20 November Wednesday
27 മേൽപ്പാലങ്ങളിൽ 25നും സംസ്ഥാന സർക്കാർ സ്ഥലം ഏറ്റെടുത്ത‌് നൽകും

മേൽപ്പാലം: ചെലവ‌് 877 കോടി; 6 എണ്ണം ടെൻഡർ നടപടികളിലേക്ക‌്

എം വി പ്രദീപ‌്Updated: Saturday Jun 15, 2019


കേരള റെയിൽ ഡെവലപ്മെന്റ‌് കോർപറേഷൻ വിഭാവനംചെയ‌്ത  27 മേൽപ്പാലങ്ങളുടെ നിർമാണത്തിന് ആകെ ചെലവ‌്  877 കോടി രൂപ. ഓരോ മേൽപ്പാലത്തിനും ശരാശരി 30 കോടി രൂപയാണ‌് ചെലവ‌് കണക്കാക്കിയിട്ടുള്ളത‌്. ഇതിൽ പകുതി റെയിൽവേയും പകുതി സംസ്ഥാനവും വഹിക്കും. ആവശ്യമായ ഭൂമി സംസ്ഥാന സർക്കാർ ഏറ്റെടുത്തുനൽകും.

മേൽപ്പാലനിർമാണത്തിന‌് റെയിൽവേയുമായി ധാരണപത്രം ഒപ്പിടുന്നതിന‌്  സംസ്ഥാന മന്ത്രിസഭ അനുമതി നൽകിയതോടെ പദ്ധതിപ്രവർത്തനം വേഗത്തിലായി. ദക്ഷിണ റെയിൽവേ, സംസ്ഥാന സർക്കാർ, റെയിൽവേ മന്ത്രാലയം എന്നിവർ  ചേർന്നാണ‌് ധാരണപത്രം ഒപ്പിടേണ്ടത‌്. തുടർന്ന‌് സംസ്ഥാന സർക്കാർ കേരള റെയിൽ ഡെവല‌പ‌്മെന്റ‌് കോർപറേഷനുമായി (കെ ആർഡിസിഎൽ) കരാറിലേർപ്പെടും.

27 നിർദിഷ്ട മേൽപ്പാലങ്ങളിൽ ആ‌റ‌് എണ്ണത്തിന്റെ ടെൻഡർ നടപടികൾ കെആർഡിസിഎൽ ആരംഭിച്ചു. നാല‌് കമ്പനികളാണ‌്  നിർമാണച്ചുമതല ഏറ്റെടുക്കാൻ സന്നദ്ധരായിട്ടുള്ളത‌്.  പുതുക്കാട‌്–- ഇരിങ്ങാലക്കുട റോഡിൽ പറേക്കാട്ട‌് ഗേറ്റ‌് (പള്ളി ഗേറ്റ‌്), അമ്പലപ്പുഴ–- ഹരിപ്പാട‌് സ‌്റ്റേഷനുകൾക്ക‌് ഇടയിൽ എടത്വ റോഡിലെ ത്രിപ്പകുടം ഗേറ്റ‌്, ഷൊർണൂർ–- നിലമ്പൂർ റോഡ‌് സ‌്റ്റേഷനുകൾക്കിടയിലെ നിലമ്പൂർ യാർഡ‌് ഗേറ്റ‌്,  പറളി–- മങ്കര സ‌്റ്റേഷനുകൾക്കിടയിലെ ലെവൽ ക്രോസ‌് നമ്പർ 164 ഗേറ്റ‌്, കണ്ണൂർ പഴയങ്ങാടി–- പയ്യന്നൂർ സ‌്റ്റേഷനുകൾക്കിടയിലെ ഏഴിമല യാർഡ‌് ഗേറ്റ‌്, തൃശൂർ ഒല്ലൂർ–- പുതുക്കാട‌് സ‌്റ്റേഷനുകൾക്കിടയിലെ ഒല്ലൂർ ഗേറ്റ‌് എന്നിവയുടെ ടെൻഡർ നടപടികളാണ‌് ആരംഭിച്ചത‌്.  ഈ ആറിടങ്ങളിലും ഭൂമി ഏറ്റെടുക്കലിന‌് അധികം സാമ്പത്തികബാധ്യത ഉണ്ടാകില്ല. നാമമാത്രഭൂമി മാത്രമാണ‌് ഏറ്റെടുക്കേണ്ടിവരിക എന്നതിനാലാണിത‌്. 

