയിൽനിന്ന് 37,200 ഭക്ഷണപ്പൊതികളാണ് ഡിവൈഎഫ്‌ഐ എറണാകുളം സിറ്റി മേഖലാ കമ്മിറ്റി വിതരണംചെയ്‌തത്‌. നഗരത്തിൽ തെരുവോരങ്ങളിൽ ഉറങ്ങുന്നവർക്കും കോവിഡ് ബാധിതർക്കും ക്വാറന്റൈനിൽ  കഴിയുന്നവർക്കും ആരോഗ്യപ്രവർത്തകർക്കും ഇത്രയും ദിവസം ഭക്ഷണമൊരുക്കിയത്‌ അത്ഭുതമാണെന്നും എല്ലാ ആശംസകളും നേരുന്നതായും ഞായറാഴ്‌ച ഭക്ഷണവിതരണം ഉദ്‌ഘാടനം ചെയ്‌ത്‌ സണ്ണി വെയ്‌ൻ പറഞ്ഞു.

ചെല്ലാനത്തും ഇവിടെനിന്ന്‌ ഭക്ഷണപ്പൊതികൾ എത്തിച്ചിരുന്നു. ജില്ലയുടെ ഓക്സിജൻ വാർ റൂമിലെ ആരോഗ്യപ്രവർത്തകർക്കും 60 ഭക്ഷണപ്പൊതികൾ എത്തിക്കുന്നു. 2500 കിലോ അരി ഉപയോഗിച്ചു. ഏഴുദിവസം ബിരിയാണി നൽകി. പലവ്യഞ്ജനങ്ങളും പച്ചക്കറികളും സംഘടനകളും വ്യക്തികളുമെത്തിച്ചു. ലോക്ക്‌ഡൗണിൽ ജോലിയില്ലാത്ത ഓട്ടോ തൊഴിലാളികൾ, തെരുവോര കച്ചവടക്കാർ എന്നിവരും പ്രവർത്തനങ്ങളിൽ പങ്കാളികളാണ്. ലോക്ക്‌ഡൗൺ തീരുംവരെ ഭക്ഷണവിതരണം തുടരും.

ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം സോളമൻ സിജു, ബ്ലോക്ക്‌ സെക്രട്ടറി അഡ്വ. പി ജെ പോൾസൺ, മേഖലാ സെക്രട്ടറി ഫിറോസ്‌ മുഹമ്മദ്‌, സിപിഐ എം ലോക്കൽ സെക്രട്ടറി എൻ കെ പ്രഭാകര നായിക്‌, ലോക്കൽ കമ്മിറ്റി അംഗം വിനോദ്‌ മാത്യു, പാചകക്കാരൻ എ ടി അജേഷ്‌, മുംതാസ്‌ റിയാസ്‌ എന്നിവരുടെ നേതൃത്വത്തിലാണ്‌ ഭക്ഷണമൊരുക്കുന്നത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top