18 July Thursday

തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ‌് പി ജി സൂപ്പർ സ‌്പെഷ്യാലിറ്റിയിൽ 6 സീറ്റ‌് കൂടി

വെബ് ഡെസ്‌ക്‌Updated: Friday Jun 14, 2019


സ്വന്തം ലേഖകൻ
ഗവ. മെഡിക്കൽ കോളേജിലെ ആറ‌് മെഡിക്കൽ പി ജി സൂപ്പർ സ്‌പെഷ്യാലിറ്റി സീറ്റിനു കൂടി എംസിഐ അംഗീകാരം നൽകി.  ഇതോടെ ഇവിടെ ആകെ പി ജി സീറ്റിന്റെ എണ്ണം 279 ആയി. പീഡിയാട്രിക് ന്യൂറോളജി വിഭാഗത്തിൽ രണ്ട‌് സീറ്റും നിയോനെറ്റോളജി (നവജാത ശിശുവിഭാഗം) വിഭാഗത്തിൽ നാല‌് സീറ്റുമാണ് അനുവദിച്ചത്. റീ പ്രൊഡക്ടീവ് മെഡിസിൻ (വന്ധ്യതാ ചികിത്സ) വിഭാഗത്തിൽ സീറ്റുകൾ ലഭിക്കാനുള്ള നടപടിക്രമങ്ങൾ അന്തിമഘട്ടത്തിലാണ്. ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ നിരന്തര ശ്രമഫലമായാണ് ഈ കോഴ്‌സുകൾക്ക‌് അംഗീകാരം ലഭ്യമായത‌്. രാജ്യത്ത‌് ആദ്യമായാണ‌് ഒരു മെഡിക്കൽ കോളേജിൽ പീഡിയാട്രിക് ന്യൂറോളജിയിലെ സൂപ്പർ സ്‌പെഷ്യാലിറ്റി ഡിഗ്രിയായ ഡിഎം പീഡിയാട്രിക് ന്യൂറോളജി ആരംഭിക്കുന്നത്. എയിംസിൽ മാത്രമാണ് ഈ കോഴ്‌സ് നിലവിലുള്ളത്. അതേസമയം, എയിംസിനേക്കാളും പൂർണതോതിലുള്ള ഡിപ്പാർട്ട്‌മെന്റാണ് ഇവിടെയുള്ളത്. 30 വർഷമായി എസ്എടി ആശുപത്രിയിൽ പ്രവർത്തിക്കുന്ന പീഡിയാട്രിക് ന്യൂറോളജി വിഭാഗത്തിലാണ് കോഴ്‌സ് തുടങ്ങുന്നത്.

എല്ലാതരത്തിലുമുള്ള ന്യൂറോളജി രോഗങ്ങൾക്കും അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സയും സർക്കാരിന്റെ വിവിധ പദ്ധതികളിലൂടെ മൂന്നുമുതൽ അഞ്ചുലക്ഷംവരെ ചെലവുവരുന്ന ചികിത്സയും തികച്ചും സൗജന്യമായാണ് ചെയ്യുന്നത്.  രാജ്യത്ത‌് ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി, ഇലക്‌ട്രോ ഫിസിയോളജി പരിശോധനകൾ തുടങ്ങിയവയെല്ലാം ഒരു കുടക്കീഴിൽ ലഭിക്കുന്ന ഒരേയൊരു ഡിപ്പാർട്ട്‌മെന്റുകൂടിയാണിത്. പീഡിയാട്രിക്, മെഡിസിൻ എന്നിവയിൽ എംഡി ഉള്ളവർക്ക് കോഴ്‌സിൽ ചേരാം.

സംസ്ഥാനത്ത‌്  രണ്ടാമത്തെയും സർക്കാർ തലത്തിൽ ആദ്യത്തേയുമായാണ് ഡിഎം നിയോനെറ്റോളജിയിൽ സീറ്റ് ലഭിക്കുന്നത്. എസ്എടി ആശുപത്രിയിലെ നവജാതശിശു വിഭാഗത്തിലാണ്  നാല‌് സൂപ്പർ സ്‌പെഷ്യാലിറ്റി സീറ്റ‌് ലഭിച്ചത്. 2015ൽ നവജാത ശിശുവിഭാഗം ആരംഭിച്ചെങ്കിലും ഇപ്പോഴാണ് പി ജി സീറ്റുകൾക്ക് അംഗീകാരം ലഭിക്കുന്നത‌്. ജനനംമുതൽ 28 ദിവസം വരെയുള്ള കുഞ്ഞുങ്ങളെയാണ് നവജാതശിശു വിഭാഗത്തിൽ ചികിത്സിക്കുന്നത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top