18 July Thursday

നിപാ ഭീതിയൊഴിഞ്ഞു; പനി ബാധിച്ച യുവാവിന്റെ ആരോഗ്യനില തൃപ്തികരമായി തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Friday Jun 14, 2019


സ്വന്തം ലേഖകൻ
നിപാ രോഗബാധയുണ്ടാക്കിയ ആശങ്കകളിൽനിന്ന‌് ജില്ല മുക്തി നേടുന്നു. നിപാ ബാധിച്ച യുവാവിന്റെ ആരോഗ്യനില തൃപ്തികരമായി തുടരുന്നതും മുൻ മാസത്തെ മരണങ്ങളുടെ രേഖകൾ പരിശോധിച്ചതിൽനിന്ന‌് നിപാബാധ സംശയിക്കാവുന്നതൊന്നും കണ്ടെത്താത്തതുമാണ‌്  ആശ്വാസമേകുന്നത‌്.

രോഗിയുമായി സമ്പർക്കം പുലർത്തിയവരുടെ  പട്ടികയിൽനിന്ന‌് നിരീക്ഷണ കാലയളവായ 21 ദിവസം  പൂർത്തിയാക്കിയ 47 പേരെ ഒഴിവാക്കി. നിരീക്ഷണപട്ടികയിലെ അവസാനത്തെ ആളിനും രോഗലക്ഷണം ഇല്ലെന്ന് സ്ഥിരീകരിച്ചശേഷം സംസ്ഥാന സർക്കാർ ഔദ്യോഗിക പ്രഖ്യാപനം നടത്തും.

നിപാ ബാധ സംശയിച്ച‌് എറണാകുളം ഗവ. മെഡിക്കൽ കോളേജ‌് ആശുപത്രിയിൽ കഴിഞ്ഞിരുന്ന രണ്ട് പേരെക്കൂടി ഡിസ്ചാർജ് ചെയ്തു.  നിരീക്ഷണത്തിലുള്ള നാലുപേരുടെയും പരിശോധനാഫലം നെഗറ്റീവാണ്.

ഒരു രോഗിയുടെ രണ്ടാംഘട്ട സാമ്പിൾ പരിശോധനയ്ക്ക് ശേഖരിച്ചു. പരിയാരം മെഡിക്കൽ കോളേജിലുള്ള ഒരു രോഗിയുടെകൂടി സാമ്പിൾ  പരിശോധനയ്ക്ക് എത്തിച്ചിട്ടുണ്ട‌്. 283 പേർകൂടി നിരീക്ഷണത്തിലുണ്ട‌്. ഇതിൽ 52 പേർ ഹൈ റിസ്‌ക് വിഭാഗത്തിലും 231 പേർ ലോ റിസ്‌ക് വിഭാഗത്തിലുമാണ‌്. 21 ദിവസത്തെ നിരീക്ഷണം പൂർത്തിയാകുന്ന മുറയ്ക്ക് ഇവരെ പട്ടികയിൽനിന്ന് ഒഴിവാക്കും.

രോഗിയുമായി സമ്പർക്കത്തിലായവരുടെ നിരീക്ഷണം  ഡിഎംഒയുടെ നേതൃത്വത്തിൽ തുടരും. രോഗപ്രതിരോധ പ്രവർത്തനങ്ങളും കൺട്രോൾ റൂമും തുടരും. ചികിത്സയ‌്ക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കുമായി 11 ദിവസമായി നടന്നുവന്ന കോർ കമ്മിറ്റി കോ–-ഓർഡിനേഷൻ മീറ്റിങ‌്  അവസാനിപ്പിച്ചു.

വൈറസ‌് ബാധയുടെ ഉറവിടം കണ്ടെത്തുന്നതിന്റെ ഭാഗമായി പുണെ വൈറോളജി ഇൻസ‌്റ്റിറ്റ്യൂട്ടിലെ വിദഗ‌്ധരുടെ നേതൃത്വത്തിൽ രോഗിയുടെ വീടിനടുത്ത‌്  തുരുത്തിപ്പുറം, വാവക്കാട് പ്രദേശങ്ങളിൽനിന്ന‌് പഴംതീനി വവ്വാലുകളെ പിടികൂടി സാമ്പിൾ ശേഖരിച്ചു. വലയിൽ കുടുങ്ങിയ 31 വൗവ്വാലുകളിൽ ഒമ്പത‌് എണ്ണത്തെ ജീവനോടെ പൂണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കു കൊണ്ടുപോയി. ബാക്കിയുള്ളവയുടെ സ്രവങ്ങൾ ശേഖരിച്ചശേഷം വിട്ടയച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top