27 മേൽപ്പാലങ്ങളിൽ 25നും സംസ്ഥാന സർക്കാരാണ‌് സ്ഥലം ഏറ്റെടുത്ത‌് നൽകേണ്ടത‌്. എന്നാൽ,  കണ്ണൂർ–- എടക്കാട‌് സ‌്റ്റേഷനുകൾക്കിടയിലെ താഴെ ചൊവ്വ സ‌്പിന്നിങ് മിൽ ഗേറ്റ‌്, കണ്ണൂർ–- വളപട്ടണം പന്നേൻപാറ ഗേറ്റ‌് എന്നിവിടങ്ങളിൽ പാലങ്ങൾക്ക‌് കണ്ണൂർ സിറ്റി റോഡ‌് ഫണ്ട‌് ബോർഡ‌് സ്ഥലം ഏറ്റെടുത്ത‌് നൽകണം. ഇവർ സ്ഥലം ഏറ്റെടുത്ത‌് നൽകാമെന്ന‌് നേരത്തെ റെയിൽവേയുമായി ധാരണയുണ്ട‌്. പൊതുമരാമത്ത‌്, റവന്യൂ വകുപ്പുകളെ ഏകോപിപ്പിച്ച‌് ഭൂമി ഏറ്റെടുക്കൽ നടപടി സർക്കാർ വേഗത്തിലാക്കും.

മേൽപ്പാലം വരുന്ന മറ്റ‌് 19 റെയിൽവേ ക്രോസുകൾ:  ചേലക്കര ഗേറ്റ‌്, മുളങ്കുന്നത്തുകാവ‌്–- പൂങ്കുന്നം സ‌്റ്റേഷനുകൾക്കിടയിലെ പോട്ടോർ ഗേറ്റ‌്,   കുറപ്പുംതറ–- ഏറ്റുമാനൂർ സ‌്റ്റേഷനുകൾക്കിടയിലെ  കോതനെല്ലൂർ ഗേറ്റ‌്, മാവേലിക്കര റോഡിൽ  കാക്കനാട‌് ഗേറ്റ‌്, കായംകുളം ഓച്ചിറ സ‌്റ്റേഷനുകൾക്കിടയിൽ താമരക്കുളം റോഡിൽ  ഓച്ചിറ രണ്ടാം ഗേറ്റ‌്, കരുനാഗപ്പള്ളി ഒന്നാം ഗേറ്റ‌്, കൊല്ലം–- മയ്യനാട‌് സ‌്റ്റേഷനുകൾക്കിടയിലെ പോളയത്തോട‌് ഗേറ്റ‌്, കടയ‌്ക്കാവൂർ–- മുരുക്കുംപുഴ സ‌്റ്റേഷനുകൾക്കിടയിൽ  അഴൂർ ഗേറ്റ‌്, ഏഴിമല ഗേറ്റ‌്, തലശേരി  ജഗന്നാഥ ടെമ്പിൾ ഗേറ്റ‌്, മുഴപ്പിലങ്ങാട‌് ബീച്ച‌്ഗേറ്റ‌്, ചെറുകര–- ഷൊർണൂർ അങ്ങാടിപ്പുറം ഗേറ്റ‌്, താനൂർ–- പരപ്പനങ്ങാടി ചേരമംഗലം ഗേറ്റ‌്, കോഴിക്കോട‌്  ആറാം ഗേറ്റ‌്, പാപ്പിനിശേരി–- കണ്ണപുരം ചൈനാക്ലേ ഗേറ്റ‌്, കണ്ണപുരം–- പഴയങ്ങാടി കോൺവെന്റ‌് ഗേറ്റ‌്, തൃക്കരിപ്പൂർ ഒളവറ ഗേറ്റ‌്, തൃക്കരിപ്പൂർ രാമവില്യം ഗേറ്റ‌്, മഞ്ചേശ്വരം  ഹൊസങ്കടി ഗേറ്റ‌്

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top