22 October Tuesday

അപ്പർ കുട്ടനാട്ടിൽ 500 വീടുകൾ വെള്ളത്തിനടിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jun 14, 2018


മാന്നാർ
കാലവർഷം ശക്തമായതോടെ മാന്നാർ, ചെന്നിത്തല, പാണ്ടനാട്, പുലിയൂർ, ബുധനൂർ  പഞ്ചായത്തുകളിൽ വെള്ളപ്പൊക്കം രൂക്ഷമായി പമ്പാനദിയും അച്ചൻകോവിലാറും കരകവിഞ്ഞതോടെ 500 ഓളം വീടുകൾ വെള്ളത്തിനടിയിലായി.

   മാന്നാറിന്റെ പടിഞ്ഞാറൻ മേഖലയായ പാവുക്കര വൈദ്യൻ കോളനിയും ഇടത്തേ കോളനിയും സമീപ പ്രദേശങ്ങളും വെള്ളത്തിനടിയിലായി. താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെളളം കയറി. രാവിലെ അരയടി മാത്രമുണ്ടായിരുന്ന വെള്ളം സന്ധ്യയോടെ രണ്ടടിയോളമായി  ഉയർന്നു. ഇനിയും വെള്ളത്തിന്റെ വരവ‌് കൂടുമെന്ന ഭീതിയിലാണ‌് പ്രദേശവാസികൾ.

ഈ ഭാഗത്തുള്ള കൃഷിയിടങ്ങളിലെല്ലാം പൂർണമായും വെള്ളം കയറി.   മാന്നാർ പാവുക്കര വള്ളക്കാലി റോഡിനോടു ചേർന്ന‌് വെളളമെത്തി നിൽക്കുകയാണ്. ഇവിടെ നിർമാണത്തിലിരുന്ന കലുങ്കിനു മുകളിലൂടെയാണു വെള്ളമൊഴുകി പാടത്തേക്കു പോകുന്നത്. ചിലയിടത്തു വെള്ളം ഒഴുകിപ്പോകാതെ കെട്ടിക്കിടക്കുന്നു. പമ്പയിൽ നിന്നു തെക്കോട്ട് ഒഴുകുന്ന ഇലമ്പനം തോട് കരകവിഞ്ഞ‌് മേൽ പുരയിടങ്ങളിലേക്ക് വെള്ളം കയറി. ഈ മേഖലയിൽ കൃഷി നാശവും വ്യാപകമാണ്.

   വാഴ, കപ്പ കൃഷിയിടങ്ങളാണ് പ്രധാനമായും വെള്ളം കയറി നശിച്ചത്. ഓണ വിപണിയെ ലക്ഷ്യമാക്കിയുള്ള കൃഷിയായിരുന്നു ഇവയിലേറെയും. ചേറ്റാളപ്പറമ്പിൽ കോളനിയിലെ മിക്ക വാഴ കൃഷിയിടങ്ങളും വെള്ളത്തിലായി.

  പാവുക്കരയിലെ ജലറാണി വെപ്പുവള്ളത്തിന്റെ നിർമാണം നടക്കുന്ന വള്ളപ്പുരയിലും വെള്ളം കയറി. വള്ളത്തിന്റെ പണികൾ നിർത്തിവച്ചു. അച്ചൻകോവിലാറു കരകവിഞ്ഞ് ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിന്റെ തെക്കു പടിഞ്ഞാറെൻ മേഖല പൂർണമായും വെള്ളത്തിലായി.  കാരിക്കുഴി, ദ്വീപ്, ഈഴക്കടവ്, ചിത്തിരപുരം, മുണ്ടുവേലിക്കടവ്, അടുക്കളപ്പുറം, വാഴക്കൂട്ടംകടവ്, നാമങ്കേരി,  ഇഞ്ചക്കത്തറ, കുരയ്ക്കാലാർ, പറയങ്കേരി, ചില്ലിത്തുരുത്ത്, സ്വാമിത്തറ, വള്ളാംകടവ്,  എന്നീ ഭാഗങ്ങളിലുള്ള വീടുകളിലും ഇടറോഡുകളിലും വെളളം കയറി.   ഇലഞ്ഞിമേൽ‐ഹരിപ്പാട് പാതയിലെ പറയങ്കേരി റോഡിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. ചെന്നിത്തല കല്ലുംമൂടിനു പടിഞ്ഞാറ് നിർമാണത്തിലിരിക്കുന്ന തോട്ടുങ്കര കലുങ്കിനു സമീപം ഒഴുകിയെത്തിയ മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നതിനാൽ പരിസരമാകെ ദുർഗന്ധം പൂരിതമാണ്. കുട്ടമ്പേരൂർ ആറ് കടന്നുപോകുന്ന ചെറുകോൽ, ചേങ്കര, ഉളുന്തി, പുറന്തട, കടമ്പൂര് എന്നിവിടങ്ങളിലും വെള്ളം കയറി ജനജീവിതം ദുഷ്കരമായി.

