കൊച്ചി
തൃക്കാക്കരയുടെ ഹൃദയം ഡോക്ടർക്കൊപ്പമാണെന്ന് വ്യക്തമാക്കുന്ന നിമിഷങ്ങളാണ് വെള്ളിയാഴ്ച തൃക്കാക്കരക്കാർ എൽഡിഎഫ് സ്ഥാനാർഥി ഡോ. ജോ ജോസഫിന് സമ്മാനിച്ചത്. പൂക്കൾ നൽകിയും കൈപിടിച്ചും ചേർന്നുനിന്നും ആശംസകൾ നേർന്നും അവർ സ്ഥാനാർഥിക്കൊപ്പം നിന്നു. വാഹനത്തിലിരുന്ന് കൈയുയർത്തിയും ആശംസകൾ ഉറക്കെ വിളിച്ചുപറഞ്ഞും വണ്ടി നിർത്തി സംസാരിച്ചും സ്നേഹം പ്രകടിപ്പിച്ചവർ നിരവധി. മികച്ച ഡോക്ടറായിരിക്കുമ്പോൾത്തന്നെ പൊതുപ്രവർത്തകൻകൂടിയായ ഡോക്ടറോട് ആരാധന തുറന്നുപറഞ്ഞവരും കുറവല്ല.
സ്ഥാനാർഥിയെത്തുന്നുവെന്നറിഞ്ഞ് വഴിയരികിലും വീട്ടുമുറ്റങ്ങളിലും സ്ത്രീകളും കുട്ടികളുമടക്കം കാത്തുനിന്നു. ഓരോ പ്രദേശത്തും എൽഡിഎഫ് പ്രവർത്തകർ സ്വീകരിച്ചു. പലയിടത്തും ഡോ. ജോ ജോസഫ് ചികിത്സിക്കുന്ന ഒരാളെങ്കിലും അദ്ദേഹത്തിന് ആശംസകൾ നേരാനെത്തിയിരുന്നു.
തൃക്കാക്കര നഗരസഭയിലെ മാലിന്യങ്ങൾ ശേഖരിക്കുന്ന നാൻസിയും തങ്കയും സൗമ്യയും റോഡരികിൽ വണ്ടി നിർത്തിയാണ് വിജയമാശംസിച്ചത്. ‘ഉറപ്പാണ് ഡോക്ടറെ...’ എന്ന അവരുടെ വാക്കുകൾ തൃക്കാക്കരയുടെ മനസ്സാണ്. സീറോ വേസ്റ്റ് തൃക്കാക്കര യാഥാർഥ്യമാക്കാൻ ഡോക്ടറും കൂടെയുണ്ടാകണമെന്ന് അവർ ആവശ്യപ്പെട്ടു. എല്ലാം നമ്മളൊന്നിച്ച് ശരിയാക്കുമെന്ന് ഡോക്ടറുടെ മറുപടി.
കാക്കനാട് പാട്ടുപുരയ്ക്കലിൽ സ്ഥാനാർഥിയെ സ്വീകരിക്കാൻ കുട്ടികൾക്കൊപ്പം തൊണ്ണൂറ്റിമൂന്നുകാരി കുഞ്ഞിക്കാളിയും എൺപത്തിമൂന്നുകാരി മറിയയും വീട്ടുമുറ്റത്തെ പൂക്കളുമായി കാത്തിരിപ്പുണ്ടായിരുന്നു. അവർ സമ്മാനിച്ച പൂക്കൾ വാങ്ങി, അവരുടെ കസേരയ്ക്ക് താഴെയിരുന്നപ്പോൾ ഇരുവരും ഡോ. ജോ ജോസഫിനെ തലയിൽ കൈവച്ച് അനുഗ്രഹിച്ചു.
കാക്കനാട് കുസുമഗിരി മാനസികാരോഗ്യകേന്ദ്രത്തിലെത്തിയ സ്ഥാനാർഥിയെ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ടെൽമ സഹപ്രവർത്തകരെ പരിചയപ്പെടുത്തി. ഭാര്യ ഡോ. ദയ പാസ്കൽ സൈക്യാട്രിസ്റ്റാണെന്നും അതുകൊണ്ടുതന്നെ നിങ്ങൾ ചെയ്യുന്ന പ്രവർത്തിയുടെ മഹത്വം നല്ലവണ്ണം അറിയാമെന്ന് സ്ഥാനാർഥി അവരോട് പറഞ്ഞു. സിസ്റ്റർ ടെൽമ, സിസ്റ്റർ ജെസിയ, സിസ്റ്റർ മെഴ്സിലിൻ എന്നിവർക്ക് ഡോ. ജോ ജോസഫെഴുതിയ ‘ഹൃദയപൂർവം ഡോക്ടർ' സമ്മാനിച്ചു.
ചിറ്റേത്തുകര ജുമാ മസ്ജിദ് ഖത്തീബ് മുഹമ്മദ് ബിലാൽ അഹ്സരിയോടും നിസ്കാരം കഴിഞ്ഞിറങ്ങുന്നവരോടും തെരഞ്ഞെടുപ്പ് വിശേഷങ്ങൾ പങ്കുവച്ച് വോട്ടഭ്യർഥിച്ചു. വെള്ളി രാവിലെ ആറരയോടെ കാക്കനാട് നവോദയയിൽനിന്നാണ് പര്യടനം ആരംഭിച്ചത്. കുഴിക്കാല, വല്യാട്ടുമുകൾ, മനയ്ക്കക്കടവ്, ഇടച്ചിറ, കുസുമഗിരി, അത്താണി, കാക്കനാട്, നിലംപതിഞ്ഞമുകൾ, ചിറ്റേത്തുകര എന്നിവിടങ്ങളിലായിരുന്നു ഉച്ചവരെ പര്യടനം. സിറോ മലബാർ സഭ ആസ്ഥാനകാര്യാലയം, സെൻട്രൽ വെയർഹൗസ് എന്നിവിടങ്ങൾ സന്ദർശിച്ചു. വൈറ്റില മൊബിലിറ്റി ഹബ്, മെട്രോ സ്റ്റേഷൻ, ഹബ് പരിസരത്തെ കടകൾ എന്നിവിടങ്ങളിൽ ഉച്ചയ്ക്കുശേഷം വോട്ടഭ്യർഥിച്ചു. എംഎൽഎമാരായ എച്ച് സലാം, കെ പി കുഞ്ഞഹമ്മദ് കുട്ടി എന്നിവരും പര്യടനത്തിന്റെ ഭാഗമായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..