കുട്ടനാട്ടിൽ തുരുത്തുകൾ ഒറ്റപ്പെട്ടു
മങ്കൊമ്പ്
കലങ്ങി മറിഞ്ഞ കിഴക്കൻ വെള്ളത്തിന്റെ കുത്തൊഴുക്കിൽ  കുട്ടനാട്ടിലെ തുരുത്തുകൾ ഒറ്റപ്പെടുന്നു.  കൈനകരിയിലെ തുരുത്തുകളിലെ വീടുകളിൽ എല്ലാം വെള്ളംകയറിയതിനെ തുടർന്ന് ഇവിടെ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കണമെന്ന്  ബുധനാഴ‌്ച ചേർന്ന പഞ്ചായത്ത് ദുരന്തനിവാരണ സമിതി യോഗം കളക‌്ടറോടു ആവശ്യപ്പെട്ടു. കൃഷി വകുപ്പിന്റെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥയെ തുടർന്ന് ആർ ബ്ലോക്കിൽ നടപ്പാക്കിയ പദ്ധതികൾ മുടങ്ങിയതിനാൽ ഏതാനും ദിവസത്തിനുളളിൽ ഇവിടം വെള്ളത്തിൽ മുങ്ങും. റോഡിൽ വെള്ളം കയറിയതോടെ മുട്ടാർ പൂർണമായും ഒറ്റപ്പെട്ടു.   എസിറോഡിൽ മനയ‌്ക്കച്ചിറ, പൂവം, ഒന്നാംപാലം, മാമ്പുഴക്കരി, രാമങ്കരി, മങ്കൊമ്പ‌് എന്നിവിടങ്ങളിൽ വെള്ളം കയറിതോടെ ഗതാഗതം ബുദ്ധിമുട്ടിലായി.  കാവാലം കൃഷ‌്ണപുരം റോഡും പള്ളിക്കൂട്ടുമ്മ പുളിങ്കുന്ന് റോഡ്, വേഴപ്ര എടത്വ, മങ്കൊമ്പ് വികാസ് മാർഗ് റോഡ് തുടങ്ങിയ റോഡുകൾ വെളളത്തിലാണ്. പുളിങ്കുന്ന് പഞ്ചായത്തിലെ ഒന്നാം വാർഡിൽ പുത്തനാറായിരം മതി കായൽ പാടശേഖരങ്ങളുടെ പുറംബണ്ടിൽ താമസിക്കുന്ന 110 ഓളം വീടുകൾ വെള്ളപ്പൊക്ക ഭീഷിണിയിലാണ്. രണ്ടാം വാർഡിലെ പുത്തൻതുരുത്ത്, 13, 14 വാർഡുകളിലെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിലായി.


 ദിവസേന മുന്നൂറിന് മേൽ ആളുകൾ ചികിത്സ തേടിയെത്തുന്ന പുളിങ്കുന്നിലെ താലൂക്കാശുപത്രി പരിസരം പൂർണമായി വെള്ളത്തിൽ മുങ്ങി.  ഏറെ ബുദ്ധിമുട്ടിയാണ് രോഗികൾ ഇവിടെയെത്തുന്നത‌്.  പുളിങ്കുന്ന് വില്ലേജ് ഓഫീസിനുള്ളിൽ വെള്ളം കയറി.  വെള്ളപൊക്കത്തെ  തുടർന്ന് ഭൂരിഭാഗം കോളനികളും വെളളത്തിൽ മുങ്ങി. നീലംപേരൂർ പഞ്ചായത്തിലെ എ സി കോളനികളായ മൂക്കോടി, മുണ്ടകപാടം, കരിക്കുഴി, വാലടി, വെളിയനാട് പഞ്ചായത്തിലെ കിടങ്ങറ പുതുവൽ കോളനി, പുളിങ്കുന്ന് പഞ്ചായത്തിലെ ആറുപതിൻചിറ കോളനി, രാമങ്കരി പഞ്ചായത്തിൽ കുഴിക്കാല, വേഴപ്ര, മുട്ടാർ പഞ്ചായത്തിലെ കുടിയനടി കോളനിയിലെ 50 ഓളം വീടുകളിൽ വെള്ളം കയറി.  മിത്രമഠം, കണ്ണംമാലി  കോളനികളും വെള്ളത്തിലാണ്. വെള്ളംപൊക്കം രൂക്ഷമായപ്പോൾ  മഴക്കാല പൂർവ ശുചീകരണ പ്രവർത്തനത്തിന്റെ ഡ്രൈഡേ ആചരിക്കാനുള്ള പുളിങ്കുന്ന‌് പഞ്ചായത്ത‌് കമ്മിറ്റിയുടെ തീരുമാനം പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട‌്.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top